മാഗിക്ക് തിരിച്ചടിയുമായി ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സ്

മുംബൈ : ഇന്ത്യയിലെ ന്യൂഡില്‍സ് ഭീമന്മാര്‍ക്ക് തിരിച്ചടിയുമായി ബാബാ രാംദേവ്. പതഞ്ജലി എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്താന്‍ പോകുന്ന ന്യൂഡില്‍സ് വിലയിലും ഗുണമേന്മയിലും മറ്റു ബ്രാന്‍ഡുകളെക്കാള്‍ മികച്ചു നില്‍ക്കുന്നുവെന്നാണ് രാംദേവിന്റെ അവകാശവാദം.

ഗുണമേന്മയിലുണ്ടായ ആരോപണങ്ങളെത്തുടര്‍ന്ന് വില്‍പ്പന നിരോധനം നേരിട്ട മാഗ്ഗി ന്യൂഡില്‍സ് വീണ്ടും വിപണിയിലേക്ക് തിരിച്ചു വരാനൊരുങ്ങവെയാണ് വിലയിലും ഗുണമേന്മയിലും വലിയ വാഗ്ദാനങ്ങള്‍ നല്‍കി പതഞ്ജലി ബ്രാന്‍ഡിന്റെ വരവ്.

പൂര്‍ണമായും വെജിറ്റേറിയന്‍ ആട്ട കൊണ്ടു നിര്‍മ്മിക്കുന്ന പതഞ്ജലി ന്യൂഡില്‍സിന് മാഗിയെക്കളും 30% വിലക്കുറവുണ്ടാകുമെന്നാണ് ഇപ്പോഴുള്ള സൂചന. 70 ഗ്രാം പതഞ്ജലി ആട്ട ന്യൂഡില്‍സിന് 15 രൂപയായിരിക്കും ഈടാക്കുക. 80 ഗ്രാം മാഗ്ഗി ന്യൂഡില്‍സിന് 25 രൂപയാണ് ഉണ്ടായിരുന്നത്. മാഗി ബ്രാന്‍ഡിന് മാര്‍ക്കറ്റിലെത്താനുള്ള ഹൈക്കോടതി വിധി ഉണ്ടാവുന്നതിനു മുന്‍പേ വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ ന്യൂഡില്‍സ് വിപണിയിലിറക്കാനാണ് നിലവിലെ തീരുമാനം. പതഞ്ജലി വിപണിയിലിറക്കാനുളള എല്ലാ സുരക്ഷാ കടമ്പകളും കടന്നുവെന്നാണ് യൂണിറ്റിന്റെ വാദം. ആദിത്യ പിറ്റി സിഇഒ ആയിട്ടുള്ള പിറ്റി ഗ്രൂപ്പാണ് ഇന്ത്യയില്‍ പതഞ്ജലിയുടെ മാര്‍ക്കറ്റിങ് യൂണിറ്റ്.

കുറഞ്ഞ വിലയല്ല ഉത്പന്നങ്ങളുടെ വിപണി നിശ്ചയിക്കുന്നതെന്നാണ് നെസ് ലെ എംഡി സുരേഷ് നാരായണന്‍ ഇതിനോട് പ്രതികരിച്ചത്. മാര്‍ക്കറ്റ് കീഴടക്കി ലാഭം കൊയ്യലല്ല, ഉപഭോക്താക്കളുടെ സംതൃപ്തിയാണ് പതഞ്ജലിയുടെ ലക്ഷ്യമെന്നാണ് പിറ്റി ഗ്രൂപ്പ് പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top