ചരിത്രം രചിച്ച് പെയ്‌സ്: യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പെയ്‌സ്-ഹിംഗിസ് സഖ്യത്തിന്

ന്യുയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഇതോടെ ഓപ്പണ്‍ ടെന്നീസ് യുഗത്തില്‍ ഏറ്റവും കൂടുതല്‍ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയതിന്റെ റെക്കോര്‍ഡ് പെയ്‌സ് സ്വന്തം പേരില്‍ കുറിച്ചു.

നാലാം സീഡായ പെയ്‌സ്-ഹിംഗിസ് സഖ്യം സീഡ് ചെയ്യപ്പെടാത്ത അമേരിക്കന്‍ ജോഡി ബെതാനി മാറ്റെക് സാന്‍ഡ്‌സ്-സാം ക്വെറി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 3-6, 10-7. ഇതുവരും ചേര്‍ന്ന് ഈ സീസണില്‍ നേടുന്ന മൂന്നാമത്തെ പ്രമുഖ കിരീടമാണിത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും ഇരുവരും സ്വന്തം പേരില്‍ കുറിച്ചിരുന്നു. 1969ന് ശേഷം ഒരേ സഖ്യം തന്നെ മൂന്ന് ഗ്രാന്‍ഡ് സ്ലാം മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ നേടുന്നത് ഇതാദ്യമായാണ്.

നാല്‍പ്പത്തിരണ്ടുകാരനായ പെയ്‌സ് ഇതുവരെ ഒന്‍പത് ഗ്രാന്‍സ് സ്ലാം മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മുന്‍ പങ്കാളി മഹേഷ് ഭൂപതിയുടെ എട്ട് കിരീടത്തിന്റെ റെക്കോര്‍ഡാണ് പെയ്‌സ് തകര്‍ത്തത്. പത്ത് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയ ഇതിഹാസതാരം മാര്‍ട്ടിന നവരത്‌ലോവ മാത്രമാണ് ഇനി പെയ്‌സിന് മുന്നിലുള്ളത്. നവരത്‌ലോവയുടെ പത്ത് കിരീടനേട്ടങ്ങളില്‍ രണ്ടെണ്ണത്തില്‍ പെയ്‌സ് തന്നെയായിരുന്നു പങ്കാളി.

DONT MISS
Top