സഹോദരിയെ തോല്‍പ്പിച്ച് സെറീന വില്യംസ് യുഎസ് ഓപ്പണ്‍ സെമിയില്‍

സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ച് സെറീന വില്യംസ് യുഎസ് ഓപ്പണിന്റെ സെമിയിലെത്തി. ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലാദെനോവിച്ചിനെ തോല്‍പ്പിച്ച ഇറ്റലിയുടെ റോബര്‍ട്ട വിഞ്ചിയാണ് സെമിയില്‍ സെറീനയുടെ എതിരാളി. പുരുഷ സിംഗിള്‍സിലെ ആദ്യ സെമിയില്‍ നൊവാക് ദ്യോക്കോവിച്ച് മരീന്‍ ചിലിക്കിനെ നേരിടും.

തിങ്ങിനിറഞ്ഞ ആര്‍തര്‍ അഷെ സ്റ്റേഡിയത്തില്‍ സഹോദരിമാര്‍ ഏറ്റുമുട്ടിയപ്പോള്‍ അപ്രതീക്ഷിത ഫലമുണ്ടായില്ല. അനുജത്തി സെറീന തന്നെ വിജയിയായി തിരികെ കയറി. ആദ്യ സെറ്റ് 6-2ന് നേടിയ സെറീനക്ക് രണ്ടാം സെറ്റ് 6-1ന് നഷ്ടമായി. മൂന്നാം സെറ്റ് 6-3ന് സ്വന്തമാക്കിയാണ് മൂത്ത സഹോദരിയെ സെറീന മടക്കി അയച്ചത്.

താന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും കടുത്ത എതിരാളി ചേച്ചിയാണെന്നായിരുന്നു മത്സരശേഷമുള്ള സെറീനയുടെ പ്രതികരണം. ഫ്രാന്‍സിന്റെ ക്രിസ്റ്റീനാ മ്ലാദെനോവിച്ചിനെ 6-3, 5-7, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ച ഇറ്റലിയുടെ റോബര്‍ട്ടാ വിഞ്ചിയാണ് സെമിയിലെ സെറീനയുടെ എതിരാളി. സ്പാനിഷ് താരം ഫെലിഷ്യാനോ ലോപ്പസിനെ 4 സെറ്റുകളിലാണ് നൊവാക് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. രണ്ടാം സെറ്റ് 3-6ന് നഷ്ടപ്പെടുത്തിയ ദ്യോക്കോ നാലാം സെറ്റ് ടൈ ബ്രേക്കറിലാണ് സ്വന്തമാക്കിയത്. ഫ്രഞ്ച് താരം വില്‍ഫ്രഡ് സോംഗയെ 5 സെറ്റ് നീണ്ട മത്സരത്തില്‍ തോല്‍പ്പിച്ചാണ് ക്രൊയേഷ്യയുടെ മരീന്‍ ചിലിക്ക് സെമിയിലെത്തിയത്.

DONT MISS
Top