ചരിത്രമുറങ്ങുന്ന ദൗലത്താബാദിലേയ്ക്ക്‌ ഒരു യാത്ര

nimishaസമകാലിക കാഴ്ചകളെ ആകാംക്ഷയോടെ അറിയാൻ ശ്രമിക്കുന്ന ഏതൊരു യാത്രയും മനസ്സിൽ പെയ്തിറങ്ങുന്നത്‌ നല്ല ഓർമ്മകളായാണ്. തിരക്കുകൾക്കിടയിൽ അപ്രതീക്ഷിതമായി വീണുകിട്ടിയ യാത്രയുടെ ഒരോ നിമിഷവും ആസ്വദിക്കുക എന്നതിനുമപ്പുറം ചരിത്രമുറങ്ങുന്ന ദൗലത്താബാദിലേയ്ക്ക്‌ യാത്ര തിരിക്കുമ്പോൾ ചരിത്രാന്വേഷിയുടെ കൗതുകമോ ആവേശമോ ലവലേശം ഇല്ലായിരുന്നു എന്ന് നിസംശയം പറയാം. മഴയും മഞ്ഞും ഇടകലർന്ന് പെയ്യുന്ന പുലരിയിൽ പൂനെയിൽ നിന്നും നാസിക്‌ വഴി ഔറംഗാബാദിലേയ്ക്ക്‌.ഇരുവശവും പച്ചപട്ടണിഞ്ഞു നിൽക്കുന്ന ചതുരംഗ പാടങ്ങൾ. അങ്ങിങ്ങായി തണലു വിരിച്ചു നിൽക്കുന്ന വേപ്പിൻ മരങ്ങൾ .ഗ്രാമീണതയുടെ നിത്യവസന്തമാണു ഇന്നും എന്നും മറാഠി ഗ്രാമങ്ങൾ സമ്മാനിക്കുന്നത്‌. ഓറംഗബാദിൽ നിന്നും പതിനാലു കിലോമീറ്ററോളം ദൂരമുണ്ട്‌ ദൗലത്താബാദിലേയ്ക്ക്‌. ഇവിടേയ്ക്കുള്ള ഒരോ യാത്രകളും സമ്മാനിക്കുക പുതിയ കാഴ്ച്ചകളും പുത്തൻ ഉണർവ്വുകളും ആണ് . അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന നഗരം. മുൻ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ദൗലത്താബാദിന്റെ മുഖഛായ തന്നെ മാറിയിട്ടുണ്ട്‌. യാദവരുടെ നാടായ ദേവഗിരിയാണു തുഗ്ലക്കിന്റെ കാലത്ത്‌ ചരിത്ര നഗരമായ ദൗലത്താബാദ്‌ ആയി മാറിയത്‌. അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളും പിന്നിട്ട്‌ മഴ നനഞ്ഞ്‌ തിളങ്ങിക്കിടക്കുന്ന റോഡിലൂടെ ദൗലത്താബാദ്‌ കോട്ടയ്ക്ക്‌ അരികിലേയ്ക്ക്‌. ദൂരെനിന്നേ കാണാം ഉയർന്നു നിൽക്കുന്ന കോട്ടമതിലും ഉള്ളിലായി പച്ച വിരിച്ചു നിൽക്കുന്ന കുന്നും തലയുയർത്തി നിൽക്കുന്ന ചാന്ദ്മിനാറും എല്ലാം. ശക്തമായ പ്രധിരോധമാർഗ്ഗങ്ങൾ അവലംബിച്ചാണു കോട്ടയുടെ ഒരോ ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത്‌ എന്ന് പുറം കാഴ്ച്ചകളിൽ നിന്നേ വ്യക്തം. ഇരുവശവും കൊത്തിവെച്ചിരിക്കുന്ന ഗജശിൽപങ്ങളുടെ നടുവിലൂടെകോട്ടയ്ക്ക്‌ ഉള്ളിലേയ്ക്ക്‌- മണ്മറഞ്ഞ സാമ്രാജ്യ ,ചരിത്ര കഥകളുടെ പൊരുളറിയാൻ. തടിയിൽ നിർമ്മിച്ച പടുകൂറ്റൻ വാതിലുകളിൽ നിരയൊപ്പിച്ച്‌ അഗ്രം കൂർത്ത ഇരുമ്പുകുറ്റികൾ ഘടിപ്പിച്ചിരിക്കുന്നു. അലങ്കാരത്തിനുമപ്പുറം അത്‌ ഒരു പ്രധിരോധമാർഗ്ഗമായിട്ടാണു ചെയ്തിരിക്കുന്നത്‌ എന്നു വേണം കരുതാൻ.ശത്രുക്കളിൽ നിന്നും ആന കുതിര തുടങ്ങിയ മൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുള്ള ആദ്യ പ്രതിരോധ മാർഗ്ഗം കൂടിയാണിത്‌. കോട്ടയ്ക്ക്‌ അകത്തേയ്ക്കുള്ള വഴികളും ശത്രുക്കളുടെ യാത്ര ദുഷ്കരമാക്കും വിധം പലതിരിവുകളോടും കൂടിയതാണു. സഞ്ചാരികളുടെ തിരക്കു നിയന്ത്രിക്കുവാനായി സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക വേലിയും പിന്നിട്ട്‌ ഉള്ളിലെത്തിയാൽ വിശാലമായ അങ്കണം.മനോഹരമായി നിർമ്മിച്ചിരിക്കുന്ന അറകളിൽ പ്രദർശ്ശിപ്പിച്ചിരിക്കുന്ന പീരങ്കികൾ.ഔറംഗസീബിന്റെ കാലത്താണു ഇവിടെ ആദ്യമായി പീരങ്കികൾ കൊണ്ടുവന്നത്‌ എന്നു കരുതുന്നു. പടയാളികളുടെ വിശ്രമസ്ഥലങ്ങളായി അകലെനിന്നും വരുന്ന ആളുകളെ കാണാൻ സാധിക്കും വിധം ക്രമീകരിച്ചിരിക്കുന്ന കൽഗോപുരങ്ങൾ. കുതിരാലയങ്ങൽ ,അങ്ങിങ്ങായി ചുവരുകളിൽ കൊത്തിവെച്ചിരിക്കുന്ന ശിൽപങ്ങൾ. എല്ലോറയിലെ പ്രസിദ്ധമായ കൈലാസനാഥ ക്ഷേത്രവും ഈ കോട്ടയും ഏകദേശം ഒരേ കാലയളവിലെ നിർമ്മിതിൽ ആണെന്നു വിലയിരുത്തപ്പെടുന്നു . മറ്റുകോട്ടകളിൽ നിന്നും ദൗലത്തബാദ്‌ കോട്ടയെ വ്യത്യസ്തമാക്കുന്നത്‌ ദേവഗിരികുന്നുകളുടെ മുകളിലും താഴെയുമായി രണ്ടുഭാഗങ്ങളായാണു കോട്ട സ്ഥിതിചെയ്യുന്നത്‌ എന്നതാണു. മഹാകോട്ട്‌ ,അംബർ കോട്ട്‌ ,കാലകോട്ട്‌ എന്നിങ്ങനെ അറിയപ്പെടുന്ന താഴ്ഭാഗവും അന്ധേരിയും ഹിൽപാലസും ഉൾപ്പെടുന്ന മുകൾഭാഗവും.

daulatabad1

യാദവരിൽ നിന്നും കൈവിട്ട്‌ ഖിൽജിയിലേക്കും തുഗ്ലക്കിലേക്കും ശേഷം അസാം വംശജരിലൂടെ മറാത്തി രാജവംശത്തിന്റെ കൈകളിൽ എത്തപ്പെട്ട കോട്ടയിൽ ഒരോ കാലഘട്ടത്തിനും അനുസൃതമായി വന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സൂചനകളും കാണാം.വിദേശികളും സ്വദേശികളും അടക്കം സഞ്ചാരികളുടെ തിരക്ക്‌ സാധാരണയിലും കൂടുതൽ ആണ് . അധികവും സ്കൂൾ കുട്ടികൾ. മിക്കവരും ചിത്രങ്ങൾ പകർത്തുന്നതിൽ വ്യാപൃതരായിരിക്കുന്നു. സെൽഫി ഭ്രമം ബാധിച്ച്‌ ഓടി നടക്കുന്ന കുട്ടികൾ പരിസരം മറന്ന് ഒച്ചപ്പാടുണ്ടാക്കുന്നു.കുസൃതി അതിരുവിടുന്നു എന്ന നിർദ്ദേശം ആകും ഇടയ്ക്ക്‌ സെക്യൂരിറ്റി അവരെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നുണ്ട്‌. കാലപ്പഴക്കത്താൽ ചിലഭാഗങ്ങളൊക്കെ നശിച്ചിട്ടുണ്ട്‌. സന്ദർശ്ശകരെ സ്ഥിരം കാണുന്നതുകൊണ്ടാവാം ഭയമേതുമില്ലാതെ വിശാലമായ അങ്കണത്തിലും ഇടനാഴിയിലും കൂട്ടം കൂടിയിരിക്കുന്ന കുരങ്ങന്മാർ. കാഴ്ച്ചകൾ ആസ്വദിച്ച്‌ നടന്നെത്തിയത്‌ ടവർ ഓഫ്‌ വിക്ടറി എന്നറിയപ്പെടുന്ന ചാന്ദ്‌മിനാറിനു അടുത്താണു. സെഞ്ചൂറിയൻ വിക്ടറിയുടെ ഭാഗമായി ബഹാമിനിയുടെ കാലഘട്ടത്തിൽ പണികഴിപ്പിച്ചതാണു ഇത്‌ എന്ന് പറയപ്പെടുന്നു. കാഴ്ച്ചയിൽ കുത്തബ്മിനാറിനെ അനുസ്മരിപ്പിക്കുന്ന ചാന്ദ്മിനാർ ഇന്ത്യയിലെ രണ്ടാമത്തെ ഉയരംകൂടിയ ടവർ ആണു. ഏകദേശം 110 അടി ഉയരത്തിലായി സ്ഥിതിചെയ്യുന്ന മിനാറിനു മൂന്ന് തലങ്ങളിലായി ഉയര കാഴ്ച്ചകൾ ആസ്വദിക്കാനുതകും വണ്ണം ബാൽക്കണികൾ ഉണ്ട്‌. ദൗർഭാഗ്യകരമെന്നു പറയട്ടേ. യാത്രികർക്ക്‌ ഇപ്പോൾ ഉള്ളിലേയ്ക്ക്‌ പ്രവേശനം അനുവദനീയമല്ല. തിളങ്ങുന്ന പേർഷ്യൻ ടൈ ൽസ്‌ കൊണ്ട്‌ അലംങ്കൃതമായ ഇതിന്റെ മുകൾ ഭാഗത്തായി ചന്ദ്രക്കലയും കലശവും സ്ഥാപിച്ചിരിക്കുന്നു. അംബർ കോട്ടിന്റെ ഭാഗമായി ഹാത്തി ഹൗഡ്‌ എന്നറിയപ്പെടുന്ന വലിയകുളം . അകത്തേയ്ക്ക്‌ ഇറങ്ങുവാൻ തക്കവിധം വശങ്ങളിൽ പടികൾ നിർമ്മിച്ചിട്ടുണ്ട്‌. കിടങ്ങുകളിലേക്കും മറ്റും വെള്ളം നിറയ്ക്കുവാൻ ഇത്തരം പടുകൂറ്റൻ ജലസംഭരണികൾ ഇവിടെയുണ്ട്‌.  അവിടെനിന്നും പടികളിറങ്ങിയെത്തിയത്‌ കാല കോട്ടിലേയ്ക്ക്‌. പേരു പോലെ തന്നെ ശത്രുവിന്റെ മരണം ഉറപ്പാക്കും വിധം പ്രതിരോധ സംവിധാനങ്ങളാൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കോട്ടയുടെ ഭാഗം. പ്രധാന കവാടവും കടന്ന് ഉള്ളിലെത്തിയാൽ ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്ന വലിയ ചീന ഭരണി. പണ്ടുകാലത്ത്‌ ശത്രുക്കളെ അപായപ്പെടുത്തുവാൻ തിളച്ച എണ്ണ സംഭരിച്ചിരുന്നത്‌ ഇതിലാണത്രെ. ആവേശം കൊണ്ട്‌ ഭരണിയുടെ ഉള്ളിലേയ്ക്ക്‌ തലയിട്ടു നോക്കിയെങ്കിലും പിന്നീട്‌ അത്‌ വേണ്ടിയിരുന്നില്ല എന്ന് തോന്നി. ഈർപ്പവും ഇരുട്ടും എല്ലാംകൂടിച്ചേർന്ന് വല്ലാത്തൊരു ദുർഗ്ഗന്ധം. ഒന്നുരണ്ട്‌ മിനിറ്റ്‌ എടുത്തു യാത്രയുടെ ആവേശത്തിലേയ്ക്ക്‌ തിരികെയെത്താൻ.  പ്രത്യേക രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന പടിക്കെട്ടുകൾ കയറി മുകളിലേയ്ക്ക്‌. സാധാരണയിൽ നിന്നും വ്യത്യസ്തമായി പല വീതിയിലും ഉയരത്തിലുമാണു ഒരോ ചവുട്ടുപടികളും നിർമ്മിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഓടിക്കയറുക അസാധ്യമാണു.അൽപം ഒന്നു ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ മൂക്കുംകുത്തി താഴെവീഴുമെന്ന സത്യം കുറച്ചു വൈകിയാണേലും ബോധ്യപ്പെട്ടു.

daulatabad5

ചീനിമഹൽ ആണു ലക്ഷ്യം .ചൈന ക്ലേടൈൽ കൊണ്ട്‌ നിർമ്മിച്ചിരിക്കുന്നതിനാലാണു ആ പേരു വരാൻ കാരണം എന്നു പറയപ്പെടുന്നു. ഔറംഗസീബിന്റെ കാലത്ത്‌ ഇവിടം ശത്രു രാജ്യത്തെ രാജാക്കന്മാർക്കുള്ള തടവറ ആയിട്ടാണു ഉപയോഗിച്ചിരുന്നത്‌. ഗോൽക്കണ്ട സുൽത്താൻ താന ശാഹയും ബിജാപ്പൂരെ സുൽത്താനുമൊക്കെ കാലങ്ങളോളം തടവിൽ കഴിഞ്ഞത്‌ ഇവിടെയാണു. ഹസൻ താന ശാഹയുടെ അന്ത്യവും ഇവിടെ വെച്ചായിരുന്നിവത്രേ. പുൽത്തകിടികളും അരികിലായി നിരയൊപ്പിച്ച്‌ വെട്ടിനിർത്തിയിരിക്കുന്ന പുൽതകിടികളും പിന്നിട്ട്‌ എത്തിയത്‌ തലയുയർത്തിപ്പിടിച്ചിരിക്കുന്ന ഒരു കൽഗൊപുരത്തിനു മുകളിൽ. ചുറ്റിനും പല ഭാഗങ്ങളും തകർന്നു തുടങ്ങിയതിന്റെ അവശിഷ്ടങ്ങൾ കാണാം. ഏറ്റവും ഉയരത്തിലായി കാട്ട്‌ ആടിന്റെ മുഖ രൂപം ഉള്ള വലിയ പീരങ്കി സ്ഥാപിച്ചിരിക്കുന്നു. ഏകദേശം 17 അടി നീളവും 40 ടൺ ഭാരവും ഇതിനുണ്ട്‌ എന്നാണു കരുതപ്പെടുന്നത്‌. ഒരു കോട്ടയെ തന്നെ തകർക്കുവാൻ പ്രാപ്തമായ ഈ പീരങ്കി വശങ്ങളിലേക്ക്‌ തിരിയ്ക്കുവാൻ സാഷിക്കും വിധം ആണു ക്രമീകരിച്ചിരിക്കുന്നത്‌. മറുവശത്തായി ഖുറാൻ ലിഖിതങ്ങളും കൊത്തിവെച്ചിട്ടുണ്ട്‌.  ദൗലത്താബാദ്‌ കോട്ടയുടെ വിശാലദൃശ്യം തന്നെ ഇവിടെ നിന്നാൽ കാണാം. അംബരചുംബിയായ മലനിരകളും കോട്ടയുടെ ചുറ്റുമതിൽകെട്ടുകളും നടന്നു നീങ്ങിയ വഴിത്താരകളും തലയെടുപ്പോടെ നിൽക്കുന്ന ചാന്ദ്‌മിനാറും എല്ലാം കാഴ്ച്ചകളിൽ നിറയുന്നു. ഇടയ്ക്കിടെ തൊട്ടു തലൊടിയകലുന്ന കാറ്റിനു അൽപം കൂടി ശക്തി കൂടിയിട്ടുണ്ട്‌. വെയിലറ്റ്‌ ഉരുകിയവസാനിക്കുമെന്നു തോന്നി തുടങ്ങുന്നിടത്തുനിന്നും മന്ദമാരുതൻ സൂര്യന്റെ കത്തുന്ന ചൂടിനെ ഊതി തണുപ്പിച്ചുകൊണ്ടേയിരിക്കുന്നു. പ്രകൃതിയുടെ സ്വാന്തനം. അതേ ഇതും ഒരു കരുതൽ ആണു. വീശിയടിക്കുന്ന തണുത്തകാറ്റും നൂലുമഴയുമൊക്കെ എന്നും യാത്രകളെ കൂടുതൽ പ്രിയങ്കരമാക്കും. വീണ്ടും പടികൾ ഇറങ്ങി താഴേയ്ക്ക്‌. ആരെയും ഒന്നു ആശയക്കുഴപ്പത്തിൽ ആക്കും വിധം ചുറ്റിത്തിരിഞ്ഞാണു ഇവിടുത്തെ വഴികൾ അധികവും. കോട്ടയുടെ പ്രധാനഭാഗത്തേയ്ക്കുള്ള വഴിയരുകിൽ എത്തിച്ചേർന്നു. കരിങ്കൽ കോട്ടയ്ക്ക്‌ ചുറ്റും ആഴമേറിയ കിടങ്ങ്‌.ഉള്ളിൽ തളം കെട്ടിക്കിടക്കുന്ന പായൽ പിടിച്ച തനി ‘പച്ച’ വെള്ളം. പണ്ടുകാലത്ത്‌ ഈ കിടങ്ങുകളിൽ നിറയെ മുതലകളെ വളാർത്തിയിരുന്നുവത്രേ. സഞ്ചാരികൾക്ക്ക്‌ കോട്ടയ്ക്ക്‌ ഉള്ളിലേയ്ക്ക്‌ കടക്കുവാൻ കിടങ്ങിനു കുറുകെ തടിയിലും ഇരുമ്പിലുമായി ഒരു പാലം നിർമ്മിച്ചിട്ടുണ്ട്‌. സാമ്രാജ്യത്വ കാലത്ത്‌ കോട്ടയ്ക്ക്‌ അകത്തുനിന്നും ഉള്ളിലേയ്ക്ക്‌ ആവിശ്യാനുസരണം വലിച്ചു മാറ്റാമായിരുന്ന തുകൽ കൊണ്ട്‌ നിർമ്മിച്ച പാലം ആയിരുന്നുവത്രേ ഉപയൊഗിച്ചിരുന്നത്‌.

daulatabad4

മിനുസമുള്ള പാറയിൽ കൊത്തിയെടുത്ത ഗുഹാ മുഖവും പിന്നിട്ട്‌ അന്ധാരിയിലേക്ക്‌. ഇരുട്ട്‌ നിറഞ്ഞ ഒരു ടണലിലൂടെയാണു ഇനിയുള്ള യാത്ര. മൊബൈലിന്റെ നേരിയ വെളിച്ചത്തിൽ ഇരുട്ടിനെ ഭേദിച്ച്‌ വളഞ്ഞു പുളഞ്ഞു കിടക്കുന്ന പടികൾ കയറി മുകളിലേയ്ക്ക്‌. ചിലയിടങ്ങളിൽ വഴികൾ പലഭാഗങ്ങളിലേയ്ക്ക്‌ തിരിയുന്നത്‌ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തിയത്‌. വവ്വാലിന്റെ ദുർഗ്ഗന്ധം വമിക്കുന്ന അന്തരീക്ഷം.ഇടയ്ക്കിടെ ചെറു ശീൽക്കാരങ്ങളും കേൾക്കാം. ഒരു മാത്രപോലും നിഴല്വെട്ടം കടന്നുവരാത്ത ഈ വഴിയിലൂടെയുള്ള യാത്ര ശത്രുക്കൾക്ക്‌ പീഡനാനുഭവങ്ങൾ നിറഞ്ഞതായിരുന്നുവെന്നു നിസംശയം പറയാം.വഴി തെറ്റിയാൽ ചെന്നു വീഴുന്നത്‌ ചെറിയ വാതായനങ്ങളിലൂടെ മുതലകൾ ഉള്ള കിടങ്ങിലേയ്ക്ക്‌. ഭാഗ്യം ഇപ്പോൾ അവയെല്ലാം ഗ്രിൽ ഇട്ടു ബന്ധിച്ചിരിക്കുകയാണും എത്ര ആസൂത്രിതമായിട്ടാണു ഒരോ ചെറിയ വാതിലുകൾ പോലും പണിതീർത്തിരിക്കുന്നത്‌. കൈവരികളിൽ പിടിച്ച്‌ മുകളിലേയ്ക്ക്‌. ഇടയ്ക്ക്‌ ആരൊക്കെയോ തട്ടി വീഴുന്നതിന്റെയും പിടിച്ച്‌ എഴുന്നേൽപ്പിക്കുന്മതിന്റെയും ഒച്ച കേൾക്കാം. മുകളിൽ എത്തിയിട്ടും കുറച്ചുരം അന്ധകാരം തന്നെ. വെയിലിന്റെ ആധിക്യം അതിന്റെ തോത്‌ കൂട്ടി എന്നു വേണേൽ പറയാം. ഇടയ്ക്ക്‌ തഴുകിയകലുന്ന കാറ്റ്‌ മാത്രമാണു ഏക ആശ്വാസം. ഹിൽഫോർട്ടിനൊട്‌ ചേർന്ന് ചെറിയൊരു ഗണപതി ക്ഷേത്രം. ദേവഗിരിയിലെ ആദ്യകാല പ്രതിഷ്ഠകളുടെ കൂട്ടത്തിൽ പെടുന്നതാണു ഇതും. കാലഘട്ടത്തിനനുസരിച്ചു വന്ന പരിഷ്കരണത്തിൽ പെട്ട്‌ നശിച്ചു പോകാതെ അത്‌ ഇന്നും നിലനിൽക്കുന്നു. മുകളിലേയ്ക്ക്‌ തിരക്കു കുറവാണു അന്ധേരിയിലൂടെ ഉള്ള യാത്രയും വവ്വാലിന്റെ ദുർഗ്ഗന്ധവും ആയിരിക്കാം കാരണം. സാധാരണയിൽ നിന്നു വ്യത്യസ്തമായി പഴമയുടെ ഗന്ധം പൂർണ്ണമായി നഷ്ടപ്പെടുത്താതെ ഒരു ഗുഹാക്ഷേത്രം മിനുക്ക്‌ പണികൾ ചെൂത്‌ നവീകരിച്ചിട്ടുണ്ട്‌. ഭാരതാംബയാണത്രെ ഇവിടെ പ്രധാന പ്രതിഷ്ഠ. ദേവഗിരി കോട്ട ദേവി വിരൽതുമ്പിൽ താങ്ങി നിർത്തുന്നു എന്നാനു ഐതിഹ്യം. കാറ്റിന്റെ കുളിർമ്മയിൽ ദൗലത്താബാധിന്റെ കഴ്ച്ചകൾ ആസ്വദിച്ച്‌ അൽപനേരം കൂടി അവിടെ ചിലവഴിച്ചു. ചരിത്രത്തിന്റെ ഏടുകളിൽ ഔറംഗബാദ്‌ ഇതിഹാസത്തിന്റെ ദേശം തന്നെ.

DONT MISS
Top