രൂപ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ചൈനീസ് യുവാന്റെ വിനിമയ മൂല്യം കുറച്ചതിനെ തുടര്‍ന്ന് രൂപ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക്. വളര്‍ച്ചാ നിരക്ക് 25 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയതിനെ തുടര്‍ന്ന് കയറ്റുമതി ഉയര്‍ത്തി പ്രതിസന്ധി മറികടക്കാനാണ് ചൈനീസ് സെന്‍ട്രല്‍ ബാങ്ക് ഇന്നലെ കറന്‍സിയുടെ മൂല്യം 1.9 ശതമാനം കുറച്ചത്. യുവാന്റെ മൂല്യം കുറഞ്ഞത് ഇന്ത്യയുടെ കയറ്റുമതി ഇടിയാന്‍ കാരണമാകും.

വളര്‍ച്ചാ നിരക്കില്‍ 24 വര്‍ഷത്തെ താഴ്ച്ചയിലായ ചൈനീസ് സമ്പദ് വ്യവസ്ഥയെ കയറ്റുമതി ഏതു വിധേനയും ഉയര്‍ത്തി വളര്‍ച്ചയുടെ പാതയിലേക്ക് തിരികെ എത്തിക്കാനാണ് കറന്‍സിയുടെ മൂല്യം 2 ശതമാനത്തോളം കുറക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ചൈന തീരുമാനിച്ചത്. 1994 ന് ശേഷമാണ് ചൈന കറന്‍സിയുടെ വിനിമയ മൂല്യം കുറക്കുന്നത്.

യുവാന്റെ മൂല്യം 3 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് നിക്ഷേപവും വ്യാപാരവും കയറ്റുമതിയും ഉയര്‍ത്തുമെന്നാണ് ചൈനയുടെ പ്രതീക്ഷ. എന്നാല്‍ ചൈനീസ് യുവാന്റെ മൂല്യത്തകര്‍ച്ച ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് മൂന്ന് തരത്തിലുള്ള ആഘാതമേല്‍പ്പിക്കും. ഒന്നാമതായി ഇന്ത്യന്‍ രൂപയുടെ മൂല്യം ശക്തമായി ഇടിയും. യുവാന്റെ മൂല്യത്തകര്‍ച്ച ഡോളര്‍ വീണ്ടും ശക്തിപ്പെടാന്‍ കാരണമാകും. ഇതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകാന്‍ കാരണം. ചൈനീസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം വന്നതോടെ രൂപ ഡോളറിനെതിരെ 65 എന്ന നിലവാരത്തിലേക്ക് പതിക്കുകയാണ്. ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. രണ്ടാമതായി ചൈനയുടെ കയറ്റുമതി ഉയരുന്നത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കും. കുറഞ്ഞ വില കൊടുത്ത് ചൈനയില്‍ നിന്നും സാധനം വാങ്ങാമെന്ന സ്ഥിതിയെത്തിയതോടെ ഇന്ത്യന്‍ കമ്പനികളുടെ ഉത്പന്നങ്ങളുടെ ഡിമാന്റ് കുറയുകയും ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള വിപണിയില്‍ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യും. ഇതു കൂടാതെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണികള്‍ ഇടിയുന്നതിനും യുവാന്റെ മൂല്യമിടിക്കല്‍ നടപടി കാരണമാകുകയാണ്.

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ഇന്നലെ മുതല്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോള വിപണികളിലെല്ലാം ഇന്നും ഇടിവ് തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചൈനയുടെ നടപടി ഫലത്തില്‍ അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top