ഭരണകൂടത്തിന്റെ ഒത്താശയോടെ നിയമങ്ങള്‍ ലംഘിച്ച് വനത്തിനുള്ളില്‍ പാറമടയുടെ പ്രവര്‍ത്തനം

പത്തനംതിട്ട: ഭരണകൂടത്തിന്റെ സഹായത്തോടെ സകല നിയമങ്ങളും ലംഘിച്ചൊരു പാറമട. പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയായ ചിറ്റാറില്‍ പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റാ പാറമടയാണ് വനത്തിനുള്ളില്‍ പാറമട പ്രവര്‍ത്തിക്കരുതെന്ന ചട്ടം മറികടന്ന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാറപൊട്ടിച്ചു കടത്തുന്നത്. ഒരു പ്രമുഖ ടിവി ചാനലിന്റെ ഡയറക്ടറുടെതാണ് ഈ പാറമട.

പാവപ്പെട്ടവന്‍ വീട് വയ്ക്കാനായി 5 സെന്റ് ഭൂമിയും വാങ്ങി ചെന്നാല്‍ വനമേഖലയാണെന്നും, അതിലോല പ്രദേശമൊന്നുമൊക്കെ പറഞ്ഞ് ഓടിക്കുന്ന ഉദ്യോഗസ്ഥരുടെയും, സര്‍ക്കാരിന്റെയും മുന്നില്‍ തന്നെയാണ് പത്തനംതിട്ട ചിറ്റാറില്‍ ഈ പാറമടയും പ്രവര്‍ത്തിക്കുന്നത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് പാറമടയുടെ പ്രവര്‍ത്തനം. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമായ ശബരിമല വനത്തിനുള്ളില്‍ എങ്ങനെ ഒരു പാറമട പ്രവര്‍ത്തിക്കുന്നു എന്നത് ഒന്നാമത്തെ ചോദ്യം. ഇങ്ങനെ ഒരു പാറമടയ്ക്ക് എങ്ങനെ പാരിസ്ഥിതികാനുമതി ലഭിച്ചു എന്നത് രണ്ടാമത്തെയും. പക്ഷെ ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കില്ല എന്ന് നാട്ടുകാര്‍ക്കും അറിയാം. ഗതി കെട്ട അവസ്ഥയിലായത് കൊണ്ട് അവരും പലതും തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചാനലിന്റെ ഡയറക്ടറായ ഡെല്‍റ്റാ തോമസാണ് പാറമടയുടെ ഉടമ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അടക്കമുള്ളവരുമായുള്ള ബന്ധവും,പാറമടയുടെ നിയമലംഘനങ്ങളെ സാധൂകരിക്കാനായി ഉപയോഗിക്കുന്നു എന്ന് വ്യക്തം. ഇത് തന്നെയാവാം പാറമടയ്‌ക്കെതിരെ പോയ ഒരു പരാതിയിന്മേമലും നടപടി ഉണ്ടാവാത്തതും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ പാറയുടെ കരാറും ഈയാള്‍ക്ക് തന്നെയാണ് ലഭിക്കാന്‍ പോവുന്നതെന്ന വിവരവും, ഈ പാറമടക്കാരന്റെ ഉന്നത ബന്ധങ്ങള്‍ക്ക് തെളിവാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top