ലഹരിവിമുക്ത സന്ദേശവുമായി ഇന്ത്യ മുഴുവന്‍ ബൈക്കില്‍ സഞ്ചരിച്ച് ബോധവത്കരണം

ലഹരിവിമുക്ത സന്ദേശവുമായി ഇന്ത്യ മുഴുവന്‍ ബൈക്കില്‍ സഞ്ചരിച്ച് ബോധവത്കരണം നടത്തിയ ഡോക്ടര്‍ക്ക് നാടിന്റെ ആദരം. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജനറല്‍ സര്‍ജന്‍ ഡോ.റോബിന്‍സണ്‍ പി ജോര്‍ജ്ജാണ് ഇന്ത്യന്‍ പര്യടനം പൂര്‍ത്തിയാക്കിയത്. ലഹരിമുക്ത ഇന്ത്യയെന്ന മുദ്രവാക്യവുമായി ഇരുപത്തഞ്ച് ദിവസം കൊണ്ട് 8700 കിലോമീറ്റര്‍ സഞ്ചരിച്ചുകൊണ്ടായിരുന്നു ഡോക്ടറുടെ ബോധവത്കരണം.

സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായ മയക്കുമരുന്നിനെതിരെ യുവാക്കളെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യമായിരുന്നു കഴിഞ്ഞ മാസം ഇരുപതാം തിയതി ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഡോ. റോബിന്‍സണിന്റെ മനസിലുണ്ടായിരുന്നത്. ഇരുപത്തിയഞ്ചുദിവസവും എണ്ണായിരത്തിയെഴുന്നൂറ് കിലോമീറ്ററിനുമിപ്പുറം തിരികെ നാട്ടിലെത്തിയപ്പോള്‍ ലക്ഷ്യം ഏറെക്കുറേ അദ്ദേഹം നിറവേറ്റിക്കഴിഞ്ഞു. രാവും പകലുമുള്ള ബുള്ളറ്റ് യാത്രക്കും ബോധവത്കരണത്തിനുമിടെ ഒരു മണിക്കൂര്‍ മാത്രമായിരുന്നു വിശ്രമം. മയക്കുമരുന്നിന് അടിമകളായ ഒട്ടനവധി പേരെ കണ്ടു, അനുഭവങ്ങള്‍ കേട്ടറിഞ്ഞു. തെരുവുകളില്‍ ബോധവത്കരണം നടത്തി. ലഹരി ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു.

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ പ്രൗഡഗംഭീരമായ സ്വീകരണമാണ് ഡോക്ടര്‍ക്കായി ഒരുക്കിയിരുന്നത്. സ്വീകരണത്തിനുള്ള മറുപടിയില്‍ തന്റെ യാത്രാ വിവരണം ഡോക്ടര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു. ഇടുക്കി ജില്ലയിലെ ആദിവാസിക്കുടികളിലേക്കാണ് ഇദ്ദേഹത്തിന്റെ അടുത്തയാത്ര. ഇവിടെ മാരകരോഗങ്ങളാല്‍ നരകിക്കുന്നവരെ നേരില്‍ കാണുകയും ചികിത്സക്കുള്ള സൗകര്യങ്ങളൊരുക്കുകയുമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് റോബിന്‍സണ്‍ വ്യക്തമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top