പകര്‍ച്ചപ്പനിയില്‍ തൃശൂര്‍ വിറയ്ക്കുന്നു

പകര്‍ച്ച പനിയുടെ പിടിയില്‍ തൃശൂര്‍ ജില്ല വിറക്കുന്നു. കരിമ്പനിക്കും തക്കാളിപ്പനിക്കും പിന്നാലെ ചെള്ളുപനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചേലക്കരക്കടുത്തുള്ള എളനാട് പ്രദേശത്തെ മധ്യവയസ്‌കനിലാണ് ചെള്ളുപനി കണ്ടെത്തിയത്. എച്ച് 1 എന്‍ 1, ഡെങ്കിപ്പനി എന്നിവയുടെ സജീവസാന്നിധ്യവും ഇപ്പോള്‍ ജില്ലയിലുണ്ട്.

കേട്ടുകേള്‍വി മാത്രമുള്ള പകര്‍ച്ചപ്പനികളുടെ ഉറവിടമായി തൃശൂര്‍ മാറിയിരിക്കുന്നു. മുള്ളൂര്‍ക്കരയിലെ കരിമ്പനിക്ക് പിന്നാലെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത തക്കാളിപ്പനിയും ചെള്ളുപനിയും ജില്ലയില്‍ ഭയപ്പാടുണ്ടാക്കിയിരിക്കുകയാണ്. ചേലക്കര എളനാട് സ്വദേശിയായ അറുപത് കാരിയിലാണ് ചെള്ളുപനി കണ്ടെത്തിയിരിക്കുന്നത്. കടുത്ത പനിയെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട്
മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് രക്തപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എലികളുടെ ശരീരത്തിലെ ചെള്ളുകളിലുള്ള ലാര്‍വ്വ മനുഷ്യനെ കടിച്ചാലാണ് രോഗം പടരുക. ലാര്‍വ്വ കടിച്ച ഭാഗത്ത് പൊള്ളിയതിനു സമാനമായുള്ള പാടുകളുമുണ്ടാകും. കടുത്ത ശരീര വേദന, തളര്‍ച്ച, വിറയല്‍ എന്നിവയാണ് ചെള്ളുപനിയുടെ ലക്ഷണങ്ങള്‍. പുല്ലുവെട്ട് തൊഴിലാളിയായ ഇവര്‍ക്ക് പണിയിടത്തില്‍ നിന്ന് രോഗം പടര്‍ന്നതാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. തക്കസമയത്ത് ചികിത്സ ലഭ്യമാക്കിയതിനാല്‍ സ്ഥിതി അപകടകരമല്ലെന്നും അധികൃതര്‍ പറയുന്നു. മേഖലയില്‍ പനി പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം എച്ച് വണ്‍ എന്‍ വണ്ണും ഡെങ്കിപ്പനിയും ജില്ലയില്‍ പടര്‍ന്ന് പിടിക്കുകയാണ്. തീരമേഖലയില്‍ മഞ്ഞപ്പിത്തവും വ്യാപകമായിട്ടുണ്ട്. ഒരാഴ്ചക്കിടെ പകര്‍ച്ചപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ എണ്ണം ആയിരത്തിയഞ്ഞൂറിലധികമാണ്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ അഭാവവും മാലിന്യനീക്കത്തിന്റെ സ്തംഭനവുമാണ് ജില്ലയെ ഭീതിയിലാഴ്ത്തുന്ന പകര്‍ച്ചവ്യാധികളിലേക്ക് നയിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. അതേസമയം കരിമ്പനി റിപ്പോര്‍ട്ട് ചെയ്ത മുള്ളൂര്‍ക്കര എടപ്പാറ കോളനിയില്‍ കേന്ദ്രസംഘം വെള്ളിയാഴ്ച സന്ദര്‍ശനം നടത്തും.

[jwplayer mediaid=”182894″]

DONT MISS
Top