പ്രണയ നഗരത്തിലെ പ്രണയ താഴുകള്‍ ഇനി ഓര്‍മ്മ

പാരീസ്: പ്രണയ നഗരത്തിൽ ഇനി ആർക്കും പ്രണയം പൂട്ടി ഉറപ്പിക്കാനാവില്ലെന്ന് റിപ്പോർട്ട്. ഉറപ്പുള്ള പ്രണയം അടയാളപ്പെടുത്താൻ ഫ്രാൻസുകാരും ആഗോള സഞ്ചാരികളും തങ്ങളുടെപേരെഴുതി പൂട്ടിയിരുന്ന താഴുകള്‍ പാലത്തിൽ ഇനി ഉപയോഗിക്കാൻ പാടില്ലെന്ന് നഗര സഭ തീരുമാനിച്ചതാണ് പ്രണയിതാക്കൾക്ക് തിരിച്ചടിയായത്.

ഒന്നും രണ്ടുമല്ല , ചുരുങ്ങിയ കാലം കൊണ്ട് ഏഴ് ലക്ഷം പൂട്ടുകളാണ് പാരീസ് നഗരത്തിലെ പോണ്ട് ദിസ് ആർട്ട് എന്ന പാലത്തിന്റെ കൈവരികളിൽ തുങ്ങി ആടിയത്. പാരിസ് നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളും സ്വദേശികളും അവരവരുടെ പ്രണയം ഉറപ്പുള്ളതാണെന്നും അത് ഒരിക്കലും തകരില്ലെന്നും ശപഥം ചെയ്യും. പിന്നെ ശപഥത്തിന്റെ ഓർമ്മയ്ക്കായി പാലത്തിന്റെ കൈവരികളിൽ താഴുകൾ ചാർത്തും. താഴിട്ട് പ്രണയം പൂട്ടിയ ശേഷം കമിതാക്കൾ താക്കേൽ കൂട്ടം സീൻ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയും. കുറച്ച് കാലം മുമ്പാണ് പാലത്തിലെ ഈ പൂട്ടൽ പ്രണയം ആരംഭിച്ചതെങ്കിലും സംഗതി ലോകം മുഴുവൻ അറിയുകയും പാലം കാണാനും പ്രണയത്തെ പൂട്ടി ഭദ്രമാക്കാനും ലോകം അങ്ങോട്ടേക്ക് ഒഴികിയെത്തി.

ഒടുവിൽ പൂട്ടൂകളുടെ ഭാരം താങ്ങാനാവാതെ പാലത്തിന്റെ കൈവരികളിലൊന്ന് തകർന്നു. കൂടാതെ സീൻ നദി താക്കോൽ കൂട്ടങ്ങളിൽ തടഞ്ഞ് ഒഴുക്ക് മറന്നു. ഇതോടെയാണ് പാലത്തെയും നദിയേയും സംരക്ഷിക്കാൻ അധികൃതർ മുന്നോട്ട് വന്നത്, പാലം പുതുക്കിപ്പണിത് സംരക്ഷിക്കാനും നദിയിൽ നിന്ന് താക്കോൽ കൂട്ടം കോരി മാറ്റാനുമാണ് തീരുമാനം. ഏഴ് ലക്ഷത്തിലധികം പൂട്ടുകൾ പാലത്തിൽ വീണതോടെ മൂന്ന് വമ്പൻ ട്രക്കുകൽ എല്ലാനേരവും പാലത്തിലൂടെ കടന്നു പോകുന്ന അത്രതന്നെ ഭാരമാണ് പാലത്തിന് താങ്ങേണ്ടി വരുന്നതെന്നാണ് അധികൃതരുടെ വാദം. ഇത് പാലത്തിന്റെ ബലക്ഷയത്തിനും ദുരന്തത്തിനും കാരണമാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. നിലവിലെ പാലത്തിൽ ഇനി പ്രണയപ്പൂട്ട് ഇടാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ പാരീസ് നഗരത്തിലെ മറ്റ് ചില പാലങ്ങളിൽ പൂട്ടുകള്‍ നിരന്ന് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

DONT MISS
Top