സര്‍വ്വസമ്മതമാകുന്ന ‘പ്രേമം’

29-1432883423-premam-movie-review-1ആസ്വാദനത്തെ മാത്രം മുന്‍നിര്‍ത്തി നേരവും കാലവും കണ്ടറിഞ്ഞൊരുക്കിയ സിനിമയായിരുന്നു നേരം. പ്രേമം എന്ന രണ്ടാമത്തെ ചിത്രത്തിലെത്തുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളെ കയ്യിലെടുക്കാനുള്ള ആഖ്യാനകൗശലവുമായി എത്തിയിരിക്കുന്നു അല്‍ഫോണ്‍സ് പുത്രന്‍. ഗൃഹാതുരതയെന്ന പഴമയെയും പ്രണയമെന്ന ജനപ്രിയ ചേരുവയെയും അഴകോടെ നവീകരിച്ചൊരുക്കിയപ്പോള്‍ ജനപ്രിയ സിനിമകളിലെ സമീപകാല മികവാകുന്നു പ്രേമം. പകര്‍പ്പുകളും പഴഞ്ചേരുവകളും പതിവാക്കിയവര്‍ക്കിയവര്‍ക്കൊപ്പമെത്തുന്ന സിനിമകളില്‍ നിന്നുള്ള മോചനവുമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ ശൈലിയെ പ്രേക്ഷകര്‍ ഇനിയും പ്രണയിക്കും. നിവിന്‍ പോളി എന്ന താരത്തിനൊപ്പമെത്തുന്ന സിനിമകള്‍ക്ക് തുടര്‍ന്നും ആള്‍ത്തിരക്കേറും.

നല്ല നേരം ചീത്ത നേരം എന്ന ദ്വന്ദ്വത്തില്‍ പ്രേമത്തെയും കുറ്റകൃത്യത്തെയും സമീപിച്ച ചിത്രമായിരുന്നു നേരം. പ്രേമം ഒരാളുടെ പതിനെട്ടിനും മുപ്പതിനുമിടയിലുള്ള ജീവിതത്തിലെ പ്രണയത്തെയും വ്യക്തിനിര്‍മ്മാണത്തെയും വിവരിക്കുന്നു. പ്രേക്ഷകരെ മുന്‍കൂട്ടിയറിഞ്ഞൊരുക്കിയ വിദഗ്ധനിര്‍മ്മിതി കൂടിയാണിത്. എണ്‍പതുകളുടെ മധ്യത്തില്‍ ജനിക്കുകയും രണ്ടായിരത്തിപ്പത്തിനിപ്പുറം മുപ്പതുകളിലേക്ക് കടക്കുകയും ചെയ്യുന്നവരിലൊരാളാണ് ജോര്‍ജ്ജ് ഡേവിഡ് എന്ന നിവിന്‍ പോളിയുടെ കഥാപാത്രം. ജോര്‍ജ്ജിന്റെ പ്രീഡിഗ്രി മുതലിങ്ങോട്ടുള്ള പ്രണയജീവിതമാണ് പ്രേമം.

gfഗതകാലസുഖസ്മൃതിയുടെ വര്‍ണ്ണവിന്യാസത്തില്‍ ആസ്വാദ്യകരമായ 1983, ഓം ശാന്തി ഓശാന എന്നീ സിനിമകള്‍ക്ക് സമാനമായി നൊസ്റ്റാള്‍ജിയ പ്രേമത്തിന്റെ പ്രതലശ്വാസമാകുന്നുണ്ട്. നായകനെയും നായികയെയും ആകസ്മികതയിലും ഇടിച്ചുവീഴ്ത്തിയുണ്ടാക്കുന്ന മടുപ്പന്‍ പ്രണയത്തുടക്കമല്ല പ്രേമത്തിലേത്. കൂട്ടത്തിലൊരാളായുള്ള വായ്‌നോട്ടത്തിലൂടെയും പിന്നാലെ നടപ്പിലൂടെയുമാണ് അയാള്‍ തൊണ്ണൂറുകളെ പ്രണയിക്കുന്നത്. കഥ പറയുന്ന അന്തരീക്ഷത്തെയും, കഥാപാത്രങ്ങളെയും,അവരുടെ സംവേദനങ്ങളെയും പരമാവധി റിയലിസ്റ്റിക്കായി പരിചരിക്കുകയും ആഖ്യാനപിന്തുണയ്ക്ക് മാത്രമായി സിനിമാറ്റിക് സൂത്രങ്ങളെ പിന്‍പറ്റുകയുമാണ് പ്രേമം. യാഥാര്‍ത്ഥ്യബോധത്തോടെയും വിശ്വസനീയ കഥാപാത്രങ്ങളിലൂടെയുമുള്ള കഥപറച്ചിലിന്റെ കാന്തികഭംഗി.കൃത്യമായി അധ്യായങ്ങളായും അടുക്കുകളായും ജോര്‍ജ്ജിന്റെ പ്രണയ യൗവനങ്ങളിലേക്ക് പോകാതെ അയാളുടെ പതിനഞ്ച് വര്‍ഷങ്ങളിലെ പല ദിവസങ്ങളിലേക്കും വിവിധ ഇടങ്ങളിലേക്കും നേരിട്ടങ്ങ് കയറിച്ചെല്ലുകയാണ് സംവിധായകന്‍. സ്റ്റാറ്റിക് ഷോട്ടുകളിലെ കഥാപരിണാമവും,ഹാഫ് വേ ഓപ്പണിംഗുകളും ഇന്റര്‍കട്ടുകളും,നായകനിലേക്ക് മാത്രമായി ശ്രദ്ധയൂന്നാതെയുള്ള പോയിന്റ് ഓഫ് വ്യൂ ഷോട്ടുകളായി കാഴ്ചക്കാരനെയും കൂട്ടത്തിലൊരാളാക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.

29-1432881651-premam-movie-review-6കാലത്തെയും സമയത്തെയും ഇടകലര്‍ത്തിയുള്ള ആഖ്യാനഘടനയിലായിരുന്നു നേരം. ഇവിടെ പതിനഞ്ച് വര്‍ഷങ്ങളിലൂടെ കാലഗതിയാണ് കഥാഗതി. എണ്‍പതുകള്‍ മുതല്‍ രണ്ടായിരത്തിപതിനാല് വരെയുള്ള ടൈംലൈന്‍. നായകന് പിന്നാലെ നടക്കാനും പ്രണയിക്കാനുമുള്ള പെണ്‍കുട്ടിയെയും അയാളുടെ സഹചാരികളെയും ആദ്യമേ നിരത്തിലിറക്കി നായകനെ കാത്തിരിക്കുന്നു സിനിമ. ജോര്‍ജ്ജ് എന്ന ഒറ്റനായകനിലൂന്നുമ്പോഴും കൗമാരക്കൂട്ടത്തിലെ പ്രതിനിധിയാണ് ഫ്രെയിമുകളില്‍ ജോര്‍ജ്ജ്. കൂട്ടം കൂടലിലും കൂടിപ്പിരിയലിലുമുണ്ടാകുന്ന ചിരികളിലാണ് പ്രേമം രസകരമാകുന്നത്. നായകന്റെ ഒറ്റയാള്‍ വീര്യവും വീരവും വിജയവും മാത്രം പരാമര്‍ശിക്കുന്ന പതിവിന് പകരം നായകന് വേണ്ടി അയാള്‍ ഉള്‍പ്പെടുന്ന ഇടത്തെ കഥാപരിസരങ്ങളായും കഥാപാത്രങ്ങളായും തുല്യപരിഗണനയോടെ നിലനിര്‍ത്തിയിരിക്കുന്നു. എന്നാല്‍ സമര്‍ത്ഥമായി കഥ നായകന്റേത് മാത്രമായി നീങ്ങുകയും ചെയ്യുന്നു. എണ്‍പതുകളില്‍ ബാല്യവും തൊണ്ണൂറുകളില്‍ കൗമാരവും കടന്നുവന്നവര്‍ക്ക് തങ്ങളെത്തന്നെ കാണാനാകുന്ന കഥാന്തരീക്ഷത്തില്‍ അപരിചിതരായ അഭിനേതാക്കളെ പരിചിത കഥാപാത്രങ്ങളാക്കിയിരിക്കുന്നു. സ്ഥിരാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴും, പിടിതരാതെ നീങ്ങുകയും ഞൊടിയിടെയുള്ള ട്വിസ്റ്റുകള്‍ക്ക് പകരം സ്വാഭാവികസഞ്ചാരത്തിനിടെയുള്ള അപ്രതീക്ഷിത വെട്ടിത്തിരിയലുകളുണ്ടാക്കുകയും ചെയ്യുന്നു അല്‍ഫോണ്‍സ്.

29-1432881264-premam-movie-review-2ഭൂരിപക്ഷതൃപ്തിയുടെ വാണിജ്യശാസ്ത്രങ്ങളെ കണ്ടറിഞ്ഞൊരുക്കിയ ചിത്രമാണ് നേരം. കഥാഘടനയില്‍ നായകന്റെ വളര്‍ച്ചയിലും ഭിന്നാസ്വാദനത്തിലെ സമന്വയം പരിഗണനയാകുന്നത് കാണാം. പ്രീഡിഗ്രി കാലത്തെ നിഷ്‌കളങ്കനായ പ്രണയാര്‍ത്ഥിയില്‍ നിന്ന് കലാലയകാലത്തെ രോഷയൗവനത്തിലേക്ക്. 2014ലെത്തുമ്പോള്‍ കാലത്തിനൊത്ത പാകതയും പ്രായോഗികതയും ശീലിച്ച യുവാവ്. അയാളുടെ പ്രണയങ്ങളിലെ തെരഞ്ഞെടുപ്പിലും ഈ മാറ്റമുണ്ട്. പ്രേമത്തിലേത് നിവിന്‍ പോളിയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രകടനമാണ്. നിവിന്‍ പോളി കരിയറില്‍ ഇതുവരെ പ്രതിനിധീകരിച്ച കഥാപാത്രപ്പകര്‍ച്ചകളുടെ മികച്ച കൊളാഷ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ മീശയും താടിയും വളര്‍ത്തി നാടന്‍ ആകാരഭാഷയുമായി എത്തിയ പ്രകാശനേക്കാള്‍ മൂര്‍ച്ചയും കാര്‍ക്കശ്യവും പാകതയും യൗവനത്തിലെ ജോര്‍ജ്ജില്‍ കാണാം. തട്ടത്തിന്‍ മറയത്തിലെ വിനോദിനെ പ്രായക്കുറവിലെത്തിച്ചാല്‍ കൗമാരക്കാരന്‍ ജോര്‍ജ്ജാകും. നിവിന് ഇനി സ്വീകരിക്കാവുന്ന ഗൗരവപ്രകൃതക്കാരനായുള്ള കഥാപാത്രസൂചകമാകുന്നുണ്ട് കഥയെത്തി നില്‍ക്കുന്ന കാലത്തെ ജോര്‍ജ്ജ്. ഇങ്ങനെ നിവിന്‍ പോളി എന്ന താരത്തെയും നടനെയും പ്രേക്ഷകസ്വീകാര്യയിലെ ഭിന്നരുചികള്‍ക്കൊപ്പം മികവോടെ വിനിയോഗിച്ചിരിക്കുന്നു. മൂന്ന് കാലത്തെ ജോര്‍ജ്ജ് ഡേവിഡിനെ ശരീരഭാഷകളിലും ശൈലിയിലും വേറിട്ടവതരിപ്പിക്കാനും നിവിന് സാധിച്ചിട്ടുണ്ട്. വൈകാരിക രംഗങ്ങളെ വിശ്വസനീയ പകര്‍ത്താനാകില്ലെന്ന പോരായ്മയെ അതിശയിപ്പിക്കുംവിധം മറികടക്കുന്നുമുണ്ട് നിവിന്‍. ആക്ഷനും ഡാന്‍സും മാസ് ഹീറോ ലുക്കുമെല്ലാം സമ്മേളിപ്പിച്ച് നിവിന്‍പോളിയിലെ താരത്തെയും ഉയര്‍ത്തുന്നുണ്ട് അല്‍ഫോണ്‍സ്.മൂന്ന് നായികമാരില്‍ മലര്‍ എന്ന തമിഴ്കഥാപാത്രമായ സായ് പല്ലവി ആ കഥാപാത്രത്തെ അതിമനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്നങ്ങോട്ടും കാമ്പുള്ള കഥാപാത്രങ്ങള്‍ സായ് പല്ലവിയെ ധൈര്യമായി ഏല്‍പ്പിക്കാം. റിലീസിന് മുമ്പേ പുറത്തിറങ്ങിയ ഗാനങ്ങളിലൂടെയെത്തിയ അനുപമാ പരമേശ്വനെ അഴകിയായി അവതരിപ്പിച്ചപ്പോള്‍ മഡോണയെന്ന മൂന്നാം നായികയും മോശമാക്കിയില്ല. ശബരീഷ്, കിച്ചു, അല്‍ത്താഫ്, വില്‍സണ്‍ ജോസഫ് തുടങ്ങിയ പതിനേഴോളം പുതുമുഖ പ്രതിഭകളുടെ മികവുള്ള വരവിനും പ്രേമം സാക്ഷിയാകുന്നുണ്ട്. ശരീരഭാഷയില്‍ കാര്‍ക്കശ്യം പതിവുള്ള വിനയ് ഫോര്‍ട്ട് കോളേജ് അധ്യാപകനായി വേറിട്ട ശൈലിയില്‍ കയ്യടിപ്പിച്ചു. സൗബിന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍ എന്നിവരുടെ കഥാപാത്രങ്ങളും കൊള്ളാം.

premamനേരം സമയം വച്ചുള്ള കുഴമറിച്ചിലാണെങ്കില്‍ ഇവിടെ കാലം വച്ചുള്ള കളിയാണ്. ജോര്‍ജ്ജ് ഡേവിഡ് എന്ന നായകന്റെ പ്രായത്തിനൊപ്പം കേവല പ്രേമത്തെയും പകുത്തുപോകുന്നു. കഥാഗതി ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മാത്രമാണ് അയാള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് ഫ്രെയിമിലേക്ക് പ്രവേശനം.കോളേജില്‍ വിളിച്ചുവരുത്തുമ്പോള്‍ മാത്രമാണ് ജോര്‍ജ്ജിന്റെ അച്ഛനെ കാണുന്നത്. കടയും വീടും ഹോസ്റ്റലുമെല്ലാം ഇത്തരത്തിലാണ് കടന്നുവരുന്നത്. റിയലിസ്റ്റിക്കായും സിനിമാറ്റിക്കായും കുഴമറിഞ്ഞുള്ള ആഖ്യാനകൗശലത്തിലൂടെ പ്രേക്ഷകരിലുണ്ടാക്കിയ ആസ്വാദനപുതുമയും അനുഭവവുമാണ് പ്രേമത്തിന്റെ സൗന്ദര്യം. സമയത്തെ ക്‌ളോക്ക് എന്ന സൂചകത്തിനൊപ്പം നേരത്തില്‍ വിദഗ്ധമായി ഉപയോഗിച്ച അല്‍ഫോണ്‍സ് ഇവിടെ പൂമ്പാറ്റകളെ ഉപയോഗിച്ചത് കാണാം. പറക്കാനാകുന്ന പൂക്കളാണ് പൂമ്പാറ്റകളാകുന്നത് പറഞ്ഞുപോകുമ്പോള്‍ കഥാഗതിയിലേക്ക് ഈ രൂപകത്തിന് ചേര്‍ന്നുപോകാനായോ എന്ന് സംശയമുണ്ട്. നേരം സമയത്തെയും കുറ്റകൃത്യത്തെയും ചടുലമായി കൊണ്ടുപോയപ്പോള്‍ പ്രേമത്തില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനുട്ടെന്ന സമയദൈര്‍ഘ്യമുണ്ട്. നായകന്റെ ജീവിതത്തില്‍ ബാക്കിയാകുന്ന സന്ദര്‍ഭങ്ങളുടെ വിവരണമെന്ന ന്യായീകരണത്തിലാകാം അവസാന അധ്യായങ്ങളിലെ നീളക്കൂളുതല്‍. എങ്കില്‍പ്പോലും വര്‍ത്തമാനത്തിലേക്ക് അവശേഷിക്കുന്ന നായകനെ നീട്ടിവലിച്ചത് ആസ്വാദനതാളത്തെ തെല്ല് അസ്വസ്ഥമാക്കുന്നുണ്ട്. സീന്‍ കോണ്‍ട്രാ എന്ന പാട്ടും, ഡാന്‍സ് മാസ്റ്ററുടെ വരവും,ജോര്‍ജ്ജിന്റെ ഹോട്ടലിനെയും ആ കാലത്തെയും പരിചയപ്പെടുത്താനെടുത്ത സമയവും ചെറിയ ഇഴച്ചിലായിട്ടുണ്ട്.

രാജേഷ് മുരുഗേശന്‍ പാട്ടുകളില്‍ ഭിന്നാസ്വാദനത്തിന്റെ മിശ്രണം സാധ്യമാക്കുന്നു. മെലഡിയിലേക്ക് പിടിച്ചുകയറ്റുന്ന ആലുവാപ്പുഴയും,പതിവായ് ഞാനും,ട്രെന്‍ഡിനൊത്തെ കലിപ്പ്,റോക്കന്‍ കുത്ത് എന്നീ പാട്ടുകളും രുചിഭിന്നതകളെ കണ്ടറിഞ്ഞാണ്.തല്‍സമയ ശബ്ദവിന്യാസം,എഡിറ്റിംഗിലെ പരീക്ഷണങ്ങള്‍ ആനന്ദ് ചന്ദ്രന്റെ ക്യാമറയുടെ സ്വാഭാവിക ഇടപെടല്‍ ഇവ കൂട്ടുചേരുമ്പോള്‍ സര്‍വ്വസമ്മതിക്കായുള്ള സിനിമയുടെ കാലത്തിനൊത്ത ഭാഷ പ്രേമത്തിനുണ്ട്.

DONT MISS
Top