ഇബ്രാഹിം കൊലക്കേസിലെ പ്രതി 15 വര്‍ഷത്തിനു ശേഷം പിടിയില്‍

വയനാട്: വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 15 വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം സ്വദേശി മത്തായിയെയാണ് ക്രൈംബ്രാഞ്ച് സി.ഐ.അബ്ദുള്‍ കരീമും സംഘവും അറസ്റ്റ് ചെയ്തത്. 2001 ഒക്ടോബര്‍ 29നാണ് വ്യാപാരിയും റിട്ടയേഡ് അധ്യാപകനുമായിരുന്നു കാട്ടിക്കുളം സ്വദേശി ഇബ്രാഹിം കൊല്ലപ്പെട്ടത്.

വയനാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനാണ് 15 വര്‍ഷത്തിനു ശേഷം തുമ്പുണ്ടായിരിക്കുന്നത്. ഇബ്രാഹിം കൊലക്കേസിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും രാഷ്ട്രീയപാര്‍ട്ടികളും നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നതി ങ്ങനെ.കവര്‍ച്ച നടത്താനാണ് ഒന്നാം പ്രതി മത്തായിയും രണ്ടാം പ്രതി ബാബുവും ഇബ്രാഹിമിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന കുറിയുടെ പണവും സ്വന്തം കടയിലെ വരുമാനവും ഇബ്രാഹിമിന്‍റെ കയ്യില്‍ ഉണ്ടാകുമെന്ന് പ്രതികള്‍ക്കറിയാമായിരുന്നു.

കൂടുതല്‍ പണമുണ്ടാക്കുന്നതിന്‌ വേണ്ടി കാട്ടികുളത്തെ രണ്ട്‌ പ്രതികളും ചേര്‍ന്ന്‌ ഗൂഡാലോചന നടത്തുകയും തുടര്‍ന്ന്‌ ഇബ്രാഹിം മാസ്‌റ്ററെ കൊലപ്പെടുത്തി പണം തട്ടിയെടുത്ത്‌ വീതിക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി ആയുധങ്ങള്‍ നിര്‍മിച്ച്‌ പരിചയമുള്ള രണ്ടാംപ്രതി കൊല്ലന്‍ ബാബു സ്വന്തം ഇന്‍ഡസ്‌ട്രിയലില്‍ നിന്നും പട്ടയെടുത്ത്‌ മൂര്‍ച്ചയേറിയ കത്തിയുണ്ടാക്കുകയും ചെയ്‌തു. സംഭവദിവസം കാട്ടികുളത്തെ വ്യാപാരി വ്യവസായി യുണിറ്റ്‌ നടത്തുന്ന ചിട്ടിപണവും, കടയിലെ വരുമാനവും കടയടക്കുന്നതിന്‌ മുമ്പായി ഇബ്രാഹിം മാസ്‌റ്റര്‍ എണ്ണിതിട്ടപ്പെടുത്തുന്നത്‌ കണ്ടതിനുശേഷമാണ്‌ ആറുമണിയോടെ ഇബ്രാഹിം വീട്ടിലേക്ക്‌ പോകുന്ന വിജനമായ വഴിയില്‍ കൊല നടത്താനായി കാത്തിരുന്നത്‌. മുഖം മറച്ചായിരുന്നു രണ്ടുപ്രതികളും കൃത്യം നടത്താനെത്തിയത്‌.

സംഭവ ദിവസം ഇബ്രാഹിം കടയടച്ചു വീട്ടിലേക്കു പോകുമ്പോള്‍ കാട്ടിക്കുളം ഗവണ്‍മെന്‍റ് ഹൈസ്കൂളിനു സമീപം വച്ച് പ്രതികള്‍ ആക്രമിക്കുകയായിരുന്നു. മത്തായിയാണ് കത്തികൊണ്ട് ഇബ്രാഹിമിന്‍റെ നെഞ്ചില്‍ കുത്തിയത്. രണ്ടാം പ്രതി ബാബു കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ചു. ബാഗിലുണ്ടായിരുന്ന 80,000 രൂപ വീതിച്ചെടുത്ത ശേഷം ഇരുവരും സ്ഥലം വിട്ടു. രണ്ടാം പ്രതി ബാബു 2005ല്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മത്തായിയും ബാബുവും ഒന്നിച്ചും വെവ്വേറെയും നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി.വേണുഗോപാലിന്‍റെ മേല്‍ നോട്ടത്തില്‍ സി.ഐ.അബ്ദുള്‍ കരീമും സംഘവുമാണ് കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കിയത്.

DONT MISS
Top