ഇറാന്‍ ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനം ഒഴിവാക്കി

ഇറാന്‍ ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനം ഒഴിവാക്കി. രണ്ട് ഇറാനിയന്‍ തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു എന്നാരോപിച്ചാണ് ഇറാന്‍ ഉംറ തീര്‍ത്ഥാടനം ഒഴിവാക്കുന്നത്. യെമന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും ഉള്ള നയതന്ത്ര ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു എന്നതിന്റെ തെളിവാണ് ഉംറ തീര്‍ത്ഥാടനം ഒഴിവാക്കിയ നടപടി.

ഇറാന്‍ സാംസ്‌കാരിക മന്ത്രാലയമാണ് ഉമ്ര തീര്‍ത്ഥാടനം ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം രണ്ട് ഇറാനിയന്‍ തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തില്‍ ഏറെ നേരം തടഞ്ഞു വെക്കുകയും അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇതിനു തോട്ടുപിന്നാലെയാണ് സാംസ്‌കാരിക മന്ത്രാലയം ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനം വേണ്ടെന്നു വെച്ചത്.

യെമന്‍ പ്രശ്‌നം ആരംഭിച്ചത് മുതല്‍ ഇറാന്‍ സൗദി അറേബ്യ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ഷിയാ വംശീയത പ്രോത്സാഹിപ്പിച്ചു ഇറാന്‍ ഗള്‍ഫ് മേഖലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് എന്ന് സൗദി അറേബ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. യെമനില്‍ ഹൂദികള്‍ക്ക് ആയുധം നല്‍കി കലാപം സൃഷ്ടിക്കുന്നത് ഇറാന്‍ ഭരണ കൂടമാണ് എന്നതാണ് സൗദി അറേബ്യയുടെ നിലപാട്. യെമനില്‍ വെടി നിര്‍ത്തല്‍ വേണമെന്ന ഇറാന്‍ നിര്‍ദേശം സൗദി അറേബ്യ തള്ളുകയും ചെയ്തിരുന്നു.നയതന്ത്ര വിഷയങ്ങളിലെ അഭിപ്രായ ഭിന്നത രൂക്ഷമായതാണ് ഉംറ തീര്‍ത്ഥാടനം ഒഴിവാക്കാന്‍ ഇറാനെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.

കഴിഞ്ഞ ദിവസം 206 തീര്ത്ഥാടകരുമായി എത്തിയ ഇറാനിയന്‍ വിമാനത്തിന് ജിദ്ദയില്‍ ഇറങ്ങാന്‍ സൗദി വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല. മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനെ തുടര്‍ന്നാണ് ഇറാനിയന്‍ വിമാനത്തെ തടഞ്ഞു വെച്ചത്. ഈ നടപടിയും ഇറാന്റെ പ്രകോപനത്തിന് കാരണമായി എന്ന് കരുതപ്പെടുന്നു. ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തോളം ഇറാനിയന്‍ പൗരന്മാരാണ് ഉംറ കര്‍മ്മത്തിനായി മക്കയില്‍ എത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top