ഹരം പിടിപ്പിക്കാതെ ഹരം

മലയാളത്തിലെ പ്രമുഖ എഡിറ്റര്‍മാരിലൊരാളായ (ചിത്രസന്നിവേശകന്മാരിലൊരാളായ), വിനോദ് സുകുമാരന്റെ പ്രഥമസംവിധാനസംരംഭമാണ് ഹരം എന്ന സിനിമ. ഫഹദ് ഫാസിലാണ് മുഖ്യകഥാപാത്രമായ ബാലുവിനെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ മുന്‍ നിരയിലുണ്ടെങ്കില്‍ പടം ന്യൂ ജനറേഷന്‍ പടമാകുമെന്ന പുതുധാരണയുടെ പിന്‍ബലം മാത്രം ഉപയോഗിക്കുന്ന പടമാണ് ഹരമെന്നു പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. ഒരുവട്ടം കാണാന്‍ പോലും പറ്റാത്ത വെറുമൊരു മൂന്നാംകിട മെലോഡ്രാമയാണ് ഹരമെന്നു പറയാന്‍ അത്രപോലും ആലോചിക്കേണ്ടതില്ല.

ചിത്രസംയോജകരെക്കൊണ്ടു തോറ്റുതൊപ്പിയിട്ട അവസ്ഥയിലാണ് ഇന്ന് മലയാളസിനിമ. ആദ്യം അരുണ്‍ കുമാര്‍ അരവിന്ദായിരുന്നു. കോക്ടെയില്‍ മുതല്‍ക്കാണ് അദ്ദേഹത്തിന്റെ ചിത്രസംയോജനഭാവന സാക്ഷാല്‍ക്കാരച്ചിറകു വിരിച്ചാടാന്‍ തുടങ്ങിയത്. കോക്ടെയിലിന്റെ വിജയം അദ്ദേഹത്തെ അടുത്തടുത്ത സിനിമകളിലേക്കു നയിച്ചു. ഈ അടുത്ത കാലത്ത് അടുത്ത പരീക്ഷണമായിരുന്നു. ഒടുക്കം സംഗതിക്ക് ഒരു അലകുംപിടിയും വന്നത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന പടത്തോടെയാണ്.

പിന്നാലേ, ജയമോഹന്റെ തിരക്കഥയിലും ഫഹദ് ഫാസിലിന്റെ അഭിനയസൗകുമാര്യത്തിലും തിടംവച്ചു തിരനോക്കിയ വണ്‍ ബൈ ടൂവും കൂടി തലയും കുത്തി വീണതോടെ അക്കാര്യത്തില്‍ തീരുമാനം പിന്നത്തേക്കു മാറ്റിവച്ചത്.

മറ്റൊരു ചിത്രസംയോജകന്‍ തെന്നിന്ത്യയാകെ അറിയപ്പെടുന്ന മനീഷ് ആയിരുന്നു. അദ്ദേഹത്തിന്റെ രചനാവിലാസത്തിലാണ് ഈയടുത്തകാലത്ത് മിലി പുറത്തുവന്നത്. മിലി മറ്റൊരു ഹൗ ഓള്‍ഡ് ആര്‍ യൂ മാത്രമാണെന്നു മനസ്സിലാക്കാന്‍ സംവിധായകപ്രതിഭയ്ക്കു സാധിക്കാതെ പോയത് അദ്ദേഹം സിനിമയെടുക്കുന്ന തിരക്കിനിടയില്‍ മറ്റു സിനിമകള്‍ കാണാതെ പോയതുകൊണ്ടായിരിക്കണം.

ഏതായാലും ഇപ്പോള്‍ വിനോദ് സുകുമാരന്‍. ഇതും ഒരു പക്കാ എഡിറ്റേഴ്‌സ് സിനിമയാണ്. എഡിറ്റു ചെയ്യുന്നതിന്റെ ആനന്ദം അനുഭവിക്കാന്‍ മാത്രമാണോ ഈ സിനിമ ഇദ്ദേഹം എടുത്തത് എന്ന് ആലോചിച്ച് അന്തംവിട്ടുപോകും പാവം പ്രേക്ഷകര്‍.

പണ്ടൊരു മലയാളനോവല്‍ പുറത്തുവന്ന കാലത്ത് ഒരു നിരൂപകന് അതിനുനല്കിയ നിന്ദാസ്തുതി ഇങ്ങനെയായിരുന്നു. ഈ നോവല് മലയാളത്തിലെ ആദ്യത്തെ ലാറ്റിന് അമേരിക്കന്‍ നോവലാണ്. ആ നിരൂപകന്റെ വാക്കുകളെ പാരഡി ചെയ്തുവേണ്ടിവരും ഹരത്തെ വിലയിരുത്താന്‍. അങ്ങനെയെങ്കില്‍ ഈ പടത്തെപ്പറ്റി ഇങ്ങനെ പറയാം. ഈ സിനിമ മലയാളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സിനിമയാണ്. മെട്രോ നഗരമാണ് പ്രമേയസ്ഥലമെന്ന ന്യായത്തില്‍ പടത്തിന്റെ മുക്കാലേ മുണ്ടാണിയും ഇംഗ്ലീഷിലാണ് ചാലിച്ചുവച്ചിരിക്കുന്നത്. ഇന്ന് പല മലയാളയുവതാരങ്ങളും തിരക്കഥകള്‍ ഇംഗ്ലീഷില് വേണം എഴുതിനല്‍കാന്‍ എന്നു പറയുന്നതായി കേട്ടുകേള്‍വിയുണ്ട്. ഏതായാലും ഹരത്തിന്റെ തിരക്കഥ ഇംഗ്ലീഷിലെഴുതി, അല്‍പം ചില ഭാഗങ്ങള്‍ മാത്രം മലയാളത്തില്‍ മൊഴിമാറ്റിയെടുത്തതാണെന്നു കരുതാന്‍ ന്യായമുണ്ട്. അല്ലെങ്കില്‍ ഷമിതാഭിലെപ്പോലെ, മലയാളം മറ്റാരെയെങ്കിലുംകൊണ്ടു ഡബ്ബു ചെയ്യിച്ചതാകാനും മതി.

ഹരത്തിന്റെ ട്രെയിലറുകള്‍ മറ്റു ചില സിനിമകള്‍ക്കൊപ്പം കണ്ടപ്പോഴും ഇതൊരു ഇംഗ്ലീഷ് സിനിമയുടെ ശീലപ്പരുവങ്ങളെയാണ് പിന്തുടരുന്നതെന്നു തോന്നിച്ചിരുന്നു. പേരുപോലും മലയാളത്തില്‍ എഴുതിക്കാണിക്കാത്തതുകൊണ്ട് ഹരമെന്നാണോ ഹരാമെന്നാണോ ഹറാമെന്നാണോ ഹാരമെന്നാണോ ഹേ റാമെന്നാണോ പടത്തിന്റെ പേരെന്നുപോലും പിടികിട്ടാത്ത അവസ്ഥയും ഉണ്ടായിരുന്നു.

ട്രെയിലറുകള്‍ മുഴുവന്‍ ഒരു ത്രില്ലര്‍ പടത്തിന്റെ ശേലിലും ശീലത്തിലുമായിരുന്നെങ്കിലും പടം അതല്ലെന്നു മനസ്സിലാക്കാന്‍ കഴിയുന്നത് ഈ പടം കാണുമ്പോഴാണ്. ഇതൊരു ന്യൂ ജനറേഷന്‍ കുടുംബചിത്രമാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ പുറത്തുവന്ന മമ്മൂട്ടി- ജോഷി- കൊച്ചിന്‍- ഹനീഫ- മാമാട്ടിക്കുട്ടിയമ്മ ടീമിന്റെ സന്ദര്‍ഭം ഓര്‍ക്കാന്‍ ഈ പടം അവസരമൊരുക്കുന്നു.

സന്ദര്‍ഭത്തിന്റെ സാന്ദര്‍ഭികമായൊരു രൂപഭാവമാറ്റം അത്രയേ ഉള്ളൂ ഈ കള്ളനാണയപ്പടത്തിന്. അല്ലെങ്കില്‍ കുറേക്കൂടി പിന്നാലെ വന്ന സാക്ഷ്യമോ പക്ഷേയോ പോലെയൊരു അതിനാടകീയ ഫാമിലി സ്‌റ്റോറി അത്ര തന്നെ. അഭിനയിക്കുന്നത് പുതുതാരങ്ങളാണെന്നതുകൊണ്ട്, എഡിറ്ററുടെ കരകൗശലം കണക്കറ്റു കയ്യില്‍ നിന്നിട്ടിട്ടുണ്ട് എന്നതുകൊണ്ട് ഈ പഴംചരക്ക് പുതുമുകുളമായി പറയപ്പെടുന്നത് കഷ്ടം തന്നെ.

ഒരു പ്രേമഭംഗത്തില്‍ പെട്ട് വിഷാദരോഗിണിയായി കഴിയുന്ന ഇഷയെ ബാലു പ്രേമിക്കുന്നു. അവര്‍ ദേ പിടിച്ചോ എന്ന മട്ടില്‍ കല്യാണം കഴിക്കുന്നു. അല്ല, ഒന്നിച്ചു ജീവിച്ചുതുടങ്ങുന്നു. പക്ഷേ, അല്‍പകാലത്തിനകം അവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. കാരണം, ബാലുവിന് ഇഷയെ ഒരു വ്യക്തിയായി കാണാനോ അവളുടെ സ്വാതന്ത്ര്യം അംഗീകരിക്കാനോ സാധിക്കുന്നില്ല. അവന് പലപ്പോഴും അവളെ സംശയത്തിന്റെ നിഴലിലും നിര്‍ത്തുന്നു. ഇങ്ങനെയൊക്കെ വരുമ്പോള് അവള്‍ അവനെ വിട്ടുപിരിയാന്‍ തീരുമാനിക്കുന്നു.

ഈ കുടുംബകഥയ്ക്കുള്ളിലേക്ക് മറ്റൊരു സമാന്തരകഥ കൂടി തിരുകിക്കയറ്റിയിരിക്കുകയാണ് കഥാകാരനും സംവിധായകനും. ഒരു എക്‌സ്ട്രാ നടിയും കാമുകനും അയാളുടെ അന്യസംസ്ഥാനത്തൊഴിലാളിയും ചേര്‍ന്ന ഒരു മുക്കോണ പ്രേമകാമവധശ്രമകഥ. അതിലേക്ക് ബാലു അറിയാതെ കണക്ടഡാകുന്നു. മനുഷ്യബന്ധങ്ങളെപ്പറ്റി, സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയുള്ള പഠനമെന്ന നിലയിലാകാം സംവിധായകന്‍ സിനിമയെ വിഭാവനം ചെയ്തിരിക്കുന്നത്. ഏതായാലും പഠനം പാളിയാലും ഇല്ലെങ്കിലും ശരി, പടം പടമായില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ. അക്കാര്യത്തില്‍ സാധാരണ കാണികള്‍ മുതല്‍ പെരുംബുദ്ധിജീവികള്‍ വരെ ഒരൊറ്റ അണിയില്‍ നില്‍ക്കുമെന്നതിന് സംശയം വേണ്ട.

[jwplayer mediaid=”163267″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top