ചന്ദനവനത്തില്‍ വന്‍ കൊള്ളയ്‌ക്കെത്തിയ അഞ്ചു പേര്‍ പിടിയില്‍

മറയൂര്‍ ചന്ദനവനത്തില്‍ വന്‍ കൊള്ളയ്‌ക്കെത്തിയ ഇരുപതംഗ സംഘത്തിലെ അഞ്ച് പേര്‍ പിടിയിലായി. തളിഞ്ചിമഞ്ഞപ്പെട്ടി ഭാഗത്ത് നിന്ന് കേരള തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.ഇവരില്‍ നിന്ന് നൂറ് കിലോയോളം ചന്ദനവും അന്വേഷണ സംഘം പിടിച്ചെടുത്തു.

മറയൂര്‍ ചന്ദനവനത്തില്‍ നിന്ന് വന്‍ ചന്ദനക്കൊള്ളയ്‌ക്കെത്തിയ ഇരുപതംഗ സംഘത്തിലെ 5 പേരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി തേങ്ങാമല ഭാഗത്ത് നിന്ന് നൂറ് കിലോയിലധികം ചന്ദനം മുറിച്ച് കടത്താനെത്തിയ സംഘം വനപാലകരുടെ സാനിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കൊള്ളക്കാര്‍ക്ക് പിന്നാലെ കൂടിയ വനപാലകര്‍ തമിഴ്‌നാട് സ്വദേശി ദൊക്കനെ ആദ്യം കീഴ്‌പ്പെടുത്തി.

മറ്റുള്ളവര്‍ തമിഴ്‌നാട് വന മേഖലയിലെ ആനമലൈ ഭാഗത്തേക്കാണ് ഓടി രക്ഷപ്പെട്ടത്.ഇവരെ പിടികൂടാന്‍ തമിഴ്‌നാട് വനപാലകരുടെ സഹായം തേടുകയായിരുന്നു.തളിഞ്ചിമഞ്ഞപ്പെട്ടി ഭാഗത്ത് നിന്ന് വന പാലക സംഘം സംയുക്ത ഓപ്പറേഷനിലൂടെയാണ് മറ്റ് കൊള്ളക്കാരെ പിടികൂടിയത്. പുലിയൂര്‍ കാളി,കൊണ്ടൂര്‍ വേന്തന്‍, നെല്‍വാസല്‍ തിരുപ്പതി,കീളൂര്‍ ഗോവിന്ദ രാജ് എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ നിന്ന് നൂറ് കിലോയിലധികം ചന്ദനം പിടിച്ചെടുത്തു. വനത്തിനുള്ളില്‍ ദിവസങ്ങളോളം താമസിച്ച് വന്‍ തോതില്‍ കൊള്ള നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top