കേരളത്തിന്റെ മാംഗോ സിറ്റിയില്‍ മാമ്പഴത്തിന് വറുതിക്കാലം

പാലക്കാട്: കേരളത്തിന്റെ മാംഗോ സിറ്റിയില്‍ മാമ്പഴത്തിന് വറുതിക്കാലം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാങ്ങ ഉല്‍പാദിപ്പിക്കുന്ന പാലക്കാട് മുതലമടയില്‍ ഇത്തവണ മുന്‍കാലങ്ങളിലേക്കാള്‍ പകുതിയിലേറെ ഉല്‍പാദനം കുറഞ്ഞു. ഇതോടെ മാങ്ങ കയറ്റുമതിയില്‍ യൂറോപ്യന്‍ യൂണിയന്റെ നിരോധനം നീങ്ങിയതിന്റെ പ്രയോജനം വേണ്ടത്ര ലഭിക്കാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍.

മാമ്പഴങ്ങളിലെ രാജാവ് അല്‍ഫോന്‍സ്, മധുരം കിനിഞ്ഞിറങ്ങുന്ന സിന്ദൂരം, ഹിമാപസന്ത്, കാലാപാടി, ബെങ്ങനാപള്ളി തുടങ്ങി പത്തോളം ഇനത്തില്‍പ്പെട്ട മാമ്പഴങ്ങളാണ് പാലക്കാട് മുതലമടയില്‍ നിന്നും പ്രതിവര്‍ഷം കയറ്റി അയക്കുന്നത്. കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ നിരോധനം നീങ്ങിയത് ഏറെ ആശ്വാസത്തോടെയാണ് കര്‍ഷകര്‍ കണ്ടിരുന്നതെങ്കിലും ഇത്തവണ ഉല്‍പാദനം വലിയ തോതില്‍ കുറഞ്ഞത് തിരിച്ചടിയായി. ഇതിന് പുറമെ മാങ്ങയ്ക്ക് വിലയും കുറഞ്ഞു.

മുതലമട, കൊല്ലങ്കോട് തുടങ്ങിയ പഞ്ചായത്തുകളിലായി പതിനായിരം ഏക്കറോളമാണ് മാമ്പഴ കൃഷിയുള്ളത്. പ്രതിവര്‍ഷം അയ്യായിരം ടണ്‍മാങ്ങ വരെ കയറ്റി അയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഇവിടെ ഉല്പാദനം വലിയ തോതില്‍ കുറഞ്ഞു വരികയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിന് പുറമെ അമിതമായ വളപ്രയോഗവും കീടനാശിനി ഉപയോഗവും മറ്റൊരു കാരണമാകാമെന്നും അഭിപ്രായമുണ്ട്. എന്നാല്‍സംസ്ഥാനത്തിന് കൂടി മികച്ച വരുമാനം കിട്ടുന്ന മാമ്പഴകൃഷിയെക്കുറിച്ച് വേണ്ടത്ര പഠനം നടത്താനോ കര്‍ഷകര്‍ക്ക് സഹായം നല്‍കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

[jwplayer mediaid=”162969″]

DONT MISS
Top