സംസ്ഥാനത്ത് തരിശ് പാടശേഖരങ്ങളുടെ അളവില്‍ വന്‍ വര്‍ദ്ധനവ്

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നെല്ലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിക്കുമ്പോഴും സംസ്ഥാനത്ത് തരിശ് കിടക്കുന്ന പാടശേഖരങ്ങളുടെ അളവില് വന്‍ വര്‍ദ്ധനവ്. കേരളത്തിലെ 14 ജില്ലകളിലായി 8902 ഹെക്ടര്‍ കൃഷി ഭൂമിയാണ് ഉത്പ്പാദനം ഇല്ലാതെ കിടക്കുന്നത്. കേരളത്തിന്റെ നെല്ലറയായ ആലപ്പുഴ ജില്ലയില്‍ മാത്രം3652 ഹെക്ടര്‍ പാടശേഖരമാണ് തരിശ് ഭൂമിയായി കിടക്കുന്നത്.

വര്‍ഷം തോറും നെല്‍കൃഷി കുറയുന്നു എന്ന കര്‍ഷക പരാതികള്‍ അവഗണിക്കപ്പെടുന്നതിനിടയിലാണ് സംസ്ഥാനത്ത് തരിശ് കിടക്കുന്ന നെല്ല്പാടങ്ങളുടെ കണക്ക് പുറത്ത് വരുന്നത്. കൃഷി വകുപ്പിന്റെ കൈവശമുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകമാനം 8902 ഹെക്ടര്‍ തരിശ് നിലമാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ല് കൃഷിയുള്ള ജില്ലകളിലൊന്നായ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി തരിശ് കിടക്കുന്നത്. 3652 ഹെക്ടര്‍. രണ്ടാം സ്ഥാനത്തുള്ള എറണാകുളക്ക് 1000 ഹെക്ടര്‍ തരിശ് കിടക്കുന്നു. നെല്‍കൃഷിയുടെ കേന്ദ്രമായ പാലക്കാട് 800 ഹെക്ടര്‍ ഭൂമി ഉപയോഗ ശൂന്യമായിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 400 ഹെക്ടറാണ് തരിശ് ഭൂമി. ഇങ്ങനെ തരിശ് കിടക്കുന്ന പാടം സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് കൃഷിക്കായി നല്‍കണം എന്നാണ് നെല്ല്കര്‍ഷകരുടെ ആവശ്യം.

ഏറ്റവും കുറവ് നെല്‍കൃഷിയുള്ള ഇടുക്കിയില്‍ 250 ഹെക്ടറും തിരുവനന്തപുരത്ത് 250 ഹെക്ടര്‍ ഭൂമിയും തരിശ് കിടക്കുന്നു. കോള്‍ നിലങ്ങള്‍ക്ക് പേരുകേട്ട തൃശൂരില്‍ 700 ഹെക്ടര്‍ ഭൂമിയാണ് തരിശുകിടക്കുന്നത്. കൃഷി മന്ത്രി കെ.പി മോഹനന്റെ ജില്ലയായ കണ്ണൂരില് 84 ഹെക്ടറില് മാത്രം നെല്ല്കൃഷി നടക്കുമ്പോള് 150 ഹെക്ടറ് ഭൂമി തരിശു കിടക്കുന്നു എന്നതും ശ്രദ്ധേയമാണ്.ഓരോ വര്‍ഷവും തരിശ് പാടങ്ങളുടെ അളവ് വര്‍ധിക്കുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

DONT MISS
Top