‘ഐ’യുടെ ആവേശം തീയറ്റര്‍ ജീവനക്കാരന്റെ കഴുത്തൊടിച്ചു; സഹായവുമായി സുരേഷ് ഗോപി എത്തി

‘ഐ’കാണാനുള്ള ആവേശത്തിനിടെ മതില്‍ ചാടിയ ആരാധകന്‍ തലയിലേക്ക് വീണതിനെതുടര്‍ന്ന്‍ കഴുത്തൊടിഞ്ഞ് ചികിത്സയില്‍ കഴിയുന്ന തീയറ്റര്‍ ജീവനക്കാരന് സഹായവുമായി സൂപ്പര്‍താരം സുരേഷ്ഗോപി എത്തി .

വിക്രം നായകനായ ഐയുടെ റിലീസിംഗ് ദിവസമാണ് കൊല്ലം ആരാധന തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്രീകുമാറിന് ഇത്തരമൊരു അത്യാഹിതമുണ്ടായത് . സിനിമാ പ്രേമികളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ അത് നിയന്ത്രിക്കാനെത്തിയതായിരുന്നു ശ്രീകുമാര്‍. തിക്കിനും തിരക്കിനുമിടയില്‍ മതിലു ചാടിക്കടന്ന ഏതോ ഒരു സിനിമാ പ്രേമി ശ്രീകുമാറിന്റെ കഴുത്തിലേക്ക് എടുത്തു ചാടി. നിലത്തു വീണ ശ്രീകുമാറിനെ കൊല്ലത്തെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിലും എത്തിച്ചു. കഴുത്തിന് താഴെ തളര്‍ന്ന ശ്രീകുമാര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി, തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ശ്രീകുമാറിനെ സന്ദര്‍ശിച്ച് ഒരുലക്ഷം രൂപ ചികിത്സാചിലവുകള്‍ക്കായി നല്‍കി .

തിയറ്റര്‍ ഉടമകള്‍ ചികിത്സക്കായി കുറച്ച് പണം നല്‍കിയെങ്കിലും അത് ഒന്നിനും തികയാത്ത അവസ്ഥയാണ്. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് ദൈനംദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയില്‍ സഹായഹസ്തവുമായി സൂപ്പര്‍താരം എത്തിയത് വളരെ ആശ്വാസകരമായ ഒന്നായിരുന്നു .

ശ്രീകുമാറിന് സംഭവിച്ച ദുരന്തം വിക്രമിനെയും സംവിധായകന്‍ ശങ്കറിനെയും അറിയിച്ചിട്ടുണ്ടെന്നും അവരും സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായും സുരേഷ് ഗോപി പറഞ്ഞു. സുഷുമ്‌നയ്ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ടെന്നും ദീര്‍ഘകാലത്തെ ചികിത്സ വേണ്ടി വരുമെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top