വരിവരിയായ് നിരനിരയായ് ഒബാമയെ കാണാന്‍

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കാണാന്‍ ഇന്നലെ വരിവരിയായി നിന്ന വ്യവസായികളുടെ ചിത്രമാണ് റിപ്പബ്‌ളിക് ദിനപ്പിറ്റേന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇന്ത്യാ-അമേരിക്ക ബിസിനസ് ഫോറം യോഗത്തിനിടെ ഒബാമയെ നേരിട്ട് അഭിവാദ്യം ചെയ്യാന്‍ അവസരം ലഭിച്ചവര്‍ ക്യൂവില്‍ നില്‍ക്കുന്ന ചിത്രമാണ് അത്.
പണ്ട് റേഷന്‍ കടയിലോ ഇപ്പോള്‍ ബവ് റിജസ് കോര്‍പ്പറേഷനു മുന്നിലോ ഒരിക്കല്‍ പോലും ക്യു നില്‍ക്കേണ്ടി വന്നിട്ടില്ല എന്നു മറ്റുള്ളവര്‍ പറയുന്നവരാണ് അവര്‍. വരി തെറ്റാതെ അസ്വസ്തത മുഖത്തു വരുത്താതെ ക്ഷമയോടെ കാത്തുനിന്നവര്‍.
വരിയുടെ ഏറ്റവും മുന്നില്‍ രത്തന്‍ ടാറ്റ നിന്നു, ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള വ്യവസായ സ്ഥാപനത്തിന്റെ അധിപനാണെന്ന ഭാവമില്ലാതെ ഭവ്യതയോടെ. കൊച്ചുകുട്ടികളുടെ കൗതുകം വിടാതെ ക്യൂവില്‍ രണ്ടാമനായി മുകേഷ് അമ്പാനി.
വരിതെറ്റിച്ച് ക്യൂവില്‍ കയറിയയാളുടെ ചിരി ചിലരെങ്കിലും മൂന്നാമത് നിന്ന ഗൗതം അദാനിയുടെ മുഖത്ത് വായിച്ച് എടുത്തു. ഞാന്‍ ഇത് എത്ര കണ്ടതാണെന്ന ഭാവത്തിലാണ് നാലാമത് എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശശി റൂയിയ നിന്നത്.
എന്നെ എന്തിനു വിളിച്ചു എന്നൊരു ഭാവം അഞ്ചാമത് നിന്ന എന്‍ ആര്‍ നാരായണ മൂര്‍ത്തിക്ക് ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഇതിന് അക്തഹനാണെന്ന് ആറാമത് നിന്ന വിശാല്‍ സിക്കയുടെ മുഖം വിളിച്ചു പറഞ്ഞു. വരിയ്ക്ക് അകത്താണോ പുറത്താണോ എന്ന് ഉറപ്പില്ലാത്ത മട്ടിലായിരുന്നു അനില്‍ അമ്പാനിയുടെ നില്‍പ്.
ഏതൂദുര്‍ഘടപാതയിലും ഓടിക്കയറുന്ന മഹീന്ദ്ര കമാന്‍ഡര്‍ വണ്ടിയുടെ കരുത്ത് ആനന്ദ് മഹീന്ദ്രയുടെ നില്‍പ്പിലും ഉണ്ടായിരുന്നു. മലയാളത്തിന്‍രെ ഏക പ്രതിനിധിയായി അഭിമാനത്തോടെ തല ഉയര്‍ത്തി തന്നെയായിരുന്നു ലുലു ഗ്രൂപ്പ് എംഡി എം എ യൂസഫ് അലിയുടെ നില്‍പ്.
പൊതുവേദിയില്‍ ചിര പരിചിതമായ ഫ്രോക്കുകള്‍ മാറ്റിവച്ച് പച്ചസാരിയില്‍ കിരണ്‍ മസൂംദാര്‍ ഷാ. വരിയുടെ അവസാന നിര എത്തുമ്പോള്‍ ക്‌ളാസിലെ അവസാന ബഞ്ചില്‍ എന്നതുപോലെ ചിരിച്ചു കളിച്ചു യുകെജിക്കാരിയുടെ ചടുലതയോടെ ഐസിഐസിഐ എംഡി ചന്ദാ കൊച്ചാര്‍. തൊട്ടു മുന്നില്‍ ഒരു ബഹളവും തന്റെ പഠിപ്പിനെ ബാധിക്കില്ലെന്ന ഭാവത്തില്‍ ശ്രദ്ധയോടെ ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍.

DONT MISS
Top