‘ഐ’ ജനുവരി 14 ന് തന്നെ എത്തും

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രലോകം കാത്തിരിക്കുന്ന ശങ്കറിന്റെ പുതിയ ചിത്രം ‘ഐ’ പൊങ്കലിന് തന്നെ റിലീസ് ചെയ്യും . റിലീസ് സംബന്ധിച്ച പിക്ചര്‍ഹൗസ് മീഡിയയുമായുണ്ടായ തര്‍ക്കം ഒത്തുതീപ്പായതോടെയാണ് ചിത്രം മുന്‍ നിശ്ചയിച്ച പ്രകാരം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് .പിക്ചര്‍ ഹൗസ് നല്‍കിയ പരാതിയില്‍ ജനുവരി 30 വരെ ചിത്രം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഐയുടെ നിര്‍മാതാക്കളായ ആസ്‌കര്‍ ഫിലിംസ് 15 കോടി രൂപ തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് കാട്ടിയാണ് പിക്ചര്‍ഹൗസ് മീഡിയ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ചിത്രം റിലീസ് ചെയ്യുന്നത് ജനുവരി 30 വരെ തടയുകയും അതിനുള്ളില്‍ പ്രശ്‌നം ഒത്തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പൊങ്കലിന് ആഗോള റിലീസ് പ്രഖ്യാപിച്ച ചിത്രം നീട്ടിവക്കേണ്ടിവരുമെന്ന സാഹചര്യമുണ്ടായത് നിര്‍മാതാക്കളെ ആശങ്കപ്പെടുത്തിയിരുന്നു . ഇതേത്തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിച്ചു. ഇതിനൊടുവിലാണ് പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചുകൊണ്ടുള്ള പിക്ചര്‍ഹൗസ് മീഡിയയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്. നിര്‍മാതാക്കളുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലെത്തിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജനുവരി 14ന് ഐ റിലീസ് ചെയ്യുന്നതിന് തങ്ങളുടെ എല്ലാ സഹകരണവും പിക്ചര്‍ഹൗസ് വാഗ്ദാനം ചെയ്തു.

DONT MISS
Top