മലയാള സിനിമ 2014: പരാജയചിത്രങ്ങള്‍

എണ്ണത്തില്‍ കൂടുതല്‍ പരാജയ ചിത്രങ്ങളായതു കൊണ്ട് പ്രതീക്ഷയോടെ തീയേറ്ററുകളില്‍ എത്തുകയും പരാജയപ്പെടുകയും ചെയ്ത ചിത്രങ്ങളാണ് ചുവടെ കുറിക്കുന്നത്. പുതുതലമുറയുടെ പരീക്ഷണങ്ങളെ അംഗീകരിച്ചു കൊണ്ട് തന്നെ പരാജയ ചിത്രങ്ങളെ വിലയിരുത്തുന്നു.

സലാല മൊബൈല്‍സാണ് 2014ലെ ആദ്യ പരാജയ ചിത്രം. ദുല്‍ഖര്‍ നസ്‌റിയ ജോഡികള്‍ ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ശരത് എ ഹരിദാസനായിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിച്ച ചിത്രം പ്രമേയ വിരസത കൊണ്ട് തീയേറ്ററുകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു.

ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമിയുടെ അവകാശികളും നിലവാരം പുലര്‍ത്തിയില്ല; വന്‍വിജയം നേടിയ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 വിലും പ്രേക്ഷക പ്രതീക്ഷ വലുതായിരുന്നു. മമ്മാസ് സംവിധാനം ചെയ്ത ചിത്രം റാംജി റാവു സ്പീക്കിംഗ്, മന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രങ്ങളുടെ നിഴല്‍ പോലും ആകാന്‍ കഴിഞ്ഞില്ല. ഇന്നസെന്റ്, മുകേഷ്, സായികുമാര്‍ ടീമിനെ വീണ്ടും ഒന്നിപ്പിക്കാനായി എന്നതു മാത്രം നേട്ടം.

പൃഥ്വിരാജ് നായകനായ ബിഗ് ബജറ്റ് ചിത്രം ലണ്ടന്‍ ബ്രിഡ്ജും പ്രതീക്ഷിച്ച കൈവിട്ടു. ഭൂരിഭാഗവും ലണ്ടനില്‍ ചിത്രീകരിച്ച അനില്‍ സി മേനോന്‍ ചിത്രം തീയേറ്ററുകളില്‍ പച്ച തൊട്ടില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ മഹത്തായ നോവലിന്റെ ചലച്ചിത്ര ഭാഷ്യമായിരുന്നു പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം നേരിട്ടത് വലിയ പരാജയമായിരുന്നു.

സുരേഷ് ഗോപിയും ജയറാമും വലിയൊരു ഇടവേളയ്ക്കു ശേഷം ഒന്നിച്ച ജോഷി ചിത്രം സലാം കാശ്മീരും പരാജയപ്പെട്ടു. പോയ വര്‍ഷം റോമന്‍സ് എന്ന വിജയം ചിത്രം ഒരുക്കിയ ബോബന്‍ സാമുവേലിന്റെ ജയസൂര്യ ചിത്രം ഹാപ്പി ജേര്‍ണിയും പ്രതീക്ഷ നിലനിര്‍ത്തിയില്ല. ഷാജി എന്‍ കരുണിന്റെ ജയറാം ചിത്രം സ്വപാനവും തീയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

സക്കറിയുടെ പ്രെയ്‌സ് ദ ലോര്‍ഡ് എന്ന നോവലിന്റെ സിനിമ ആവിഷ്‌ക്കാരം മമ്മൂട്ടിയുടെ രണ്ടാം പരാജയ ചിത്രമായിരുന്നു. ഷിബു ഗംഗാധരനായിരുന്നു സംവിധാനം. പറങ്കിമലയുടെ റീമേക്കും പരാജയപ്പെട്ടു. ആഷിഖ് അബുവിന്റെ 2014ലെ ചിത്രം ഗ്യാങ്സ്റ്ററും പരാജയം മണത്തു.അവതരണ പുതുമയിലും മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധ നേടിയെങ്കിലും തീയേറ്ററുകളില്‍ ഗ്യാങ്സ്റ്റര്‍ ചലനം തീര്‍ത്തില്ല.
gangster
അരുണ്‍ കുമാര്‍ അരവിന്ദിന്റെ ആദ്യ പരാജയ ചിത്രമായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ വണ്‍ ബൈ ടു. കുഞ്ചാക്കോ ബോബന്റെ വിശുദ്ധന്‍, ലോ പോയിന്റ് എന്നീ ചിത്രങ്ങളും പരാജയം മാത്രം ബാക്കി വെച്ചു.

ദ്യശ്യത്തിനു ശേഷം മോഹന്‍ലാല്‍ നായകനായി എത്തിയ 2014ലെ ആദ്യ ചിത്രമായിരുന്നു മിസ്റ്റര്‍ ഫ്രോഡ്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നില്ല. മോഹന്‍ലാലിന്റെ അതിഥി വേഷത്തില്‍ ആഘോഷമാക്കിയ സെക്കന്റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമായിരുന്നു കൂതറ. പേര് അന്വര്‍ത്ഥമാക്കി തീയറ്ററുകളിലും കൂതറയായി. ഭരതിന്റെ തിരിച്ച് വരവിന് ചിത്രം അവസരം ഒരുക്കി.

സലാം ബാബു റെഡ് വൈനു ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു മംഗ്ലീഷ്. വാണിജ്യ സിനിമ ചേരുവകള്‍ ഉണ്ടായിരുന്നെങ്കിലും തീയേറ്ററുകളില്‍ അളുകളെ നിറക്കാന്‍ കഴിഞ്ഞില്ല. വലിയൊരു ഇടവേളക്കു ശേഷം ദിലീപ്-ജോഷി ടീം ഒന്നിച്ച അവതാരവും പരാജയപ്പെട്ടു. തമിഴ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്റെ മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴിയും ശ്രദ്ധിക്കപ്പെട്ടില്ല. വേള്‍ഡ് വൈഡ് റിലീസ് ചെയ്ത ചിത്രം സാമ്പത്തിക നഷ്ടം വരുത്തിയില്ല. മോഹന്‍ലാലിന്റെ ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടു.
peruchazhi
മമ്മൂട്ടിയുടെ ആഘോഷ ചിത്രം രാജാധിരാജയും ടിക്കറ്റ് വിറ്റൊഴിയാതെ തീയേറ്റര്‍ വിട്ടു. നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കഥാപാത്ര ആവര്‍ത്തന വിരസത കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. 2013-ലെ വിജയ കൂട്ട്‌കെട്ട് ഒന്നിച്ച ഭയ്യാ ഭയ്യായും ഈ വര്‍ഷം വിജയം ഒരുക്കിയില്ല. കുഞ്ചാക്കോ ബോബനും ബിജുമേനോനും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് ജോണി ആന്റണി ആയിരുന്നു.

ഫഹദ് ഫാസില്‍ നായകനായ മണിരത്‌നം ശ്രദ്ധിക്കപ്പെട്ടില്ല. പൃഥ്വിരാജിന്റെ ദിലീഷ് നായര്‍ ചിത്രം ടമാര്‍ പഠാറും ആദ്യ ആഴ്ചയില്‍ ടമാര്‍ പഠാറായി

ഇടവേളയ്ക്കു ശേഷം സിബിമലയില്‍ -ജയറാം ടീം ഒന്നിച്ച ചിത്രമായിരുന്നു ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. പ്രിയമണി നായികയായി ഉണ്ടായിരുന്നിട്ടും പരാജയ കുഴില്‍ നിന്നും സിബി മലയിലിന് കയറി വരാനായില്ല. വിനീത് ശ്രീനിവാസന്‍ നായകന്‍ ആയ 2014 ചിത്രമായിരുന്ന ഓര്‍മ്മയുണ്ടോ ഈ മുഖം.നമിത പ്രമോദ് നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അന്‍വര്‍ സാദിഖായിരുന്നു. മികച്ച പ്രചരണം ലഭിച്ചിട്ടും തീയേറ്ററുകളില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

ജയസൂര്യ, നെടുമുടി വേണു, അജു വര്‍ഗ്ഗീസ് ഒന്നിച്ച രജീഷ് മിഥില ചിത്രം പേരിലെ കൗതകത്തില്‍ മാത്രം ഒതുങ്ങി. സുരേഷ് ഗോപിയുടെ ദീപന്‍ ചിത്രം ഡോള്‍ഫിന്‍സ് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചപ്പോള്‍ ഇന്ദ്രജിത്തിന്റെ എയ്ഞ്ചല്‍ മികച്ച പ്രമേയം ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെട്ടില്ല.

2014 അവസാനിപ്പിക്കാന്‍ എത്തിയ ക്രിസ്തുമസ് ന്യൂയര്‍ ചിത്രങ്ങള്‍ ആമയും മുയലും, കസിന്‍സ്, നഗര വാരിധി നടുവില്‍ എന്നീ ചിത്രങ്ങളും പരാജയത്തിന്റെ കയ്പ്പ് അറിഞ്ഞാണ് വര്‍ഷത്തോട് വിട പഞ്ഞത്.
amayum-muyalum

DONT MISS
Top