മൊഞ്ച് പേരില്‍ മാത്രമേയുള്ളൂ…

സിബി ഉദയന്‍ പടത്തില്‍ ഏറെക്കാലത്തിനു ശേഷമാണ് ജയറാമെത്തുന്നത്. മൈലാഞ്ചിമൊഞ്ചുള്ള പേരുമായി. എന്നാല്‍ മൊഞ്ച് പേരില്‍ മാത്രമേയുള്ളൂ എന്നതാണ് പരിതാപകരം. ഒരു സിബി ഉദയന്‍ രചനപ്പടം കാണാന്‍ തിയറ്ററില്‍ പോകുകയെന്നു പറഞ്ഞാല്‍ രണ്ടര രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം ചുമ്മാ ബോറടിക്കുക എന്നാണു സാരം. അത് അറിഞ്ഞുകൊണ്ടാണ് വീണ്ടും വീണ്ടും നിരൂപണലക്ഷ്യാ ഈ തിരക്കഥാകൃത്തുക്കളുടെ പടങ്ങള്‍ക്കു തലവച്ചുകൊടുക്കുന്നത്. എപ്പോഴെങ്കിലും തീവണ്ടി താമസിച്ചുവന്നാലോ എന്ന പ്രത്യാശയുമായി എല്ലാ സായാഹ്നഷോയ്ക്കും ഒരേ പടത്തിനുതന്നെ പോയ പഴയ നിഷ്‌കളങ്കകാണിയെപ്പോലെ എന്നെങ്കിലും ഇവരൊരു നല്ല പടം എഴുതിയാലോ എന്ന മണ്ടന്‍ ചിന്തയുമായി വീണ്ടും വീണ്ടും ഇവരുടെ തട്ടിപ്പുതട്ടിക്കൂട്ടുകള്‍ക്കു സ്വയം കുരുതി കൊടുക്കുന്നു.

ഇഹത്തിലും പരത്തിലും നടക്കാത്ത ഒരു കെട്ടുകഥയുടെ കെട്ടുകുതിര. അതിന്മേല്‍ വീണ്ടും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വലിയൊരു പടപ്പായി പടയ്ക്കുക. പാട്ടും കൂത്തും സ്റ്റണ്ടും വളിപ്പും എല്ലാം ചേര്‍ത്ത് ഒരു വളിച്ച അവിയല്‍ പരരുവം പരുവപ്പെടുത്തുക. ഇതേ ഫോര്‍മുല തന്നെയാണ് ആദ്യകാലം മുതല്‍. അതിനൊരു മാറ്റവുമില്ല ഈ മൊഞ്ചില്ലാത്ത മൈലാഞ്ചിപ്പടത്തിലും. മമ്മൂട്ടിയും ദിലീപും എന്നതിനു പകരം ജയറാമും ആസിഫലിയും മറ്റും വരുന്നു എന്നുമാത്രം. എങ്കിലും ഇങ്ങനെ ഇതേ ഫോര്‍മാറ്റില്‍ ഈ കെട്ടുകഥത്തട്ടിപ്പ് കെട്ടിയൊരുക്കുന്നതിന് അപാരമായ സിദ്ധിയുണ്ടായേ പറ്റൂ. എഴുത്തുകാരോ മലയാളസിനിമയോ സിദ്ധികൂടുന്നതുവരെ ഈ സിദ്ധവിന തുടര്‍ന്നുകൊണ്ടേയിരിക്കും. സിദ്ധി, സാധന, സിദ്ധീഖ്, സായികുമാര്‍ എന്നിവയെല്ലാം ഇവരുടെ പടങ്ങളില്‍ നിറഞ്ഞാടുന്നു.

ഇവര്‍ തന്നെ ഒരിക്കല്‍ പറഞ്ഞ, ഇവരെ രചനാതാരങ്ങളാക്കിമാറ്റുന്നതില്‍ വലിയ പങ്കുവഹിച്ച ഉദയപുരം സുല്‍ത്താന്‍ എന്ന പഴയ പടത്തിന്റെ അതേ കഥാപരിസരവും സന്ദര്‍ഭങ്ങളും ആവര്‍ത്തിച്ചിരിക്കുകയാണ് മൈലാഞ്ചിമൊഞ്ചില്‍ . മുസ്ലിം ഹിന്ദു പ്രേമവും മുസ്ലിം വീട്ടില്‍ ഹിന്ദു മുസ്ലിമായി വേഷംമാറി കയറുന്നതും തുടര്‍ന്നുണ്ടാകുന്ന പോരിശകളും പോര്‍വിളികളും പോക്കണംകെട്ട തമാശകളുമാണ് ഇവിടെയുമുള്ളത്. അതിനുപുറമേ, മലയാളത്തിലെ പല മുന്‍കാലപടങ്ങളെയും കണക്കറ്റ് ആശ്രയിച്ചുമിരിക്കുന്നു. സ്‌നേഹനിലാവ് എന്ന വിനയന്‍ ചിത്രമാണ് ഇവരുടെ റഫറന്‍സുകളിലൊന്ന്. മറ്റൊന്ന് മേലേപ്പറമ്പില് ആണ്‍വീടാണ്. അതിലെപ്പോലെ സ്വന്തം ഭാര്യയെ മറ്റാരോ എന്ന മട്ടില്‍ ഒരു കൊട്ടാരം വീട്ടില്‍ കൊണ്ടുവരികയും തുടര്‍ന്നരങ്ങേറുന്ന വിഡ്ഢിത്തങ്ങളും ഇവിടെയും നടമാടുന്നു.
അതുപോലെ മലപ്പുറം ഹാജി മഹാനായ ജോജി എന്ന പഴയൊരു പടവും പ്രധാനപ്പെട്ട ആശ്രയമായി സ്വീകരിച്ചിട്ടുണ്ട്. അതിലെ ജഗതി ശ്രീകുമാറിന്റെ അലിയാരുമാഷുടെ ടൈപ്പായി ഇവിടെ ബാബുരാജിന്റെ ഷാജഹാനുണ്ട്. സുബര്‍ക്കം പോലെ, അല്ലെങ്കില്‍ ഏതോ ഹിന്ദി മെഗാ കുടുംബസീരിയലിന്റെ സെറ്റുപോലെയുള്ള ഒരു അതിസമ്പന്ന പടുകൂറ്റന്‍ മുസ്ലിം മാളികയിലെ കാസിം എന്ന പ്രമാണിയുടെ മൂത്ത പുത്രിയായ വഹീദയുടെ വിവാഹത്തലേന്നത്തെ മൈലാഞ്ചി രാവിലാണ് പടം തുടങ്ങുന്നത്. എവിടെങ്കിലുമൊന്നു തുടങ്ങണമല്ലോ. വിവാഹം നിശ്ചയിച്ച ആ പെണ്‍കുട്ടി, ബന്ധുവായ അന്‍വര്‍ അഥവാ ആസിഫലിയുടെ സഹായത്തോടെ ആരുമറിയാതെ കാമുകനായ ഡോക്ടര്‍ മാധവന്‍ കുട്ടിയുമായി ഒളിച്ചോടുകയാണ്. ഒളിച്ചോട്ടത്തിന് സഹായിക്കുന്ന നാരായണക്കുറുപ്പുമകന്‍ കാസിമിന്റെ വെടിയേറ്റു റെയില്‍വേ സ്റ്റേഷനില്‍ വച്ചു മരിക്കുന്നെങ്കിലും വഹീദ മാധവന്‍ കുട്ടിക്കൊപ്പം പോകുന്നു. മാധവന്‍കുട്ടിയെ ആകെ കണ്ടത് കലാഭവന് ഷാജോണിന്റെ ഇസ്മയില്‍ മാത്രം.

തന്റെ ഏകപുത്രനെ തട്ടിയ കാസിമിനോടു പ്രതികാരം ചെയ്യുമെന്ന് നാരായണക്കുറുപ്പ് പറയുന്നു. പക്ഷേ പോലീസ് കാസിമിനെ പിടിച്ച് കോടതി കയറ്റി ഒരേഴുവര്‍ഷത്തെ ശിക്ഷ വാങ്ങിക്കൊടുക്കുന്നു. ശിക്ഷ കഴിഞ്ഞിറങ്ങുന്ന കാസിമിനെ ലോറിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമം ഉണ്ടായി. മരിച്ചില്ലെങ്കിലും ആശാന് അനങ്ങാതെ കിടപ്പായി. ഡോക്ടര്‍മാരായ മുഴുവന്‍ ഡോക്ടര്‍മാരും ശ്രമിച്ചിട്ടും കാസിം അനങ്ങുന്നില്ല. അങ്ങനെ അന്‍വര്‍ ഇത്തരം കേസുകളില്‍ മായാജാലം കാട്ടുന്ന ഡോക്ടര്‍ മാധവന്‍ കുട്ടിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ഡോക്ടര്‍ മാധവന്‍കുട്ടി മമ്മൂട്ടി എന്ന പേരില് മാളികയില്‍ കടക്കുന്നു. പിന്നാലെ വഹീദയെയും കുട്ടിയെയും കടത്തുന്നു. ആള്‍മാറാട്ടലൈനില് പരമാവധി കോമഡിസ്റ്റാര്‍, രസികരാജാ, മിന്നുംതാരം ഉണ്ടാക്കാന്‍ ഇതിലപ്പുറം എന്തുവേണം.

കാണികളെ ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയുമായി ടൈപ്പു കഥാപാത്രങ്ങള്‍ ഘോഷയാത്രയായി അണിനിരന്ന് തമാശ പറച്ചിലാണ്. ഒരുദാഹരണം പറഞ്ഞാല്‍ തമാശകളുടെ ഒരു തറനിലവാരം പിടികിട്ടും. ആസിഫലി പറയുന്നു ഇയാള്‍ ഇടയ്ക്ക് വീട്ടില് വരാറുണ്ട്. ഉടനെ ജയറാം ഇടയ്ക്കയുമായി വീട്ടില്‍ വരുമെന്നോ. ഇതാണ് തമാശയുടെ ഒരു ലൈന്‍. ഈ ജനുസ്സില്‍പ്പെട്ട തമാശകള്‍ ഒരു പത്തോ ഇരുപതോ കിലോയുണ്ട് പടത്തില്. ചിരിക്കണമെങ്കില്‍ ഇടത്ത് സിബിയും വലത്ത് ഉദയനുമിരുന്ന് കാണികളെ ഇക്കിളിയിടേണ്ടിവരുന്ന ചരിത്രപ്രതിസന്ധി.

നായകനും വൈദ്യവാചസ്പതിയുമായ മാധവന്‍കുട്ടി ക്ലിനിക്കില്‍ വരുന്ന മൊല്ലാക്കയുടെ ആരു വിചാരിച്ചിട്ടും നേരേയാക്കാന്‍ പറ്റാതിരുന്ന ഒരു കൈത്തിരിച്ചിലില്‍ നേരേയാക്കുന്നു. മാളികയിലെത്തിയപാടേ, ഒരു കഥാപാത്രത്തിന്റെ തിരിഞ്ഞുപോയിരുന്ന കൈ ഒരു പിടിച്ചിടലില്‍ നേരേയാക്കുന്നു. ഈ രംഗങ്ങളൊക്കെ കാണുമ്പോള്‍ ഇതിലെ നായകന്‍ മാധവന്‍ കുട്ടിയാണോ അതോ സാക്ഷാല്‍ യേശുക്രിസ്തുവാണോ എന്നു തോന്നിപ്പോകും. ഇയ്യോബിന്റെ പുസ്തകത്തിലെയൊക്കെപ്പോലെ, ചില ആദിവാസികള്‍ ഇന്റര്‍വെല്ലിനു തൊട്ടുമുന്‍പ് മരണാസന്നരായി കൊക്കയിലോ കൊല്ലിയിലോ കുത്തൊഴുക്കിലോ വീണുപോയ നായകരെ ഒറ്റമൂലികൊണ്ട് രക്ഷപ്പെടുത്തി പടം മുന്നോട്ടോടിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, ഈ മാതിരി ഒടിവിദ്യ. ഇതു ഭയങ്കരം തന്നെയാണ്. ഹൗ ഓള്‍ഡ് ആര്‍ യൂവിനുശേഷം മഞ്ജു വാരിയരെ ടെറസ് കൃഷിയുടെ ബ്രാന്‍ഡ് അംബാസഡറാക്കിയതു പോലെ, വര്‍ഷത്തിലഭിനയിച്ചതിന് മമ്മൂട്ടിയെ കെഎസ്എഫ്ഇയുടെ ബ്രാന്‍ഡ് അംബാസഡര്‍ വേണമെങ്കില്‍ ആക്കാവുന്നതുപോലെ ഈ സിനിമയിലെ അഭിനയത്തിന് ജയറാമിനെ വേണമെങ്കില്‍ ആയുര്‍വേദത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കാവുന്നതേയുള്ളൂ.

നല്ല ക്യാമറാമാനായ അജയന് വിന്‍സന്റ് തന്നെക്കൊണ്ടാകുംപോലെ മൊഞ്ചുകൂട്ടിക്കൊടുത്തതുകൊണ്ടാണ് ഈ സിനിമ സഹിക്കബിള്‍ ആകുന്നത്. അതുപോലെ തട്ടിമൂളിക്കലാണെങ്കില്‍ പോലും സന്ദര്‍ഭങ്ങളുടെ പിരിമുറുക്കവും വൈകാരികഘര്‍ഷണവും ദ്യോതിപ്പിക്കുന്ന പശ്ചാത്തലസംഗീതമൊരുക്കിയ ബിജിബാലും പടത്തിനു സഹായമരുളി. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അഹ്മദ് യൂസുഫ് സംഗീതം നല്‍കിയ രണ്ടോ മൂന്നോ പാട്ടുകള്‍ ഈ പടത്തിലുണ്ട്. ഉത്സവത്തിന് മേളം പോലെ ആ പാട്ടുകള് ആഘോഷത്തില്‍ ആരവമുയര്‍ത്തുന്നു എന്നു പറയാം.

ജയറാമിന്റെ അഭിനയവും പ്രത്യേകിച്ച് ഡാന്‍സ് എന്ന പേരില്‍ ആ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന കോപ്പിരാട്ടികളും തികച്ചും വിലക്ഷണമാണ്. ആസിഫലിയാണു താരതമ്യേന ഭേദം. കനിഹയ്ക്കു പതിവുപോലെ, ബൊമ്മയായി നില്‍ക്കേണ്ട ആവശ്യമേയുള്ളൂ. മീരാ നന്ദന് ക്ലോസപ് പരസ്യമോഡല്‍ നില്‍പും. സിദ്ദീഖ് ഇതേവേഷം ആയിരാമത്തെ തവണ അഭിനയിച്ച് ലോകറെക്കോഡ് സ്ഥാപിച്ചിരിക്കുന്നു. മധുവിന്റെ സാന്നിദ്ധ്യം ഊഷ്മളത പകരുന്നു. പടംകുറഞ്ഞതിന്റെ വൈക്ലബ്യം അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ സായ്കുമാര് വന്‍വിജയം കൈവരിച്ചിരിക്കുന്നു. വളിപ്പ് വിളിച്ചാല്‍ വിളിപ്പുറത്താണെന്ന മട്ടില് അലറിവിലസുന്ന കലാഭവന്‍ ഷാജോണിനെ സഹിക്കണമെങ്കില്‍ ചില്ലറ സഹനശക്തിയൊന്നും പോരാ. കലിംഗ ശശി എല്ലാപ്പടത്തിലുമെന്നപോലെ ക്ഷമ പരീക്ഷിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top