ഓര്‍ക്കരുതേ ഈ മുഖം

ഫിഫ്റ്റ് ഫസ്റ്റ് ഡേറ്റ്‌സ് എന്ന ഹോളിവുഡ് റൊമാന്റിക് കോമഡിയുടെ അന്തക്കരണം അടിച്ചുമാറ്റി അന്‍വര്‍ സാദ്ദിഖ് സാധിക്കുന്ന മലയാളപടമാണ് ഓര്‍മ്മയുണ്ടോ ഈ മുഖം.

ഒരു വാഹനാപകടത്തില്‍പ്പെട്ട് ഓര്‍മ്മ നഷ്ടപ്പെടുന്ന സാന്‍ഡ് ആര്‍ട്ടിസ്റ്റാണ് സിനിമയിലെ നായിക. അവള്‍ക്ക് ഓരോ ദിവസത്തെയും ഓര്‍മ്മ അന്നുറങ്ങിയെണീക്കുമ്പോഴേക്കും നഷ്ടമായിപ്പോകുന്ന അപൂര്‍വാസ്ഥയാണ് ഉണ്ടാകുന്നത്. അത്തരമൊരു ദിവസത്തിലാണ് അവളെ അവന്‍ കണ്ടെത്തുന്നത്. അവളോട് പ്രേമം തോന്നുന്ന അവന്‍ ഒടുവില്‍ ഒരുപാടു പാടുപെട്ട് അവളെ പ്രേമത്തിലേക്കുന്നു. എന്നാല്‍, പ്രശ്‌നമെന്തെന്നുവച്ചാല്‍ പെങ്കൊച്ച് ഓരോ ദിവസവും രാവിലെയാകുമ്പോള്‍ പയ്യനെ മറന്ന് തന്മാത്രയായിപ്പോകും. ഇതാണു കഥയുടെ അടിസ്ഥാനപ്ലോട്ട്.

അവളുടെ സഹോദരിയും അവന്റെ പ്രിയസുഹൃത്തും ചേര്‍ന്ന് അവരുടെ പ്രേമത്തെ ശാശ്വതീകരിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുന്നു. പയ്യന് ഒരു ആയുര്‍വ്വേദ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമയാണ്. കമ്പനി ഇറക്കുന്നതാകട്ടെ ഓര്‍മ്മ വര്‍ദ്ധിപ്പിക്കാനുള്ള മരുന്നും. പയ്യനാണെങ്കില്‍ മുടിഞ്ഞ മറവിക്കാരനും. ഇതാണ് കഥയിലെ രസച്ചരട്. ഒരു വിവാഹത്തില്‍ നിന്നൊഴിയാനാണ് പയ്യന്‍ കാമുകിയെക്കുറിച്ചു വീട്ടുകാരോടു പറയുന്നത്. ഏതായാലും വീട്ടില്‍ നടക്കുന്ന ഒരു വിവാഹത്തില്‍ നാലുദിവസം മുന്നേയെത്തി എല്ലാക്കാര്യങ്ങളുടെയും ചുമതല നായിക വഹിക്കട്ടെ എന്ന് പയ്യന്റെ അമ്മ ഓര്‍ഡറിടുന്നു. ദൈനംദിന സ്മൃതിനാശക്കാരിയെക്കൊണ്ട് ഇതൊക്കെ ഒപ്പിച്ചെടുക്കാന്‍ പയ്യന്‍ പാടുപെടുന്നു. എല്ലാത്തിനുമിടയില്‍ ഒരു നിര്‍ണായകനിമിഷത്തില്‍ പെണ്ണുവീണ്ടും പയ്യനെ മറക്കുന്നു, എല്ലാവരും അറിയുന്നു. അവര്‍ പിരിയുന്നു. പിന്നീടെന്നെങ്കിലും പെണ്ണ് പയ്യനെ ഓര്‍ക്കുമോ. പയ്യന് സുരേഷ് ഗോപിയാകുമോ. ഇതിനിടയില്‍ കാണികള്‍ നില്‍ക്കണോ പോണോ. ഇതിനെല്ലാം ഉത്തരം പടത്തിലുണ്ട്. പടം തിയറ്ററില് ബാക്കിയുണ്ടെങ്കില് പോയി കാണുക. ഉത്തരം വാങ്ങി പോക്കറ്റിലിടുക.

പടത്തിന് ആകെയുള്ള രസം പ്ലോട്ടിന്റെ പുതുമയാണ്. അതാകട്ടെ, സായിപ്പിന്റെ സൗജന്യവും. എന്നാലും ചില ഗുണവശങ്ങളൊക്കെയുണ്ട്. സാന്‍ഡ് ആര്‍ട് നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു കരചലനത്താല്‍ മാറുന്ന ചിത്രങ്ങളാണ്. ആ കരവേഗസൗന്ദര്യത്താല്‍, ഒരുപക്ഷേ, കാലത്തിന്റേതെന്നുകൂടി പറയാവുന്ന ആ നൈമിഷികപരിണാമങ്ങളാല്‍ ജാക്കും റോസും താജ്മഹലുമെല്ലാം വിരിഞ്ഞുമായുന്ന ദൃശ്യങ്ങളിലൂടെ ഓര്‍മ്മയും മനുഷ്യനും ബന്ധങ്ങളും തമ്മിലുള്ള ഇടപാടിനെപ്പറ്റി പറയാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

വിനീത് ശ്രീനിവാസന്റെ അഭിനയം തരക്കേടില്ല. എന്നാലും സ്‌റ്റൈലിഷ് ആക്ടര്‍ എന്ന പദവിയിലേക്കുയരാന്‍ അദ്ദേഹം ഓം ശാന്തി ഓശാന മുതല്‍ കാണിക്കുന്ന പരാക്രമവും പരിഭ്രമവും ഇതിലും തുടരുന്നു. നമിതാ പ്രമോദിന്റെ മുഖത്ത് ചുരുങ്ങിയത് ഒരു ഇരുന്നൂറ്റമ്പതു ഭാവങ്ങളെങ്കിലുമാണ് ഒരു നിമിഷത്തില്‍ മിന്നിമായുന്നത്. അതു മുഴുവന്‍ വേണ്ട, കുറച്ച്, എന്നുവച്ചാല്‍ ഒരു ഇരുന്നൂറ്റിനാല്‍പ്പത്തൊമ്പതെണ്ണം ഒന്നു കുറച്ചാല്‍ ഈ നടി മലയാളത്തിലെ ഏറ്റവും മികച്ച നടിയെന്നു പേരെടുക്കുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. രോഹിണിയുടെ ആഭിജാത്യമുള്ള അഭിനയവും ലക്ഷ്മിയുടെ രസാവഹമായ പെരുമാറ്റങ്ങളും പടത്തിനു തുണയാണ്. ഇവരുടെയൊക്ക മുഖങ്ങള്‍ ഓര്‍മ്മണ്ടോ എന്നാണോ സംവിധായകന്‍ ചോദിക്കുന്നതെന്നും സംശയിക്കാവുന്നതാണ്. അജുവിന്റെ സുഗമമായ പ്രകടനവും രസകരംതന്നെ. ഇടയ്‌ക്കൊന്നുറങ്ങിയും ഉണര്ന്നും എസിത്തണുപ്പിലിരുന്നു സമയംകൊല്ലാനാണുദ്ദേശ്യമെങ്കില്‍ ഈ പടം ബെസ്റ്റണ്.c

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top