എന്താണ് പക്ഷിപ്പനി? എങ്ങനെ പ്രതിരോധിക്കാം?

കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എന്താണെന്ന് പക്ഷിപ്പനിയെന്നും എങ്ങനെ മനുഷ്യരിലേക്ക് പകരാതെ രോഗത്തെ പ്രതിരോധിക്കാമെന്നും മനസ്സിലാക്കാം.

പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ പക്ഷികളില്‍ പടരുന്ന ഒരു വൈറല്‍ രോഗമാണ്. വെള്ളത്തില്‍ കഴിയുന്ന പക്ഷികള്‍ക്കാണു കൂടുതല്‍ രോഗബാധ കാണുന്നത്.

രോഗകാരണം

ഓര്‍ത്തോംമിക്‌സേ വൈറിഡേ കുടുംബത്തില്‍പ്പെട്ട ഇന്‍ഫ്ളുവന്‍സ എന്ന വൈറസുകളാണ് പക്ഷിപ്പനിക്കു കാരണം. ഇതേ വൈറസുകളുടെ വകഭേദങ്ങളാണ് മനുഷ്യരിലും മൃഗങ്ങളിലും മറ്റുമുണ്ടാകുന്ന ഇന്‍ഫഌവെന്‍സയ്ക്ക് കാരണം.

വകഭേദങ്ങള്‍

പക്ഷിപ്പനിക്കു കാരണമായ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസില്‍ തന്നെ നിരവധി വകഭേദങ്ങളുണ്ട്. ഇവയില്‍ എ (എച്ച്5എന്‍1) ഇനമാണ് ഏറ്റവും മാരകം. 1997 ഹോങ്കോംഗില്‍ ഇവ മനുഷ്യരിലേക്കു സംക്രമിച്ചു. 2003ലും 2004ലും ഇവയുടെ ആക്രമണം ഏഷ്യയിലും ആഫ്രിക്കയിലും ഉണ്ടായി. അപകടകാരിയായ മറ്റൊരു ഇനമാണ് എ (എച്ച് 7 എന്‍ 9). ചൈനയിലാണ് ഇതും ആദ്യം കണ്ടത് 2003ല്‍. മറ്റു രോഗങ്ങള്‍ ഉള്ളവരെ പെട്ടെന്ന് അവശരാക്കി മരണത്തിലേക്കു നയിക്കും. ഇതിനകം ചൈനയില്‍ 400ലേറെ പേര്‍ക്ക് ഈയിനം വൈറസ് ബാധിച്ചു. നൂറിലേറെപ്പേര്‍ മരിച്ചു. കേരളത്തിലെ താറാവുകളില്‍ ബാധിച്ചത് ഏതിനമാണെന്ന് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

bird-3

വൈറസ് പകരുന്ന രീതി

ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ വൈറസ് പകരാം. കാഷ്ഠം, ജീവികളുടെ മൂക്കില്‍ നിന്നും മറ്റുമുള്ള സ്രവങ്ങള്‍ എന്നിവയും വൈറസിനെ പരത്തുന്നു.

പനി ബാധിച്ച ജീവിയുടെ മാംസം/മുട്ട കഴിക്കാമോ?

ഇറച്ചി വേവിച്ചു കഴിച്ചാല്‍ രോഗം പിടിപെടില്ല. പക്ഷേ, ഇറച്ചി കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിച്ചിരിക്കണം.മുട്ട വേവിച്ചു കഴിക്കാം. പച്ചമുട്ടയില്‍ വൈറസുണ്ട്. അതിനാല്‍ മുട്ട പച്ചയ്ക്കു കഴിക്കരുത്. ഇവ രണ്ടും ഒഴിവാക്കാനാണു സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.

രോഗബാധയുടെ ഗതി

സാധാരണ ഇന്‍ഫഌവന്‍സ വൈറസ് മനുഷ്യശരീരത്തില്‍ കടന്നാല്‍ രണ്ടു മൂന്നു ദിവസംകൊണ്ടു ലക്ഷണങ്ങള്‍ കാണും. എന്നാല്‍ എ (എച്ച്5 എന്‍1) രോഗബാധ രണ്ടു മുതല്‍ എട്ടുവരെ ദിവസം കഴിഞ്ഞാല്‍ മാത്രമേ മനസ്സിലാകൂ.. ചിലപ്പോള്‍ 17 ദിവസം വരെ ആകാം. എ (എച്ച്7 എന്‍9) വിഭാഗം ശരാശരി അഞ്ചു ദിവസംകൊണ്ടു ലക്ഷണങ്ങള്‍ കാണിക്കും. എട്ടു ദിവസം വരെ നീളാം.

ലക്ഷണങ്ങള്‍

കടുത്ത പനി, വയറിളക്കം, ഛര്‍ദ്ദി, വയറുവേദന ഇവയാണു പ്രാരംഭ ലക്ഷണങ്ങള്‍. ആദ്യലക്ഷണം പ്രത്യക്ഷപ്പെട്ട് അഞ്ചുദിവസമാകുമ്പോഴേക്ക് ശ്വാസതടസമുണ്ടാകാം. ചിലര്‍ക്ക് മൂക്കിലും മോണയിലും രക്തസ്രാവമുണ്ടാകും. രോഗം കൂടുമ്പോള്‍ കഫത്തില്‍ രക്തം കാണപ്പെടും. ഇതോടൊപ്പം ന്യൂമോണിയയും ബാധിക്കാറുണ്ട്.

bird 2

ചികിത്സ

താമിഫഌ എന്ന പേരില്‍ ഇറക്കുന്ന ഒസെല്‍ടാഫമിവിര്‍ ഫോസ്‌ഫേറ്റാണ് ഇപ്പോള്‍ ഫലപ്രദമായി കാണുന്ന മരുന്ന്. ലക്ഷണം കണ്ടു 48 മണിക്കൂറിനകം ഇതു നല്‍കിയാല്‍ തീവ്രത ഗണ്യമായി കുറയും. കോശങ്ങള്‍ക്കിടയിലുള്ള വൈറസ് പടരല്‍ തടയുന്നതാണ് ഈ മരുന്ന്.

ലക്ഷണങ്ങളും മുന്‍കരുതലുകളും

• പക്ഷിപ്പനി സംസ്ഥാനത്തു പടരുന്നത് ദേശാടനപ്പക്ഷികളിലൂടെ ആവാം.

• ഏറെ വേഗത്തില്‍ ഇവ പിടിപെടുന്നത് താറാവ്, കോഴി എന്നിവയ്ക്കാണ്. കോഴി, താറാവ്      എന്നിവയുടെ കഴുത്തിനു ചുറ്റും നീരുണ്ടാകുന്നതാണു പ്രധാന രോഗലക്ഷണം.

• മുട്ട ഇടുന്ന താറാവാണെങ്കില്‍ അവയുടെ മുട്ടയുടെ എണ്ണത്തിലും പെട്ടെന്നു കുറവുണ്ടാകും.

• മൂന്നു മുതല്‍ ഏഴു വരെ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ജീവികളില്‍ വൈറസ് പൂര്‍ണശക്തിയിലെത്തും.    തുടര്‍ന്ന് വൈറസ് ബാധ ഏറ്റ ജീവികള്‍ ചത്തൊടുങ്ങും

മുന്‍കരുതലുകള്‍

• പക്ഷിപ്പനി സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ അവയുടെ മുട്ടയോ മാംസമോ കഴിക്കുന്നതു പൂര്‍ണമായും ഉപേക്ഷിക്കണം.

• പക്ഷിപ്പനി പിടിപെട്ട മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴി, താറാവ് എന്നിവയെ പൂര്‍ണമായും കൊന്നുകളയണം.

• കൊല്ലുന്ന പക്ഷികളെ ഇന്‍സിണനറേറ്റര്‍ ഉപയോഗിച്ചു കത്തിച്ചുകളയണം. കുഴിച്ചുമൂടിയാല്‍ വൈറസ് ആക്രമണം വീണ്ടും ഉണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തി യാണു കത്തിച്ചുകളയുന്നത്.

• കോഴിഫാമുകള്‍ അണുനാശിനികള്‍ ഉപയോഗിച്ചു ശുദ്ധീകരിക്കണം.

• കോഴി, താറാവ് ഉള്‍പ്പെടെയുള്ളവയെ വളര്‍ത്തുന്നവരില്‍ പനി, ജലദോഷം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ചികിത്സ തേടുക.

• മുറിവും മറ്റും ഉള്ളപ്പോള്‍ യാതൊരു കാരണവശാലും ഇവയുമായി സമ്പര്‍ക്കത്തില്‍പ്പെടരുത്.

• വായുവില്‍ക്കൂടിയും വിസര്‍ജ്യത്തില്‍ക്കൂടിയും ഇവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും രോഗം മനുഷ്യനിലേക്കു പിടിപെടാനുള്ള സാധ്യതയുണ്ട്.

• പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ അവയുമായി യാതൊരു തരത്തിലും ഇടപഴകരുത്.

• മനുഷ്യര്‍ക്ക് ഈ രോഗം പിടിപെട്ടാല്‍ സാധാരണ പനിയില്‍ തുടങ്ങി ന്യുമോണിയ വരെ ആകാനുള്ള സാധ്യതയുമുണ്ട്.

(വിവരങ്ങള്‍ നല്‍കിയത് കേരള വെറ്ററിനറി സര്‍വ്വകലാശാലാ മൈക്രോബയോളജി വിഭാഗം )

[jwplayer mediaid=”144022″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top