സൗദിയില്‍ ഇനി ശമ്പളം മുടങ്ങില്ല

സൗദി അറേബ്യയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടക്കരുതെന്ന വ്യവസ്ഥ കര്‍ശനമാക്കി. ഇതോടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വന്‍കിട കമ്പനികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്. ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുളള സേവനം മരവിപ്പിക്കുന്നതുള്‍പ്പെടെയുളള നടപടികളാണ് ശമ്പള സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്.

ശമ്പള സുരക്ഷാ പദ്ധതി നടപ്പിലാക്കിയതോടെ മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും കഴിഞ്ഞുവെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വന്‍കിട കമ്പനികളും 500 തൊഴിലാളികളില്‍ കൂടുതലുളള സ്ഥാപനങ്ങളും ബാങ്കുകള്‍ വഴി ശമ്പളം വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇത് കര്‍ശനമായി നടപ്പിലാക്കിയതോടെ തൊഴിലുടമകളുമായുളള തര്‍ക്കങ്ങളില്‍ 60 ശതമാനം കുറവാണ് ലേബര്‍ ഓഫീസുകളിലും ലേബര്‍ കോടതികളിലും രേഖപ്പെടുത്തിയത്.

രണ്ടുമാസം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് താമസാനുമതി രേഖയായ ഇഖാമ പുതുക്കി നല്‍കുന്നതൊഴികെയുള്ള സേവനങ്ങള്‍ മരവിപ്പിക്കും. മൂന്നുമാസം വൈകിയാല്‍ എല്ലാ സേവനങ്ങളും റദ്ദാക്കും. മാത്രമല്ല തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അവസരം നല്‍കും. ശമ്പള സുരക്ഷാപദ്ധതി നടപ്പാക്കാന്‍ വിമുഖത കാണിച്ച സ്ഥാപനങ്ങള്‍ക്കെതതിരെ നടപടി സ്വീകരിക്കും.

633000 തൊഴിലാകളികളാണ് 917 സ്ഥാപനങ്ങളിലായി ശമ്പള സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ സ്ഥാപനങ്ങള്‍ സുരക്ഷാ പദ്ധതി പ്രകാരം ബാങ്കുകള്‍ വഴി ശമ്പളം വിതരണം ചെയ്യുന്നതോടെ തൊഴില്‍ തര്‍ക്കം ഇല്ലാതാവുകയും ഉത്പ്പാദനം വര്‍ദ്ധിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top