മലയാളത്തില്‍ ഇത്തരം അവസ്ഥയ്ക്കാണ് ഹൗ ഓള്‍ഡ് ആര്‍ യൂ എന്നു പറയുന്നത്

ബേട്ടാ, ദില്‍, രാജാ തുടങ്ങിയ പടങ്ങളുമായി എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദിസിനിമയില്‍ നിറഞ്ഞുനിന്ന ഇന്ദ്രകുമാര്‍ ഇടവേളയ്ക്കുശേഷമെത്തുകയാണ് സൂപ്പര്‍നാനിയെന്ന പടവുമായി. ഈ പടത്തിലൂടെ ഇന്ദ്രകുമാര്‍ മാത്രമല്ല പഴയകാല സൂപ്പര്‍താരനായിക രേഖയുമെത്തുന്നു മുത്തശ്ശിയായി. പോരാത്തതിന് കപൂര്‍ കുടുംബത്തില്‍ നിന്നുവന്ന് നായകനായി ക്ലച്ചുപിടിക്കാതെ പോയ പഴയ യുവരോമാഞ്ചം രണ്‍ധീര്‍ കപൂറുമുണ്ട്. ആശാനും മുത്തശ്ശനായിരിക്കുന്നു.

അറുപതുകാരിയായ നാനിയാണ് രേഖ. ഭര്‍ത്താവും മകനും അവന്റെ ഭാര്യയുമടങ്ങുന്ന കുടുംബത്തില്‍ അടുക്കളക്കാരിയായി തേഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുകയാണ് നാനി. അങ്ങനെയിരിക്കെയാണ് വിദേശത്തുനിന്ന് നാനിയെക്കാണാനായി മാത്രമെത്തുന്ന കൊച്ചുമകന് നാനിയെ ഒരു ഉപയോഗമുള്ള വ്യത്യസ്തമായി ജീവിക്കാന്‍ പറ്റുന്ന സ്ത്രീയായി മാറ്റുന്നത്. സ്ത്രീശാക്തീകരണമെന്ന പുതിയ ആയുധമാണ് പടത്തിന്റെ പിന്നില്‍. പക്ഷേ അതിന്റെ ഏറ്റവും മൂര്‍ച്ച കുറഞ്ഞ അവസ്ഥയാണു പടത്തില്‍ പരീക്ഷിക്കപ്പെടുന്നതെന്നു മാത്രം.

സെക്കന്റ് ഹാഫില്‍ രേഖയെ ബ്യൂട്ടി പാര്‍ലറിലും മറ്റും കൊണ്ടുപോയി വീണ്ടും പഴയ രേഖയാക്കുന്നുണ്ട്. പക്ഷേ പടം പഴയ ബോളിവുഡിന്റെ പ്രേതമായതു പോലെ ആ മേക്കപ്പുകള്‍ രേഖയെ പഴയ രേഖയുടെ പ്രേതമേ ആക്കുന്നുള്ളൂ. നാനിക്ക് പടത്തിന്റെ അവസാനം ഇത്തരം അവസ്ഥയില്‍ മികച്ച മുന്നേറ്റം നടത്തുന്ന വനിതകള്‍ക്കുള്ള എന്തോ അവാര്‍ഡും കൂടി കിട്ടുന്നുണ്ട്. അതും കൂടിയായപ്പോള്‍ തികഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. മലയാളത്തില്‍ ഇത്തരം അവസ്ഥയ്ക്കാണ് ഹൗ ഓള്‍ഡ് ആര്‍ യൂ എന്നു പറയുന്നത്. ആ പടം ഇന്ദ്രകുമാര്‍ കണ്ടോ അതോ ഇന്ദ്രകുമാറിനോ ആ പടം കണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. ഏതായാലും ഈ പടത്തില്‍ക്കയറി അഭിനയിച്ച് രേഖ തന്റെ പഴയ പേരു കളഞ്ഞുകുളിക്കേണ്ടായിരുന്നു. ഇതിലും ഭേദം പാര്‍ലമെന്റിലെങ്ങാനും പോയിരിക്കുന്നതാണെന്ന് പടം കണ്ടാല്‍ രേഖ പോലും ചിന്തിച്ചുപോകാതിരിക്കില്ല.

[jwplayer mediaid=”141937″]

DONT MISS
Top