ആരാധകര്‍ക്കു മേല്‍ മുരുകദോസിന്റെ ‘കത്തി’

മുരുകദോസിന്റെ പുതിയ വിജയ് ചിത്രമാണ് കത്തി. വിജയിന്റെ ഒരു പുതിയ സിനിമ വരുമ്പോള്‍ അതുതന്നെ കാണണമെന്നില്ല. പകരം, അദ്ദേഹത്തിന്റെ മുന്‍സിനിമയേതെങ്കിലും കണ്ടാലും മതി. കത്തി വരുമ്പോള്‍ പകരം തുപ്പാക്കിയോ തലൈവയോ ജില്ലയോ കണ്ടാലും കാര്യം പിടികിട്ടും. അല്ലെങ്കില്‍ ഓരോ പടം വരുമ്പോഴും പഴയ പോക്കിരിയുടെയോ ഗില്ലിയുടെയോ ഡിവിഡി കണ്ടെത്തി ഇട്ടുകണ്ടാലും മതി. എല്ലാം ഒന്നുതന്നെ. ഒന്നായ നിന്നെയിഹ പത്തെന്നു കണ്ടളവിലുണ്ടാകുന്ന ഇണ്ടലിലാണ് പടമെല്ലാം പടുകൂറ്റന്‍ ഹിറ്റായി മാറുന്നത്.

മുരുകദോസിനു നന്ദി. ആദ്യമായിട്ടാണ് ഒരു സംവിധായകന്‍ പടത്തിന്റെ പേരിലൂടെ കാണികള്‍ക്ക് ഇത്രയും തുറന്ന ഒരു മുന്നറിയിപ്പു നല്‍കുന്നത്. പടം കത്തിയാണെന്നുതന്നെ പോസ്റ്ററുകളില്‍ എഴുതിവച്ചിരിക്കുന്നു. നിയമപ്രകാരം ഇങ്ങനെയൊരു വാണിംഗ് നിര്‍ബന്ധമല്ലെങ്കില്‍പ്പോലും. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ സത്യാത്മകത ആദരീണയമാണ്.

കതിരേശന്‍ എന്ന കത്തിയാണ് പടത്തിലെ നായകന്‍. പതിവുപോലെ വിജയാണ് കതിരേശന്‍. ആള്‍മാറാട്ടമില്ലാതെ പ്രിയദര്‍ശന്‍ പടം മാത്രമല്ല, വിജയ് പടവുമില്ല. പോക്കിരിയില്‍ പോക്കറ്റ് അണ്ടര്‍ കവര്‍ കോപ്പ്. തുപ്പാക്കിയില്‍ അണ്ടര്‍ കവര്‍ മിലിട്ടറി. ജില്ലയില്‍ അണ്ടര്‍ കവര്‍ അണ്ടര്‍വേള്‍ഡ് കോപ്പ്. ഈ പടത്തിലും ആശാന്‍ അണ്ടര്‍ കവര്‍ കുറ്റവാളിയും അണ്ടര്‍ കവര്‍ സാമൂഹികപ്രവര്‍ത്തകനുമാകുന്നു. ഇക്കണക്കിനു പോയാല്‍ അടുത്ത പടമായേക്കാവുന്ന ഭീരങ്കിയില്‍ ആ ജ്യേഷ്ഠസഹോദരന്‍ താനാരാണെന്നു തനിക്കു തന്നെ പിടിയില്ലാത്ത ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയോ മറ്റോ ആയി അഭിനയിച്ചുകളയാന്‍ സാധ്യതയുണ്ട്. കഴിയുമെങ്കില്‍, അതിനു കഴിവുള്ളവരുണ്ടെങ്കില്‍ അതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതു നന്ന്.

കൊല്‍ക്കത്തയില്‍ നിന്നു ജയില്‍ ചാടി രക്ഷപ്പെട്ട് കൊടുംകുറ്റവാളിയായ കതിരേശന്‍ ചെന്നൈയിലെത്തുന്നു. അവിടെനിന്ന് അവന്‍ രക്ഷപ്പെടുന്നതിനിടയില്‍ ജീവനാഥം എന്ന ജീവ എന്ന സാമൂഹികപ്രവര്‍ത്തകന്റെ അപകടത്തില്‍പ്പെടലിനു സാക്ഷിയാകുന്നു. താനുമായി ജീവയ്ക്കുള്ള രൂപസാമ്യം മുതലെടുത്ത് അവന് ജീവയായി മാറി രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു. എന്നാല്‍ മഹാത്മാവായ ജീവ എന്തായിരുന്നു. എന്തായിരുന്നു ജീവയുടെ ജീവിതലക്ഷ്യം എന്നെല്ലാം മനസ്സിലാക്കുമ്പോള്‍ അളിയന്‍ ജീവയേക്കാളും വലിയ ജീവയായിത്തീരുകയാണ്.
പിന്നെ അടിയുടെ പെരുന്നാളല്ലേ പെരുന്നാള്‍.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോളനിര്‍മാണശാലയ്ക്കായി തന്നൂത്ത് എന്ന ഗ്രാമത്തിലെ അക്ഷയജലസ്രോതസ്സ് ഉപയോഗപ്പെടുത്തുന്ന കൊടുംവഞ്ചനയ്‌ക്കെതിരെയായിരുന്നു ജീവയുടെ പ്രവര്‍ത്തനം. ഈ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുകയാണ് ക്രിമിനലെങ്കിലും രാഷ്ട്രീയക്കാരനല്ലാത്ത കത്തി. ഈ ആള്‍മാറാട്ടക്കളി ഇന്നുമിന്നലെയും തുടങ്ങിയതല്ല, തമിഴ് ജനപ്രിയസിനിമ. നാടോടിമന്നനില്‍ എംജിആറും പോക്കിരിരാജയില്‍ രജനീകാന്തും ഇന്ദ്രന്‍ ചന്ദ്രനില്‍ കമലഹാസനും ഇതുതന്നെയാണു ചെയ്തത്.

ഏറ്റവും പുതിയതായി അഞ്ജാനില് സൂര്യയും ഇതേ ഇരട്ടക്കളിതന്നെയാണു ചെയ്തത്. പുതുമ പോയിട്ട് പഴമയുടെ പുതുമ പോലുമില്ലാത്ത ഇതേ കളിയാണ് വിജയ് നൂറാംവട്ടവും ആവര്‍ത്തിക്കുന്നത്. താന്‍ തന്നെ ഒരിക്കല്‍ ചെയ്ത അഴകിയ തമിഴ് മകനും ഇതേ സയാമീസ് പൂച്ചക്കരച്ചിലായിരുന്നു.

മുരുകദോസിനും പടങ്ങളെന്നു വച്ചാല്‍ സ്വയം അനുകരിക്കാനും ആവര്‍ത്തിക്കാനും ഉള്ള അനവരതം അവസരങ്ങളാണ്. രമണയിലും മറ്റും ഇദ്ദേഹം തുടങ്ങിവച്ച് ഇത്രയും കാലം ഗജിനിയടക്കം അനേകം സിനിമകളില്‍ ആവര്‍ത്തിച്ച രംഗങ്ങളും സന്ദര്‍ഭങ്ങളും തന്ത്രങ്ങളും തന്നെയാണ് ഈ കത്തിയിലും. എന്തെങ്കിലും വെടിപടഹങ്ങള്‍ കണ്ടാല്‍മതി കണ്ണും കരളും കുളിര്‍ക്കാന്‍ എന്നുകരുതി തിയേറ്ററുകള്‍ ഉത്സവപ്പറമ്പുകളാക്കുന്ന ഫാന്‍സ് ഉള്ളകാലത്തോളം ഈ വമ്പന്മാര്‍ക്കെല്ലാം ആരെ പേടിക്കാന്‍.

നഗരം വൃത്തികെട്ടതും ഗ്രാമം മനോഹരമെന്നുമുള്ള പഴയ കുറ്റിപ്പുറം ലൈനാണ് പടത്തിന്. ഇതിലെ പത്രസമ്മേളനം സാരോപദേശക്കലവികള്‍ എന്നിവ സഹിച്ചിരിക്കാനാണ് ഇടിയും പാട്ടും സഹിക്കുന്നതിനേക്കാള്‍ പങ്കപ്പാട്. സാമന്തയുടെ സന്ദര്‍ഭങ്ങള്‍ അഞ്ജാനില്‍ നിന്ന് കട്ട് ചെയ്ത് ഇട്ടേക്കുന്നതാണോ അതോ പുതുതായി ഷൂട്ടു ചെയ്തു ചേര്‍ത്തിരിക്കുന്നതാണോ എന്നു സംശയം തോന്നും. ആകെയുള്ള ഒരു ഗുണം വിജയിന്റെ അഭിനയമാണ്. ഇത്രയും നിര്‍ണായകമായ അഭിനയശൈലി മറ്റൊരു നടനും ഇല്ല. അഭിനയത്തില്‍ താന്‍ പാതി കാണി പാതി എന്ന പരീക്ഷണശൈലിയാണ് വിജയിന്റേത്. കാണികള്‍ സഹായിച്ചില്ലെങ്കില്‍ പല ഭാവങ്ങളുടെയും അര്‍ത്ഥം പറയാനാവില്ല. മുഖം കുനിഞ്ഞ് വിരേചനവിരുദ്ധനായി നില്‍ക്കുന്നതു കണ്ടാല്‍ ദേഷ്യം വന്നിരിക്കുകയാണ് കക്ഷിക്കെന്ന് ജനം മുന്‍പരിചയം കൊണ്ടു മനസ്സിലാക്കുന്നു. മുഖമല്‍പം മേലോട്ടുവലിച്ചുപിടിച്ച്, കിളിപോയ അവസ്ഥയില്‍ നിന്നാല്‍, ആള്‍ പ്രേമോദാരനായി നില്‍ക്കുകയാണെന്നു ജനം ധരിച്ചുവശായിക്കൊള്ളുന്നു. നാട്യധര്‍മി, ലോകധര്‍മി എന്നെല്ലാംപോലെ ഒരു പുതിയ ഇനം ധര്‍മിയാണിത്. അഭിനയത്തിന്റെ അര്‍ത്ഥം കാണികളോടു ധര്‍മം ചോദിച്ചു പൂര്‍ത്തിയാക്കുന്ന പുതിയ അടവ്.

[jwplayer mediaid=”141121″]

DONT MISS
Top