ഞങ്ങളുടെ വീട്ടിലെ അതിഥികള്‍: ഒരു ചലച്ചിത്ര ദുരന്തം

കുറച്ചുനാളത്തെ ഇടവേളയ്ക്കു ശേഷം മുന്‍കാല വിശ്വസ്ത സംവിധായകനായ സിബി മലയില്‍ സംവിധാനം ചെയ്തു പുറത്തുവരുന്ന സിനിമയാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍.

എന്തുകൊണ്ടാണു കുറച്ചുകാലമായി സിബിമലയിലിന് പഴയ ഗമയും ഗരിമയും സര്‍വ്വോപരി സിനിമയുമില്ലാതായിരിക്കുന്നത് എന്നതു പറഞ്ഞുതരും ഈ വീടും വീട്ടിലെ അതിഥികളും. സെന്‍സ്‌ലെസ് മൂവി എന്നു നിഷ്പ്രയാസം വിലയിരുത്താം ഈ സിനിമയെ.

ജയറാം, പ്രിയാമണി, നരേയ്ന്‍ തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളായി ചമച്ചുകൊണ്ടാണ് സിബി മലയില്‍ ഈ സിനിമ സൃഷ്ടിച്ചിരിക്കുന്നത്. പ്രിയാമണിയെന്ന ദേശീയപുരസ്‌കാരജേത്രിയുണ്ടെന്നതു കൊണ്ടു പക്ഷേ, പടം പ്രേക്ഷകര്‍ക്കു പ്രിയവും ജനിപ്പിക്കുന്നില്ല, നിര്‍മാതാക്കള്‍ക്കു മണിയും കൊണ്ടുവരുന്നില്ല. ഇടക്കാലത്തെ ഇടിവുണ്ടാകള്‍ ഒരു ശീലമായി മാറിയിരിക്കുന്നുവെങ്കിലും ജനപ്രിയകുടുംബനായകനെന്ന് ചുമ്മാ ഒരു പേരും വിലാസവുമായി വിലസുന്നുവെന്നു ഭാവിക്കുന്ന ജയറാമിനും സിനിമ ഗുണം ചെയ്യില്ല. ജയറാം സിനിമയ്ക്കും സിനിമ കാണുന്നവര്‍ക്കും തിരിച്ചും ഗുണമൊന്നും ചെയ്യുന്നില്ലെന്നതും എടുത്തുപറയണം.

മുത്താരംകുന്നു പിഒ ആണ് സിബിയുടെ ആദ്യചിത്രം. എണ്‍പതുകളുടെ തുടക്കത്തിലാണ് ഈ സിനിമ എത്തുന്നത്.

അതിനുശേഷം, ദൂരെ ദൂരെയൊരു കൂടുകൂട്ടാമിലൂടെ ശ്രദ്ധനേടിയെങ്കിലും സിബി എന്ന കുടുംബസംവിധായകനെയും പ്രതിഭാധനനായ സാക്ഷാല്‍ക്കാരകനെയും ജനം അടുത്തുകാണുന്നത് ലോഹിതദാസെന്ന തിരക്കഥാകൃത്തിന്റെ അരങ്ങേറ്റവേള കൂടിയായിരുന്ന തനിയാവര്‍ത്തനം എന്ന പടത്തിലൂടെയാണ്.

അതിനുശേഷം നിരവധി ഹിറ്റുകള്‍. ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, കീരീടം, ഭരതം, തനിയാവര്‍ത്തനം എന്നിങ്ങനെ തുടങ്ങി, കാണാക്കിനാവും എന്റെ വീട് അപ്പൂന്റേം വരെയുള്ള സിബി മലയില്‍ സിനിമകള്‍ ജനത്തെ വികാരഭരിതരാക്കുകയും അനുഭൂതിസാന്ദ്രതയാല്‍ അനുഭവസമഗ്രമാകുകയും ചെയ്തു. കമലദളത്തിലും മറ്റും മെലോഡ്രാമയുടെ അയ്യരുകളിയുണ്ടായിരുന്നെങ്കിലും അതൊക്കെ പില്‍ക്കാല ചെയ്തികള്‍ വച്ചുനോക്കുമ്പോള്‍ ക്ഷന്തവ്യമായിരുന്നു.

ലോഹിതദാസുമായി പിരിഞ്ഞശേഷം ഒരു ഇണങ്ങിയ തിരക്കഥാകൃത്തിനെത്തേടി സിബി മലയില്‍ ഏറെ അലഞ്ഞെങ്കിലും അങ്ങനൊരു കൂട്ടായ്മ കണ്ടെത്താന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് ഇപ്പോള്‍ ഈ കുടുംബവീട്ടിലെ അതിഥികളെ എഴുന്നള്ളിച്ച അതേ തിരക്കഥാകൃത്ത് കെ ഗിരീഷ്‌കുമാറുമായി അദ്ദേഹം കൈകോര്‍ക്കുന്നത്. ഗിരീഷ് കുമാറിന്റെ ആദ്യചിത്രമായ അമൃതം സിബി മലയിലാണു സംവിധാനം ചെയ്തത്. അന്നുതുടങ്ങിയതാണ് സിബി മലയിലിന് തിരക്കഥയെന്ന അമൃതം കായ്ക്കാന്‍.

അമൃതം ഇന്നസെന്റിന്റെ ഭാഷ കടമെടുത്തുപറഞ്ഞാല്‍ എട്ടുനിലയില്‍ ഠേ… ഠേ… എന്നു പൊട്ടിയെങ്കിലും അതു വെറുമൊരു കൈയബദ്ധമെന്നു കണക്കാക്കിയാണ് ഗിരീഷ്‌കുമാറിന്റെ അടുത്ത തിരക്കഥ സിബി മലയില്‍ സംവിധാനിക്കുന്നത്. പടത്തിന്റെ പേര് ആലീസ് ഇന് വണ്ടര്‍ലാന്റ്. കാണികളെ ഒന്നടങ്കം മണ്ടന്‍ലാന്റിലാക്കിയ ആ പടവും കാണികള്‍ പെട്ടിയില്‍ തറച്ച് ആണിയടിച്ചു.

ഈ പടത്തിലെയൊക്കെ കൂട്ടുപ്രതിയായ നടന്‍ ജയറാമും അങ്ങനെ അക്കാലത്ത് കരിയറിലെ പടവുകള്‍ കീഴോട്ടിറങ്ങുകയായിരുന്നു. അല്ലെങ്കില്‍ പടവലങ്ങ പോലെ താഴോട്ടു വളരുകയായിരുന്നു. അതിന്റെ പരിണാമഗുപ്തിയില്‍ കെ ഗിരീഷ് കുമാറിന്റെ തൂലിക ഒരുതവണ വെടിപൊട്ടിച്ചു. വെറുതെ ഒരു ഭാര്യ എന്ന പടം കയറി ചുമ്മാ അങ്ങു ഹിറ്റായി. സത്യം പറഞ്ഞാല്‍ ഒരു മരുന്നും മന്ത്രവും പടത്തിലില്ലായിരുന്നെങ്കിലും ജയറാമിന്റെ അനുകരണപ്പാട്ട് വിഡ്ഢിപ്പെട്ടിച്ചതുരത്തില് കണ്ട പ്രേക്ഷകര്‍ പലപാടുപാഞ്ഞ് തിയേറ്ററുകളിലേക്ക് എത്തിയതോടെ ആ പടം ഹിറ്റായി. ജയറാമിനു പുതുജീവന്‍ കിട്ടി. ഗിരീഷ് കുമാറിന് വീണ്ടും പേനയെടുത്തു പയറ്റാന്‍ പരിസരവും കിട്ടി. അതിനാല്‍ അദ്ദേഹം വീണ്ടും വീണ്ടും പടങ്ങളെഴുതിക്കൊണ്ടിരുന്നു. സമസ്തകേരളം പിഒയും സ്വപ്നസഞ്ചാരിയും ഭാര്യ അത്ര പോരയുമൊക്കെ അങ്ങനെ വന്നു.

അതിന്റെയൊക്കെ നെല്ലിപ്പടിയായിരിക്കുകയാണ് ഈ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെത്തന്നെ ചലച്ചിത്രദുരന്തമായി ഈ സിനിമയെ എണ്ണാം. ഈ ദുരന്തത്തിന്റെ കണക്കെടുത്താല്‍ ഒന്നാം പ്രതിയും രണ്ടാം പ്രതിയും മൂന്നാംപ്രതിയും ഇതിന്റെ രചന നിര്‍വ്വഹിച്ച കെ. ഗിരീഷ് കുമാറാണ്. ഇത്രയും ഉദാസീനവും ഉത്തരവാദിത്തരഹിതവുമായി ഒരു സിനിമയ്ക്കായി പേനയുന്തുന്നത് ഈ ന്യൂ ജനറേഷന്‍ കാലത്ത് അപഹാസ്യവും സാഹസിക്യവുമായി. ആമേനും ഇടുക്കി ഗോള്‍ഡും മുന്നറിയുപ്പുമൊക്കെ പുതിയ എഴുത്തുകാരുടെ സാങ്കേതികഭദ്രതയെങ്കിലുമാര്‍ന്ന സൃഷ്ടികളാകുന്ന കാലത്ത് ഇത്തരം പടുവങ്കന്‍ പടപ്പുകള്‍ക്ക് പിടിച്ചുനില്‍ക്കാനാകാത്തതില്‍ വിസ്മയം വേണ്ട.

നാലാം പ്രതി മാത്രമേയാകുന്നുള്ളൂ സംവിധായകന്‍ സിബി മലയില്‍. തന്നെക്കൊണ്ടാകും വിധം തനിക്കുകിട്ടിയ വിചിത്രരചനയെ പകര്‍ത്തിവയ്ക്കാന്‍ ആ പാവം കിണഞ്ഞുപണിഞ്ഞിട്ടുണ്ട്. പക്ഷേ, കൂദാശ നന്നായതുകൊണ്ട് മൃതദേഹത്തിനു മിണ്ടാട്ടം മുട്ടിയത് മാറിവരില്ലല്ലോ. അതുപോലെ, കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരുടെ കാര്യത്തിലും ഒന്നും പറയാനില്ല. കിട്ടിയ നാടകഡയലോഗുകള്‍ കഴിയുന്നത്ര ഭാവഭീകരതകളോടെ എല്ലാവരും അടിച്ചുകീച്ചിയിട്ടുണ്ട്. വിഭ്രാമകമെന്നു തോന്നിപ്പിക്കുന്ന ചില സങ്കീര്‍ണസംഗതികളാലാണ് പ്രമേയപരിസരം പൂര്‍ണമാകുന്നത്. അല്‍പം മാന്ത്രികസ്പര്‍ശനാട്യം. എല്ലാം ചീറ്റി. ഈ പടത്തെപ്പറ്റി കൂടുതലൊന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം ഒരു കൂട്ടുകെട്ടിലേക്ക് എത്തുന്ന ദുരന്തവിപര്യയത്തിന്റെ ചരിത്രം ഇഴകീറി പരിശോധിച്ചത്. ഇതെല്ലാം കണ്ടുകൊണ്ട് മോളില്‍, എന്നുവച്ചാല്‍ ബാല്‍ക്കണിയില്‍ ചിലര്‍ ഇരിക്കുന്നുണ്ട് എന്നുമാത്രം അണിയറക്കാരെ അറിയിക്കാന്‍.

[jwplayer mediaid=”141116″]

DONT MISS
Top