ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളികള്‍ നാട്ടിലേക്ക് മടങ്ങി

ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ ഭൂരിഭാഗം മലയാളി ഹാജിമാരും നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ മദീനയില്‍ ഉള്ള മലയാളി ഹാജിമാര്‍ നവംബര്‍ മൂന്നിന് നാട്ടിലേക്ക് മടങ്ങും. നവംബര്‍ എട്ടിന് ശേഷം സൗദിയില്‍ തങ്ങുന്ന ഹാജിമാരെ അനധികൃത താമസക്കാരായി കണക്കാക്കുമെന്ന് ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍നിന്നും ഹജ്ജ് കര്‍മ്മത്തിനെത്തിയ 6848 ഹാജിമാരില്‍ 3500 ഓളം പേര്‍ ഇതിനോടകം നാട്ടിലേക്ക് മടങ്ങി. സൗദിയില്‍ നിന്ന് ഇന്ത്യന്‍ ഹാജിമാരെയും വഹിച്ച് ഇതിനകം 220 വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ എംബാര്‍ക്കുമെന്റുകളിലേക്ക് പറന്നത്. കേന്ദ്ര ഹജജ് കമ്മിറ്റി വഴിയെത്തിയ 1,00020 ഹാജിമാരില്‍ 37,000 ഹാജിമാരാണ് ഇനി പുണ്യനഗരിയില്‍ അവശേഷിക്കുന്നത്. നവംബര്‍ എട്ടോടു കൂടി എല്ലാ ഇന്ത്യന്‍ ഹാജിമാരും നാട്ടില്‍തിരിച്ചെത്തും.

വിദേശത്ത് നിന്നുള്ള ഹാജിമാര്‍ നവംബര്‍ എട്ടിനകം തിരിച്ചുപോകണമെന്ന് സൗദി ഹജജ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹജ്ജ് വിസയില്‍ എത്തി സൗദിയില്‍ തങ്ങിയാല്‍ അത്തരക്കാരെ അനധികൃത താമസക്കാരായി കണക്കാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

DONT MISS
Top