ഹൃത്വിക് റോഷന്റെ മാലപ്പടക്കമാണ് ബാംഗ് ബാംഗ്

ടോം ക്രൂയ്‌സും കാമറോണ്‍ ഡയസും പ്രധാനവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട നൈറ്റ് ആന്റ് ഡേ എന്ന ഹോളിവുഡ് പടത്തിന്റെ പച്ചയായ പകര്‍പ്പു പടപ്പാണ് ഈ വെടിയുപ്പ് എന്ന് പടത്തിന്റെ തുടക്കത്തില്‍ത്തന്നെ എഴുതിക്കാണിച്ചുകൊണ്ടാണ് പടം തുടങ്ങുന്നത്. ബിസിനസ് കൂട്ടാളികളുടെ പേരുകളുടെ നൂറ്റുക്കണക്കായ അവതാരപ്പെരുമകള്‍ക്കിടയില്‍ എഴുതിത്തെളിഞ്ഞു മായുന്ന ഈ സത്യവാങ്മൂലം കാണികള്‍ ശ്രദ്ധിച്ചാലായി, ഇല്ലെങ്കില്‍ അതുമായി. രണ്ടായാലും ഇന്ത്യന്‍ കാണികളുടെ വിവിധശ്രേണികള്‍ക്കൊന്നിനും ഈ കടപ്പാടു വിളിച്ചുചൊല്ലല്‍ അവരുടെ ആസ്വാദനത്തിനു വിഘാതമാവില്ലെന്നുറപ്പ്.

ലോകനാശകമായ ഒരു അണുബോംബിന്റെ സൂത്രവാക്യം അമേരിക്കനിതരമായ ഒരു ശക്തി സംഭൃതമാക്കുന്നതും, സ്വാഭാവികമായും ലോകസമാധാന സംസ്ഥാനാര്‍ത്ഥം. അതിനായി ഉഴിഞ്ഞുവയ്ക്കപ്പെട്ട അമേരിക്ക ആ അറിവുപകരല്‍ നിര്‍വീര്യമാക്കുന്നതും മറ്റും മറ്റുമാണ് ഹോളിവുഡ് നിര്‍മിതിയായ നൈറ്റ് ആന്റ് ഡേയുടെ പ്രമേയപരിസരം. സാങ്കേതികസൗന്ദര്യം, ഒപ്പം താരനടീനടന്മാരുടെ ആസ്വാദ്യമായ അഭിനയവും ജോഡിചേരലും എന്നിവയാണ് ആ ഹോളിവുഡ് സിനിമയെ ആസ്വാദ്യമാക്കിയിരുന്നത്.

ഇവിടെ ഹൃത്വിക് റോഷന്റെയും കത്രീനാ കെയ്ഫിന്റെയും താരസാന്നിധ്യങ്ങളെ ഉപയോഗപ്പെടുത്തുന്ന ബാംഗ് ബാംഗും വേറൊന്നല്ല ശ്രമിക്കുന്നത്. ഇരുവരുടെയും ആരാധകസഹസ്രങ്ങളെ വെടികൊണ്ടും തടികൊണ്ടും സംതൃപ്തിപ്പെടുത്താനും സമാധാനിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് സിനിമ കൈക്കൊള്ളുന്നത്. ധൂം പരമ്പരപ്പടങ്ങള്‍ കണ്ടുമടുത്തിട്ടുള്ളവര്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം പറയാം. ധൂം രണ്ടില്‍ നിന്ന് ഹൃത്വിക് റോഷനും ധൂം മൂന്നില്‍നിന്ന് കത്രീനാ കെയ്ഫും വന്നു ചേര്‍ന്ന് ഒരു ധൂം നാല് ഉണ്ടായെന്നു സങ്കല്‍പിക്കുക, ആ ധൂം നാലാണ് ഈ കാണുന്ന ബാംഗ് ബാംഗ് എന്നു പറഞ്ഞാല്‍ തെറ്റില്ല.

ഹോളിവുഡ് പടത്തില്‍ ആണവപ്രശ്‌നമാണ് ആഗോളപ്രശ്‌നമായി മാറുന്നതെങ്കില്‍ ഇവിടെ കോഹിനൂര്‍ എന്ന രത്‌നമാണ് ആഗോളപ്രശ്‌നമായി മാറുന്നത്. പിടികിട്ടിയില്ലാത്തവര്‍ക്കു വേണ്ടി ആവര്‍ത്തിക്കട്ടെ. ഇന്ത്യയുടെ രത്‌നശേഖരത്തില്‍ നിന്ന് ഇംഗ്ലീഷുകാര്‍ പണ്ടേക്കു പണ്ടേ തട്ടിക്കൊണ്ടുപോയ അതേ കോഹിനൂര്‍ രത്‌നം തന്നെ. ഷെര്‍ലക് ഹോംസ് പോലും തന്റെ കഥയില്‍ ഉപയോഗിച്ച അതേ ഇന്ത്യന്‍ രത്‌നശേഖര പൈതൃകസ്മരണ തന്നെ.

ഇന്ത്യ, പാക്കിസ്ഥാന്‍, ഇവ രണ്ടിനെയും സൃഷ്ടിച്ച, പരസ്പരം സംഹരിക്കാന്‍ പാകത്തില്‍ ഇവയെ രണ്ടിനെയും പാകപ്പെടുത്തിയ ഇംഗ്ലണ്ട് എന്നീ മൂന്നു രാഷ്ട്രങ്ങളുടെ പരഭാഗപശ്ചാത്തലത്തിലാണ് ഈ രത്‌നലീല സങ്കല്‍പിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ നിര്‍മാണം അമേരിക്കന്‍ കമ്പനികളില്‍ പ്രമുഖമായ ഫോക്‌സ് ആണെന്നാണു മനസ്സിലാക്കുവാനാകുന്നത്. അമേരിക്കന്‍ കുറുക്കന്‍ സ്വ്പനങ്ങളുടെയും സാക്ഷാല്‍ക്കാരങ്ങളുടെയും ഇരയാകുകയാണ് ലോകത്തെ ഏറ്റവും വലിയ സിനിമാവിപണികളിലൊന്നായ ബോളിവുഡ് എന്നതിന് ഒരു തെളിവുകൂടിയായിത്തീരുകയാണ് ഈ ബാംഗ് ബാംഗ്.

കോഹിനൂര്‍ രത്‌നം ഇംഗ്ലണ്ടില്‍ നിന്നു മോഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് സിനിമയുടെ പ്രധാനശരീരം വികസിച്ചുവരുന്നത്. ആ മോഷ്ടാവിന്റെ രൂപം വിളംബരം ചെയ്യപ്പെട്ടിട്ടുമുണ്ട്. അതു നമ്മുടെ ഹൃത്വിക് റോഷന്റെ ശരീരവും മുഖവുമാണ്. ആ രത്‌നമോഷ്ടാവിന്റെ പിന്നാലെ യഥാര്‍ത്ഥത്തില്‍ രത്‌നം മോഷ്ടിക്കാന്‍ ആഗ്രഹിച്ച ഒരു അന്താരാഷ്ട്ര കൊള്ളസംഘം എത്തിച്ചേരുന്നു. അങ്ങനെ അവര്‍ എത്തിച്ചേരുമ്പോള്‍, അവരെ അറസ്റ്റു ചെയ്ത് ഹൃത്വിക് ഒരു ഇന്ത്യന്‍ രഹസ്യാന്വേഷണോദ്യോഗസ്ഥനാണെന്നു തെളിയിക്കുകയാണ് സിനിമ ചെയ്യുന്നത്.

അടി, ഇടി, വെടി, പാട്ട്, ആട്ടം, രഹസ്യാന്വേഷണം, കുറ്റാന്വേഷണം, ചില്ലറ പെണ്‍നഗ്‌നത, എന്നിങ്ങനെ സകല മാട്ടും മാരണവും ഈ പടത്തിലുണ്ട്. ഇതിലില്ലാത്തത് മഹാഭാരതത്തില്‍ പോലും ഇല്ലെന്ന് പൈക്കോ ക്ലാസിക്കിന്റെ അനന്തപൈ പോലും അനന്തമായി സമ്മതിച്ചുപോകുന്ന അവസ്ഥ. ഇതെല്ലാം ചെയ്യുന്ന ഹൃത്വിക് റോഷന്‍. ഓന്‍ വെടിയുണ്ടകള്‍ക്കിടയിലൂടെ വെടിയുണ്ടപോലെ പാഞ്ഞുകീഞ്ഞാളയുന്ന പഹയനാണ്. ഓടി ഒടിയന്‍ മറയുന്നതായി നടിക്കുമെങ്കിലും വളവുതിരിഞ്ഞാല്‍ വാലേ വരുന്ന വമ്പന്മാരെ അടിച്ചു നടുവൊടിച്ചുകളയും. പിന്നെ ചായക്കടയില്‍ കയറി പുട്ടും മുട്ടറോസ്റ്റും കഴിച്ച് അവിടെ ആദ്യമായി കാണുന്ന പെങ്കൊച്ചിനെ പ്രസാദിപ്പിക്കാന്‍ ഞരമ്പുഡാന്‍സ്് ആടുകയും തുടര്‍ന്ന് സംഘട്ടനം പൂര്‍ത്തിയാക്കുകയും ചെയ്യും. ഈ ചേട്ടന്റെ ഡാന്‍സ് കണ്ടാല്‍ പണ്ട് മെഡിക്കോസ് എക്‌സിബിഷനുകളില്‍ കണ്ട അസ്തികൂടനൃത്തം ആളുകളുടെ സ്മരണയില്‍ വിരിയുന്നെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒന്നുകില്‍ മെഡക്‌സ് സംഘാടകരെ കുറ്റം പറയുക, അല്ലെങ്കില്‍ അസ്തികൂടത്തിനെ. അതുമല്ലെങ്കില്‍ അഗസ്ത്യകൂടത്തിനെ.

പണ്ടുപണ്ട് വികെഎന്റെ ഒരു കഥാപാത്രം തന്നെ വീട്ടിലേക്കു ക്ഷണിച്ച് സകലവിഭവങ്ങളും ചോറടക്കം തൈരുകൊണ്ടു നിര്‍മിച്ച് ഊട്ടി, പൂസാക്കി വിട്ട ഒരു ചങ്ങാതിയെ പിന്നീടു വഴിയിലവച്ചു കാണുന്ന രംഗമുണ്ട്. ചങ്ങാതി വീണ്ടും വീട്ടിലേക്കു തൈര്‌സാവദത്തിനു ക്ഷണിക്കുന്നു. തൈരിനിരയായവന്‍ ചീത്തവിളിക്കുന്നത് ഇങ്ങനെയാണ്. വീട്ടില്‍ തൈരുണ്ടെന്നു വച്ച് മാന്യന്മാര്‍ക്കു വഴിനടക്കാന്‍ പാടില്ലെന്നായോ. ഇതുപോലെ, കൈയില്‍ ഹൃത്വിക് റോഷനുണ്ടെന്നു വച്ച് മാന്യന്മാര്‍ക്കു വഴിനടക്കാന്‍ പാടില്ലാതായോ എന്നു ചോദിച്ചുപോകും ബാംഗ് ബാംഗ് എന്ന ഊളപ്പടം കാണുന്ന ഏതൊരുവനും. സാങ്കേതികമേന്മയല്ല സിനിമയുടെ ആത്മാവിനെ, അതിപ്പോള്‍ കച്ചവടസിനിമയായാല്‍ അതിന്റെ പോലും എന്നു തിരിച്ചറിയാന്‍, തിരിച്ചെറിയാന്‍ ഒക്കെ കാണികളോടു ജാഗ്രത ആവശ്യപ്പെടുന്നു ഈ വെടിപ്പടം.

[jwplayer mediaid=”136360″]

DONT MISS
Top