കൈലാഷ് സത്യാര്‍ത്ഥിക്കും മലാല യൂസഫ്‌സായിക്കും സമാധാന നൊബേല്‍

സ്‌റ്റോക്ക് ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കും, പാക്കിസ്ഥാന്‍കാരി മലാല യൂസഫ് സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം.

ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍ നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ് മലാല. താലിബാന്‍ ആക്രമണത്തിന് ഇരയായ പാകിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായ് (17) പുരസ്‌ക്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഇന്ത്യയില്‍ നിന്നുള്ള ഒരു ഹിന്ദുവിനും പാകിസ്താനില്‍ നിന്നുള്ള ഒരു മുസ്ലീംപെണ്‍കുട്ടിക്കും സമാധാന നൊബേല്‍ പങ്കിട്ട് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി അറിയിച്ചു.

1901ല്‍ ആണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം തുടങ്ങിയത്. ഇതുവരെ 124 നൊബേല്‍ സമ്മാന ജേതാക്കള്‍ ഉണ്ടായിട്ടുണ്ട്. 100 വ്യക്തികളും 24 സംഘടനകളും ഇതില്‍പ്പെടും.

BzkvOjSIcAAoUbL
DONT MISS
Top