പ്രമുഖ ബ്രാന്‍ഡുകള്‍ വിലക്കുറവില്‍; ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പ്പന തകൃതി

തൃശ്ശൂര്‍: സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകളില്‍ മദ്യം വിലകുറച്ചു വില്‍ക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളായി ഇറങ്ങുന്ന മദ്യമാണ് വിലകുറച്ച് വില്‍ക്കുന്നത്. മദ്യവില്‍പന ഉയര്‍ന്നുവെന്ന ബീവറേജസ് കോര്‍പ്പറേഷന്റെ നിലപാടിനെ സാധൂകരിക്കാനാണ് ഈ നീക്കമെന്നാണ് ആക്ഷേപം.

50 ശതമാനം വരെ വിലക്കുറവിലാണ് ബീവറേജസ് ഔട്ട് ലെറ്റുകള്‍ വഴി മദ്യവില്‍പന നടത്തുന്നത്. ക്‌ളാസ് 21, മോര്‍ഫ്യൂസ്, ബൗള്‍സ്, വി ജോണ്‍സ് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് വിലകുറച്ചുവില്‍ക്കുന്നത്. ഇതില്‍ വി ജോണ്‍സ് ബ്രാന്‍ഡി 350 എംഎല്‍ ബോട്ടിലിന് 130 ആയിരുന്നു വില. ഇത് ഇപ്പോള്‍ വില്‍ക്കുന്നത് 70 രൂപക്കാണ്. ഒക്ടോബര്‍ മാസം മദ്യവില്‍പന വര്‍ദ്ധിച്ചുവെന്ന് വരുത്തുവാനാണ് ബീവറേജസ് കോര്‍പ്പറേഷന്റെ നീക്കമെന്നാണ് ആക്ഷേപം.

കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മദ്യവില്‍പ്പന കൂടിയെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ നിലപാടെടുത്തിരുന്നു. ഇതിനെ സാധൂകരിക്കാനുള്ള ശ്രമമാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കണമെന്നും ടിഎന്‍ പ്രതാപന്‍ എംഎല്‍എ പറഞ്ഞു.

അതേസമയം, നാല് കമ്പനികള്‍ ചില ബ്രാന്‍ഡുകളുടെ വില ഒക്ടോബര്‍ 1 മുതല്‍ കുറച്ചിരുന്നുവെന്നും അവയാണ് കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തിയതെന്നും ബീവറേജസ് കോര്‍പ്പറേഷന്‍ എംഡി അറിയിച്ചു.

DONT MISS
Top