നോക്കിയയ്ക്കു പിന്നാലെ യാഹുവും പിന്മാറുന്നു

ബംഗളൂരു: നോക്കിയ ഇന്ത്യയിലെ പ്‌ളാന്റ് പൂട്ടുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ യാഹുവും രാജ്യത്തെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി വാര്‍ത്തകള്‍. 2,250 എന്‍ജിനിയര്‍മാരില്‍ രണ്ടായിരം പേരെ വരെ പിരിച്ചുവിടാന്‍ യാഹു തയ്യാറെടുക്കുകയാണെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറികളില്‍ ഒന്നായ ശ്രീപെരുംപുതൂര്‍ പ്‌ളാന്റ് പൂട്ടുന്നതായാണ് നോക്കിയ അറിയിച്ചത്. നവംബര്‍ ഒന്നിന് അടയ്ക്കുമെന്നാണ് നോക്കിയയുടെ അറിയിപ്പ്. ആറായിരം പേര്‍ വരെ ജോലി ചെയ്തിരുന്ന സ്ഥാപനമാണിത്. നോക്കിയയെ മൈക്രോ സോഫ്റ്റ് ഏറ്റെടുത്തപ്പോള്‍ ചെന്നൈ പ്‌ളാന്റ് മാത്രം ഒഴിവാക്കിയിരുന്നു.
ചെന്നൈ പ്‌ളാന്റിന് എതിരേ ആദായ നികുതി വകുപ്പ് നടപടി നടക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് മൈക്രോസോഫ്റ്റ് ഈ പ്‌ളാന്റ് ഒഴിവാക്കിയത്. മൈക്രോ സോഫ്റ്റിനു വേണ്ടി നോക്കിയ സ്വന്തം നിലയ്ക്ക് ഇവിടെ ഉത്പാദനം നടത്തി വരികയായിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് പൂട്ടാന്‍ ഇപ്പോള്‍ തീരൂമാനിച്ചത്.
ഇതിനു പിന്നാലെയാണ് രാജ്യത്ത് എത്തിയ ആദ്യത്തെ രാജ്യാന്തര ഇന്റര്‍നെറ്റ് സ്ഥാപനമായ യാഹൂവും പ്രവര്‍ത്തനം നിര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ വരുന്നത്. 2002ലാണ് യാഹു ഇന്ത്യയില്‍ എത്തിയത്. തുടര്‍ന്ന് ഗൂഗിളും എത്തി. ബംഗ്‌ളൂരു ആസ്ഥാനമായി 2,250 എന്‍ജിനിയര്‍മാരാണ് യാഹുവിന് ഉള്ളത്. ഇതില്‍ രണ്ടായിരം പേരെ വരെ പിരിച്ചു വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷിക്കുന്നവരെ സിലിക്കണ്‍ വാലിയിലെ ഗവേഷണ കേന്ദ്രത്തിലേക്കു മാറ്റാനാണ് നീക്കം.

DONT MISS
Top