വെള്ളിമൂങ്ങ ഒരു സ്വര്‍ണമൂങ്ങ

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ബിജുമേനോന്‍ തനിച്ച് നായകവേഷം കൈകാര്യം ചെയ്യുന്ന സിനിമയാണ് വെള്ളിമൂങ്ങ. നായകനായാണു രംഗത്തുവന്നതെങ്കിലും നായകവേഷം തന്റെ ജനപ്രിയ കരിയറില്‍ സ്വാഭാവികമല്ലെന്നു കണ്ട് ഇതരവേഷങ്ങളിലേക്കു കൂടുമാറിയ നായകനാണ് ബിജുമേനോന്‍. മാന്നാര്‍ മത്തായി സ്പീക്കിംഗിലെയും അഴകിയ രാവണനിലെയും ശുദ്ധരില്‍ ശുദ്ധനായ ദുഷ്ടന്റെ വേഷം ചെയ്തു വ്യത്യസ്തനായ വില്ലനായി മാറി അദ്ദേഹം.

അതിനുശേഷം നായകക്കൂട്ടത്തിലൊരാളും സഹചാരിയും ഒക്കെയായി മാറിയ ബിജു വീണ്ടും വിജയനായകക്കൂട്ടായ്മയിലെ അംഗമാകന്നത് ഈയടുത്തുവന്ന സംഘക്കളികളിലെ സഹതാരമായിക്കൊണ്ടാണ്. ഓഡിനറിയും സീനിയേഴ്‌സും ഒക്കെ അതിന്റെ പലപാടു തെളിവുകളായി. ഇപ്പോള്‍ വെള്ളിമൂങ്ങയില്‍ വീണ്ടും ആരുടെയും കൂട്ടും കൂട്ടായ്മയുമില്ലാതെ ബിജു മേനോന്‍ സോളോ നായകനായി എത്തുന്നു. പടം ജനം ഏറ്റെടുക്കുന്ന മട്ടുണ്ട്. അങ്ങനെ ഈ നല്ല നടന്‍ ഒരു താരമായി മാറാനുളള അരങ്ങാണൊരുങ്ങുന്നതെന്നു കരുതാം.

ക്യാമറാമാനായി രംഗത്തുവന്ന ജിബു ജേക്കബാണ് വെളളിമൂങ്ങയുടെ സംവിധാനം. കഥയില്‍ പാതിയും അദ്ദേഹം കൈകാര്യം ചെയ്യുന്നു. അപ്രതീക്ഷിതമായ വിജയം നേടുകയാണ് വെള്ളിമുങ്ങ. അങ്ങനെ പുതിയൊരു ടീം നിലവില്‍ വരുന്നു. ഏതായാലും വലിയ വക്കാണപ്പടങ്ങള്‍ക്കി ടയില്‍ ആരുടെയും സഹായവും സ്വജനപക്ഷപാതവുമില്ലാതെ ഈ കൊച്ചുപടം വിജയിക്കുന്നതു കാണുന്നത് രസകരവും സന്തോഷകരവുമായ കാഴ്ചയത്രേ.

ലളിതമായൊരു നാടന്‍ കഥ, അതിന്റെ തികച്ചും ലളിതവും സുതാര്യവും അഴകെഴുന്നതുമായ പ്രതിപാദനം. ഈയൊരു നാടന്‍ സംയുക്തമാണ് വെള്ളിമൂങ്ങയെ കണ്ടിരിക്കാനും ആസ്വദിക്കാനും പാകമാക്കുന്നത്. തനിനാടന്‍ നര്‍മത്തില്‍ ചാലിച്ചിരിക്കുന്ന സന്ദര്‍ഭനങ്ങളില്‍ പലതും ശരിക്കും ആസ്വാദ്യമാണ്. മാമച്ചന്റെ വേഷത്തിലെത്തി ആ സന്ദര്‍ഭകങ്ങള്‍ക്കു ചാരുത പകരുന്ന ബിജുമേനോന്റെ അഭിനയവും പടത്തിനു തിലകക്കുറിയായി വര്‍ത്തിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രവും ഗാന്ധിജിയുടെ ഖദര്‍മാഹാത്മ്യവുമൊക്കെ വര്‍ണിക്കുന്ന ഒരു ടൈറ്റില്‍ ആസൂത്രണമാണ് പടത്തിനുള്ളത്. അവിടെനിന്ന് ആദര്‍ശധീരതയോടെ ഖദറിനെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും കൊണ്ടുനടന്ന ഒരു കാഞ്ഞിരപ്പള്ളിക്കാരന്റെ കഥപറച്ചിലിലേക്കു കാര്യം മാറുന്നു. സ്വാഭാവികമായും ആദര്‍ശധീരത കൊണ്ടു പരാജയം ഏറ്റുവാങ്ങിയ ആളാണാ മനുഷ്യന്‍. അദ്ദേഹത്തിന്റെ മകനായ മാമച്ചന്‍ ഖദറിന്റെ ശക്തി അവിചാരിതമായി കണ്ടറിയുന്നത് തന്റെ കൗമാരകാലത്താണ്. അന്നുമുതല്‍ ഖദറുപേക്ഷിക്കാത്ത മാമച്ചന്‍ അവസരവാദപരമായ കൗശലങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണാകയകശക്തിയായി മാറുന്നതിന്റെ കഥയായിട്ടാണ് വെള്ളിമൂങ്ങ പറഞ്ഞുപോരുന്നത്.

ഇന്ത്യന്‍ കൂട്ടുകക്ഷിരാഷ്ട്രീയ ലീലയുടെ ഒരു സറ്റയര്‍ ആയി മാറിയിട്ടുണ്ട വെള്ളിമൂങ്ങയെന്നു നിസ്സശംയം പറയാം. ഇക്കാര്യത്തില്‍ ഈ സിനിമയുടെ പൂര്‍വമാതൃകകളായ പഞ്ചവടിപ്പാലത്തെയും ഡോക്ടര്‍ പശുപതിയെയും കണക്കറ്റു ആശ്രയിക്കുന്നുണ്ട് വെള്ളിമൂങ്ങയെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. എന്നാല്‍, സാന്ദര്‍ഭികസൗന്ദര്യം തുളമ്പുന്ന നര്‍മതങ്ങളാളും ആഴമേറിയതെന്നു വ്യക്തമായ രാഷ്ട്രീയാക്ഷേപഹാസ്യ രസനീയതകളായും കാണുന്നവരുടെ ഹൃദയം കവരാനുള്ള സരളത ചിത്രം ആര്‍ജിക്കുന്നുണ്ട്. ചില രംഗങ്ങള്‍ നമ്മെ ശരിക്കും ചിരിപ്പിച്ചു മറിക്കുക തന്നെ ചെയ്യും. ഡല്‍ഹി രാഷ്ട്രീയത്തില്‍ മാമച്ചന്‍ നടത്തുന്ന നിര്‍ണായക പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ ഡല്‍ഹി യാത്രരംഗം ഒരുക്കിയിരിക്കുന്നത് രസനീയമായിട്ടാണ്. കൂട്ടുകക്ഷിയായ പാച്ചന്റെ ഡല്‍ഹിഗേറ്റിനെയും അതിന്റെ മതിലിനെയും പറ്റിയുള്ള പരാമര്‍ശം രസകരമായിട്ടുണ്ട്. ഈ രസത്തിന്റെ മാറ്റുകൂട്ടുംവിധമാണ് ആ പരാമര്‍ശത്തോട് മാമച്ചന്റെ പ്രതികരണം. ലളിതസരളസുന്ദരമായ നര്‍മം ഈ രംഗങ്ങളില്‍ ആസ്വദിക്കാനാകും.

മാമച്ചന്റെ ബുദ്ധിപരമായ നീക്കങ്ങളും ലഘുകൗശലങ്ങളും സിനിമയുടെ ആദ്യം തൊട്ടേ കാണികളെ ബോദ്ധ്യപ്പെടുത്തിപ്പോരുന്നതിനാല്‍ അവസാനഘട്ടങ്ങളിലെ കുതന്ത്രങ്ങള്‍ ഏച്ചുകെട്ടലുകളാകാതെ രക്ഷപ്പെട്ടു. ഇലക്ഷന്‍ ജയിക്കാന്‍ നടത്തുന്ന തട്ടിപ്പുകളും സൂത്രപ്പണികളും രസകരമായിട്ടുണ്ട്. ബിജുമേനോനു പുറമേ, അജു വര്‍ഗീസും പടത്തിന്റെ രസനീയതയ്ക്കു തന്നെക്കൊണ്ടാകുന്ന സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ ചെയ്ത നടീനടന്മാര്‍ പോലും തങ്ങളുടെ വേഷങ്ങളോടു കൂറു പുലര്‍ത്തുന്നതുകാരണം സിനിമ ഒട്ടും ബോറടിപ്പിക്കുന്നില്ല. ഒരു സാധാരണ കച്ചവടസിനിമയ്ക്കു പറ്റാവുന്നത്ര രസകരവും സുന്ദരവുമായിട്ടുണ്ട് വെള്ളിമൂങ്ങ. കുട്ടികളുടെ പ്രകടനപശ്ചാത്തലത്തിലുള്ള പാട്ടും കൗതുകകരമായി.

ഡോക്ടര്‍ പശുപതിയും മറ്റും പോലെ അംഗീകരിക്കപ്പെടാവുന്ന ഒരു സിനിമ തന്നെയാണ് വെള്ളിമൂങ്ങ. ഒരുദാത്ത കലാസൃഷ്ടി എന്ന നിലയിലല്ല. ആസ്വാദ്യമായ ഒരു കൊച്ചുസുന്ദരചിത്രമെന്ന വിധത്തില്‍. ഇതില്‍ സ്ത്രീവിരുദ്ധവും കോമാളിത്തപരവുമായ വശങ്ങളില്ലേ എന്നൊക്കെ ചോദിച്ചാല്‍ നിറയെ ഉണ്ടെന്നു പറയേണ്ടിവരും. അതെല്ലാം വിട്ടിട്ട് ചുമ്മാ രസിച്ചു കാണാനാണെങ്കില്‍ ഈ വെള്ളിമൂങ്ങ കൊള്ളാമെന്നു തന്നെ പറയാം. കഴിഞ്ഞ വെള്ളിയാഴ്ചയിറങ്ങിയ പടങ്ങളില്‍ കച്ചവടപരമായി ഈ വെള്ളിമൂങ്ങ സ്വര്‍ണമൂങ്ങയായിത്തീരുന്നതിനും മറ്റൊരു കാരണവും തിരയേണ്ടതില്ല.

DONT MISS
Top