അകംപുറം ജീവനില്ലാത്ത എടുപ്പുകുതിരയായി ഇരുമ്പു കുതിരൈ

അഥര്‍വ്വ മുരളിയും പ്രിയ ആനന്ദും അഭിനയിക്കുന്ന യുവരാജ് ബോസ് സിനിമയാണ് ഇരുമ്പുകുതിരൈ.

ഭൂതകാലത്തിനെ ആ പേരില്‍ വിളിക്കുന്നത് അത് മൃതമായതുകൊണ്ടും ഇടയ്ക്കിടെ പേടിപ്പിക്കാന്‍ തിരിച്ചുവരുന്നതുകൊണ്ടുമാണ്. ഇവിടെ ഇരുമ്പുകുതിരൈയില്‍ ഭൂതകാലത്തിന്റെ വേട്ടയാടല്‍ കൊണ്ടു വേറിട്ട ആളായിത്തീരുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണുള്ളത്. അതോടൊപ്പം ഇതൊരു മോട്ടോര്‍ ബൈക്കു പടം കൂടിയാണ്. ഇരുമ്പുകുതിരൈ എന്നാല്‍ മോട്ടോര്‍ ബൈക്ക് എന്നു തന്നെ കരുതണം. ധനുഷും വെട്രിമാരനും ഒന്നിച്ച പൊല്ലാതവനും ഈ ജനുസ്സില്‍ വരുന്ന പടമായിരുന്നു.

തന്റെ അപ്പന്റെ മരണത്തിനു കാരണം താനാണെന്നു കരുതുന്ന പൃഥ്വിയാണു സിനിമയിലെ നായകകഥാപാത്രം. എന്നാല്‍, സത്യമതല്ലെന്നറിയുന്ന അമ്മ പൃഥ്വിയെ തന്റെ ഭൂതകാലരതിയില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ യത്‌നിച്ചുതോല്‍ക്കുന്നു. സംയുക്ത എന്ന പെണ്‍കുട്ടിയുമായി പ്രേമത്തിലാകുന്നതോടെയാണ് പൃഥ്വിയില്‍ അല്‍പം മാറ്റം വരുന്നത്. അതിനിടെ സംയുക്തയെ ആരോ തട്ടിക്കൊണ്ടുപോകുന്നു. അവളെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെടുന്ന പൃഥ്വി ഏറ്റുമുട്ടുന്നത് തന്റെ തന്നെ, താന്‍ ബോദ്ധ്യപ്പെട്ടുതീരാത്ത ഭൂതകാലവുമായാണ്.

പുറമേയ്ക്ക് ശ്രദ്ധേയമെന്നു തോന്നുന്ന, പുതുമയുള്ളതെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രമേയം പക്ഷേ, വളരെ ബാലിശമായി രീതിയിലാണ് സിനിമയില്‍ ആവിഷ്‌കൃതമായിരിക്കുന്നത്. പ്രിയ ആനന്ദ് മാസങ്ങള്‍ക്കു മുന്‍പ് അഭിനയിച്ചു പുറത്തുവന്ന അരിമാ നമ്പിയിലും അവള്‍ ഒരു തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നതും നായകന്‍ രക്ഷിക്കാന്‍ വരുന്നതും മറ്റും മറ്റുമായിരുന്നു. അതും ഇരുമ്പുകുതിരയുടെ കുതിരശക്തി കുറയ്ക്കുന്നുണ്ട്.

നല്ല പാട്ടുകളോ കൗതുകം പകര്‍ന്നു.കൊണ്ടു കഥ പറഞ്ഞുപോകുന്ന നൈരന്ത്യരത്തിന്റെ മിനിമം മര്യാദയോ ഒന്നും ഇരുമ്പുകുതിരയില്‍ കാര്യമായി കാണാനാകില്ല. തുടരെയിറങ്ങുന്ന ന്യൂ ജനറേഷന്‍ തമിഴ് പടപ്പുകളില്‍ മറ്റൊന്നുകൂടി. അത്രമാത്രം. ഇതു പോലെ അനേകം ചിത്രങ്ങള്‍ വരുന്നു. ചിലതു വെറ്റിനേടുന്നു. ചിലതു തെറ്റിപ്പോകുന്നു. തെറ്റിപ്പോയ കൂട്ടത്തില്‍ പെടുന്ന പടമാണ് ഈ ഇരുമ്പുകുതിര. ഉണ്ണാപ്പെരുകുതിരയെന്ന് അകം കവിത. അകംപുറം ജീവനില്ലാത്ത എടുപ്പുകുതിരയാണിതെന്ന് ഇന്നത്തെ പുറംകവിത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top