പരാജയമടയുന്ന പാഴ് വേലയായി ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു

ചന്ദ്രഹാസന്‍ തിരക്കഥയൊരുക്കി, സംവിധാനം ചെയ്ത സിനിമയാണ് ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു.പ്രമുഖസാഹിത്യകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഇതേ പേരിലുള്ള ചെറുകഥയെ അവലംബിച്ചാണ് ഈ സിനിമ ഉണ്ടായിരിക്കുന്നത്. എന്നാല്‍, പോസ്റ്ററുകളിലൊന്നും പുനത്തിലിന്റെ പേരുപയോഗിക്കാതെ രചനയും സംവിധാനവും താന്‍ എന്ന ഞാന്‍ ഭാവമാണ് സംവിധായകന്‍ കാട്ടിയിരിക്കുന്നത്. സിനിമയുടെ സാഹിത്യം തിരക്കഥയാണ് എന്ന വാദത്തിന്മേല്‍ വേണമെങ്കില്‍ അവസാനത്തെ ഹാസം വേണ്ടമെങ്കില്‍ ചന്ദ്രഹാസനു സ്വന്തമാക്കാം. എന്നാലും പുനത്തിലിനേക്കാള്‍ പ്രശസ്തി തനിക്കില്ലാത്തതിനാല്‍, പുനത്തിലിന്റെ പേര് പടത്തിനു കുറച്ചുകൂടി ജനകീയത കൈവരുത്തിയിരുന്നേനെ എന്ന വിപണിവിവരമെങ്കിലും അദ്ദേഹത്തിനറിയാത്തതു കഷ്ടതരമായി.

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രില്ലര്‍ ജനുസ്സില്‍പ്പെട്ട ഒരു പടമായിട്ടാണ് ജോണ്‍ പോളിന്റെ വാതില്‍ തുറക്കലിനെ നിര്‍മ്മിച്ചിട്ടുള്ളത്. ഈ സിനിമയുടെ ഏറ്റവും വലിയ മേന്മയും ഇതിനു രണ്ടു മണിക്കൂറേ ദൈര്‍ഘ്യമുള്ളൂ എന്നതാണ്. അല്ലായിരുന്നെങ്കില്‍ കൂടുതല്‍ കാണേണ്ടി വന്നിരുന്നേനേ. അക്കാര്യത്തില്‍ സംവിധായകനും എഡിറ്ററും ശ്ലാഘിക്കപ്പെടേണ്ടവരാണ്.

മലര്‍വ്വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ അരങ്ങത്തെത്തിയ ദീപക്കാണ് ആക്ഷന്‍ ഹീറോയെ അവതരിപ്പിക്കുന്നത്. നല്ല നടനശേഷിയുള്ള ദീപക് മലര്‍വാടിയിലും പിന്നീടു നാം കണ്ട തിരയിലും വളരെ ഔചിത്യഭംഗിയാര്‍ന്ന പ്രകടനം കാഴ്ച വച്ചിരുന്നു. ഇവിടെയും തന്റെ കഴിവിന്റെ പരമാവധി പാവം പ്രടിപ്പിച്ചിട്ടുണ്ട്. പക്ഷേ, അദ്ധ്വാനം ഒരു അറുമുഷിപ്പന്‍ പടത്തിനുവേണ്ടിയായിപ്പോയി എന്നുമാത്രം.

പുനത്തിലിന്റെ കഥ ഒരു വിചിത്രസങ്കീര്‍ണ മനോഭാവത്തിന്റെയും പ്രവൃത്തിപഥങ്ങളുടെയും വിവരണമാണ്. കഥയെന്ന നിലയില്‍ വലിയ ദ്യോതകശക്തി സംഭരിച്ചിട്ടുള്ള കഥയുമാണത്. എന്നാല്‍, തിരക്കഥയിലേക്ക് ആ സൂചനകളെ ശക്തമായി പകരാന്‍ സാധിച്ചതേയില്ല. പരിപൂര്‍ണമായും പരാജയമടയുന്നൊരു പാഴ് വേലയായി പരിണമിച്ചിരിക്കുന്ന ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു മലയാളസിനിമയ്ക്ക്, അതിന്റെ വര്‍ത്തമാനകാലത്തിന്, അതിന്റെ ഭാവിക്ക് ഒട്ടും ഭൂഷണമല്ലതന്നെ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top