രവി ശാസ്ത്രിയോട് ടീം ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

2015-ലെ ക്രിക്കറ്റ് ലോകകപ്പ് കഴിയുന്നത് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ രവി ശാസ്ത്രിയോട് ബി സി സി ഐ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. പരിശീലകന്‍ ഡങ്കന്‍ ഫ്‌ളെച്ചര്‍ സ്വയം ഒഴിവാകാന്‍ സന്നദ്ധനായാല്‍ തടയില്ലെങ്കിലും നിര്‍ബ്ബന്ധിക്കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നിലപാട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ രവി ശാസ്ത്രിയുടെ സാന്നിധ്യമാണ് ഏകദിന പരമ്പര ജയത്തിലേക്ക് നയിച്ചതെന്നാണ് ബി സി സി ഐയുടെ വിശ്വാസം. ടീമിന്റെ രക്ഷകനായി അവതരിച്ച ശാസ്ത്രി ലോകകപ്പ് വരെ എങ്കിലും ടീമിനൊപ്പം ഉണ്ടാവണം എന്ന് ക്രിക്കറ്റ് ബോര്‍ഡ് ആഗ്രഹിക്കുന്നു. രവി ശാസ്ത്രി ഡയറക്ടറായി എത്തിയത് ഏറെ ഗുണം ചെയ്തുവെന്ന് ടീമംഗങ്ങളും ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഓരോ കളിക്കാരുമായും പ്രത്യേകം ഇടപെട്ട ശാസ്ത്രി അവര്‍ക്ക് പ്രചോദനം നല്‍കാന്‍ ശ്രദ്ധിച്ചുവെന്നാണ് ബോര്‍ഡിന് ലഭിച്ചിരിക്കുന്ന അവലോകന റിപ്പോര്‍ട്ട്. ചുരുങ്ങിയ സമയം കൊണ്ട് രവി ശാസ്ത്രിക്ക് കാര്യപ്രസക്തമായി ഇടപെടാന്‍ കഴിഞ്ഞെങ്കില്‍ അത് തുടരണം എന്നാണ് ബി സി സി ഐ തീരുമാനമെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നു.

എന്നാല്‍ ക്രിക്കറ്റ് കമന്റേറ്ററായി സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി കരാര്‍ ഒപ്പിട്ടിട്ടുള്ള ശാസ്ത്രി ബി സി സി ഐയുടെ ആവശ്യം പൂര്‍ണമായും അഗീകരിക്കുമോ എന്ന് വ്യക്തമല്ല. പരിശീലകന്‍ ഡങ്കന്‍ ഫ്‌ലെച്ചറെ പുറത്താക്കണം എന്ന് ഉറപ്പിച്ചിരുന്ന ബി സി സി ഐ പക്ഷെ നിലപാട് മയപ്പെടുത്തിയെന്നാണ് വിവരം. ഫ്‌ളെച്ചറെ പിന്തുണച്ച് രവി ശാസ്ത്രി നല്‍കിയ റിപ്പോര്‍ട്ടാണ് ബി സി സി ഐയെ നിലപാട് മയപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. മറ്റ് പരിശീലകരായ ഭരത് അരുണ്‍, സഞ്ജയ് ബംഗാര്‍, ശ്രീധര്‍ എന്നിവരുടെ പ്രകടനങ്ങളിലും ക്രിക്കറ്റ് ബോര്‍ഡ് തൃപ്തരാണെന്നാണ് സൂചന.

DONT MISS
Top