ഹെര്‍ക്യൂലെസ്: സാങ്കേതികതയുടെ അതിപ്രസരവുമായി ഒരു പുരാണകഥ

ഐതിഹാസികയുദ്ധത്തിനുള്ള കേളീരംഗം അങ്ങനെ വിശേഷിപ്പിക്കാം ബ്രെറ്റ് റാറ്റ്‌നര്‍ സംവിധാനം ചെയ്ത ഹെര്‍ക്യൂലെസിനെപ്പറ്റി. ടെലിവിഷനെ അതിജീവിക്കാന്‍ കമ്പോള സിനിമ നടത്തിയ ശ്രമങ്ങളുടെ ബാക്കിപത്രങ്ങളാണ് ഭീമാകാരത്വം പൂണ്ട അമേരിക്കന്‍ അലൗകിക സിനിമകള്‍. അതിന് പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍നിന്നും കഥാപാത്രങ്ങളെ എടുക്കും. ചരിത്രപുസ്തകങ്ങള്‍ പാടിപ്പുകഴ്ത്തി വലുതാക്കിയ അജാനുബാഹുക്കളെ ചൂണ്ടും. ഇതൊന്നും പോരാഞ്ഞ് ആകാശത്തുനിന്നും ഏഴാമാകാശത്തുനിന്നും അളിയന്മാരെ റാഞ്ചും. ശാസ്ത്രലോകത്തിനു കണ്ടുപിടിക്കാനായിട്ടില്ലാത്ത വിദൂരഗ്രഹങ്ങളില്‍ നിന്നുപോലും അവര്‍ ശാസ്ത്രഭാവനയുടെ ഭാവം പകര്‍ന്ന് കൂറ്റന്‍ രൂപങ്ങളെ ഇറക്കുമതി ചെയ്യും. കാറ്റിനും കടലിനും പര്‍വതത്തിനും വരെ ശേഷിയും ശേമുഷിയും ശുഷ്‌കാന്തിയും നല്‍കി വില്ലന്‍ വത്ക്കരിച്ചുകളയും.

ചിലപ്പോള്‍ അതില്‍നിന്ന് ഗ്ലാഡിയേറ്റര്‍ പോലുള്ള ചരിത്രസ്പന്ദങ്ങള്‍ നമുക്കു കിട്ടാറുണ്ട്. മറ്റു ചിലപ്പോള്‍ അവതാര്‍ പോലുള്ള സാങ്കേതിക വിസ്മയങ്ങളും. വേറേ ചിലപ്പോള്‍ ജുറാസിക് പാര്‍ക്. പോലെയുള്ള ഭാവനാഭീതിതലങ്ങളും. ഏതായാലും അത്തരം കച്ചവടക്കണ്ണുകളുടെ അവശേഷം തന്നെയാണ് ഒരുപാടുതവണ വന്നിട്ടും ആവര്‍ത്തിക്കുന്ന ഈ ഹെര്‍ക്യൂലെസും. പസിഫിക് റിമ്മിന്റെയോ സൂപ്പര്‍മാന്‍ കോമാളിത്തങ്ങളുടെയോ അത്ര വീശിയടിച്ചു വീരൂപമാകുന്നില്ല ഇത് എന്നു മാത്രം ആശ്വസിക്കാം. മേല്‍പ്പറഞ്ഞ കല്‍പനാസാഹസിത്യങ്ങളും ലോകാവസാനസിനിമകളും മറ്റും വന്നപ്പോള്‍ ഉദയനാണു താരത്തിലെ ഉദയനെപ്പോലെ, ഗ്രാഫിക്‌സിനും ഒരു പരിധിയില്ലേ മാഷേ എന്നു കാണികള്‍ വിലപിക്കുന്നത് ഈയുള്ളവന്‍ അക്ഷരാര്‍ത്ഥയത്തില്‍ കേട്ടിട്ടുള്ളതാണ്.

മിത്തോളജിക്കല്‍ പശ്ചാത്തലമുള്ള യുദ്ധങ്ങളാണ് ഹെര്‍ക്യൂലെസിന്റെ ദൃശ്യഭൂമിക. അവ സാങ്കേത്തിക ജാഡയോടെ പകര്‍ത്തിവെച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഇത്തരം സാങ്കേതികപ്പേക്കൂത്തുകള്‍ കണ്ടുമടുത്തവര്‍ക്ക് ഇതിനോട് ഒരു ആഭിമുഖ്യവും തോന്നില്ല. അതല്ല വല്ലപ്പോഴും മാത്രം ഇമ്മാതിരി വെടിപടങ്ങള്‍ക്കു തലവയ്ക്കുന്നവര്‍ക്കും, സ്ഥിരമായി ഈ ഗ്രാഫിക്‌സ് സംഘാതം കണ്ടു കണ്‍കുളിര്‍ക്കുന്നവര്‍ക്കും പടം പെരുത്തിഷ്ടപ്പെട്ടേക്കാം.

ഹെര്‍ക്യൂലെസിന്റെ മാനസികവ്യാപാരം കൂടി പടത്തില്‍ വൈകാരികമായി ഉള്‍ച്ചേര്‍ത്തിരിക്കുന്നത് പടത്തെ കേവലമൊരു മുഷ്ടിയുദ്ധമസാലയില്‍ നിന്നു വേര്‍തിരിക്കുന്നു. ഡ്വെയിന്‍ ജോണ്‍സണ്‍ രണ്ടുതരത്തിലും ഹെര്‍ക്യൂലിസാകാന്‍ പറ്റിയ ആള്‍ തന്നെ. ദേഹക്കൂറും മനോനിലയും അദ്ദേഹം കഥാപാത്രത്തിനൊത്തു പാലിച്ചിരിക്കുന്നു. ഇടിയും ഇടര്‍ച്ചയും ഒരുപോലെ അദ്ദേഹം സാമാന്യം നന്നായിത്തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

DONT MISS
Top