മണവും ഗുണവുമില്ലാത്ത തിരുമണം എന്റെ നിക്കാഹ്

അനീസ് സംവിധാനം ചെയ്തതാണ് രണ്ടേകാല്‍ മണിക്കൂറോളം നീളമുള്ള തിരുമണം എന്റെ നിക്കാഹ്. കമ്പോളസിനിമയുടെ പ്രത്യേകിച്ച് യൂത്ത് എന്‍ടെര്‍ടെയിന്മെന്റ് എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അവയില്‍ മിക്കതിന്റേയും പ്രമേയം ഒന്നുതന്നെ. ലെനിന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ അത് ഒന്നാമതും രണ്ടാമതും മൂന്നാമതും പ്രേമം മാത്രമാകുന്നു. പ്രേമകഥകള്‍ പറഞ്ഞു മടുത്ത അവസ്ഥയില്‍പ്പോലും പറയാന്‍ മറ്റൊന്നുമില്ലാത്ത സാഹചര്യം. അപ്പോള്‍പിന്നെ പ്രേമകഥയില്‍ എന്തു വ്യത്യസ്തത കൊണ്ടുവരാമെന്നു മാത്രം ചിന്തിക്കുന്നു തിരക്കഥാവചനം എഴുതിപ്പോടുന്നവരും അതിന്റെ ഇയക്കണര്‍മാതരും. ചിലനേരം ഇതെല്ലാം ഒരുവനോ ഒരുവളോ തന്നെയായി മാറിയേക്കാം.

അതിനവര്‍ പരസ്പരം കാണാതെ പ്രേമിക്കുന്നവരെ സൃഷ്ടിക്കും. അഗത്തിയന്‍ കാതല്‍കോട്ടയില്‍ കാട്ടിയ പോലെ. അല്ലെങ്കില്‍ തേടിയലഞ്ഞിട്ടും കിട്ടാത്ത കസ്തൂരിഗന്ധമാക്കും, ജെ.ജെ. എന്ന മാധവന്‍ അമോഘ സിനിമയിലെപ്പോലെ. നമ്മുടെ നവതരംഗ ഗൊദാര്‍ദുമാര്‍ അത് കാളി ദാസനായും കൂളി ദാസിയായും വേഷംമാറുന്ന വേഷം കെട്ടെടുക്കും. ദോശയും ചട്ണിയും അഥവാ സോള്‍ട്ട് ആന്റ് പെപ്പറിലെപ്പോലെ. സോള്‍ട് ആന്റ് പെപ്പറില്‍ നാം കണ്ടതുപോലെയൊരു അനാവശ്യമായ ആള്‍മാറാട്ടപ്പെരുമാറ്റമാണ് തിരുമണത്തെ നിക്കാഹ് സാദ്ധ്യതയാക്കിമാറ്റുന്നത്. എന്തുമണമായാലും മണവും ഗുണവുമില്ലാത്ത ഒരു പടമായി മാറിയിട്ടുണ്ട് ഈ പുക്കാറ് എന്നേ എടുത്തുപറയാനുള്ളൂ.

രാഘവനും പ്രിയയും തമ്മിലുള്ള പ്രേമമാണ് പടത്തിലെ പ്രധാനപരിപാടി. ഇവര്‍ ഒരു ട്രെയിന്‍ യാത്രയിലാണ് പരസ്പരം കാണുന്നതും അടുക്കുന്നതും. അതുപിന്നെ, അങ്ങനെ ആയിരിക്കണമല്ലോ. ട്രെയിനും ബസ്സും എല്ലാം നിരോധിച്ചാലേ നവതരംഗതമിഴ് സിനിമ ഈ പിടി വിടൂ എന്നായിട്ടുണ്ട്. എന്തായാലും കൊള്ളാം പ്രിയ വിചാരിക്കുന്നത് രാഘവന്‍ ഒരു മുസ്ലീം ആണെന്നാണ്. രാഘവന്‍ വിചാരിക്കുന്നതോ പ്രിയ ഒരു മുസ്ലീം ആണെന്നും. പോരേ പുകില്‍ അതെന്തിനാണ് അങ്ങനെ വിചാരിക്കുന്നതെന്നതൊക്കെ കണ്ടാല്‍ കാശുകൊടുത്ത് കാണാനെത്തിയ കാണികള്‍ കീശയില്‍ കാശുണ്ടായിപ്പോയതിന് അവനവനെത്തന്നെ പ്രാകും.

ഇങ്ങനെ പരസ്പരം മുസ്ലിംകളായി തെറ്റിദ്ധരിക്കുന്ന അവര്‍ പിന്നെ പരസ്പരം ഇംപ്രസ് ചെയ്യിക്കാനും ഇഷ്ടം പിടിച്ചുപറ്റാനും തങ്ങളെ മുസ്ലീംങ്ങളായി അവതരിപ്പിക്കുന്നു. ഒരു നിരൂപകന്‍ എഴുതിയിരിക്കുന്നത് ഇവരൊന്നു തുറന്നുസംസാരിച്ചാല്‍ തീരുന്ന പ്രശ്‌നത്തിനാണ് പ്രേക്ഷകരെ രണ്ടേകാല്‍ മണിക്കൂര്‍ ബോറടിപ്പിക്കുന്നതെന്നാണ്. സംഭവം സത്യാല്‍ സത്യം. പക്ഷേ, അങ്ങനെയെങ്കില്‍ ഒന്നുണ്ട്. നമ്മുടെ പ്രാദേശിക ഭാഷകളിലിറങ്ങുന്ന മിക്ക സിനിമകളും ആളുകള്‍ മുഖത്തുനോക്കി കാര്യം പറഞ്ഞിരുന്നെങ്കില്‍ പാതിക്കു മുന്നേ പടം മടക്കിയിരുന്നേനേ. സീരിയലുകള്‍ മൂന്നാം എപ്പിസോഡില്‍ മൂക്കും കുത്തി വീണിരുന്നേനെ.

വീരരാഘവാചാരി എന്ന രാഘവന്‍ അബൂബക്കര്‍ എന്ന പേരില്‍ യാത്രചെയ്യാനിടവരുന്നു. വിഷ്ണുപ്രിയയെന്ന പ്രിയ അവിചാരിതമായി അവളുടെ സുഹൃത്ത് ആയിഷയുടെ പേരില്‍ യാത്ര ചെയ്യാനുമിടയാകുന്നു. ഇതാണ് കാര്യങ്ങളെ കുഴപ്പത്തിലാക്കുന്നത്. പ്രേമത്തിലായെന്നു മനസ്സിലാക്കുമ്പോള്‍ രാഘവന്‍ ഒരു മുസ്ലിം സഹായിയുടെ പിന്‍ബലത്തില്‍ മുസ്ലീം ആചാരങ്ങള്‍ മനസ്സിലാക്കുന്നു. പ്രിയയാവട്ടെ ആയിഷയില്‍ നിന്നു മുസ്ലീം ബാലപാഠങ്ങള്‍ സ്വായത്തമാക്കുന്നു. ഒടുക്കം സത്യം തിരിച്ചറിയുമ്പോള്‍ രണ്ടാളും പരസ്പരം അപരിചിതരാകുന്ന സാഹചര്യം. മുസ്ലിമല്ലാതെ അപരസ്ഥാനത്തെ ആളെ അംഗീകരിക്കാന്‍ പ്രയാസം നേരിടുന്ന സാഹചര്യം.

സത്യത്തില്‍ ഈ അന്തിമഭാഗമാണ് സിനിമയെ കാലികമായി വേറിട്ടൊരു പരിപ്രേക്ഷ്യത്തില്‍ വായിക്കാന്‍ പ്രേരണ നല്‍കുന്നത്. വ്യക്തിത്വവും അസ്തിത്വവും മതത്തിന്റെ പേരില്‍ മാത്രം മനസ്സിലാക്കപ്പെടുന്ന ഒരു കാലത്ത്, അതിന്റെ നിരര്‍ത്ഥകതയെ ഒന്നു തലോടിയെങ്കിലും വിടാന്‍ സിനിമ പര്യാപ്തമാകുന്നു. പക്ഷേ വിഷയത്തെക്കുറിച്ചുള്ള അവബോധത്തിന്റെ ആഴക്കുറവ് തിരുമണം എന്റെ നിക്കാഹിനെ ഈ കാലത്തിന്റെ കോലക്കേടുകളെ കച്ചവടച്ചരക്കാക്കി ഉപയോഗിക്കാനുള്ള ആഗ്രഹം മാത്രമാക്കിച്ചുരുക്കുന്നു.

നസ്രിയയുടെ ചേതോഹരമായ പെരുമാറ്റങ്ങളും ജയയുടെ സാധുത്വം നിഴലിക്കുന്ന ഭാവപരിണാമങ്ങളും തരക്കേടില്ലാത്ത പാട്ടുകളും പടത്തെ സഹനീയമാക്കുന്നു എന്നു പറഞ്ഞുകൊള്ളട്ടെ.

[jwplayer mediaid=”125901″]

DONT MISS
Top