ദിലീപിന്റെ അവരോഹണചിത്രമായി അവതാരം

അല്‍പകാലത്തെ ഇടവേളയ്ക്കുശേഷം ദിലീപിന്റേതായി വരുന്ന ആക്ഷന്‍ ത്രില്ലര്‍ പടമാണ് അവതാരം. ഈ ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത് വ്യാസന്‍ എടവനക്കാടാണ്. ഒരു സാധാരണക്കാരന്‍ എങ്ങനെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടും നീതിബോധം കൊണ്ടും ഒരു അവതാര പുരുഷനായി മാറുന്നത് എന്നാണ് സിനിമ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്. കൊച്ചിയിലെ കള്ളക്കടത്തുസംഘങ്ങളും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും ഫലമായി കൊല്ലപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥനായ ചേട്ടന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തുകയാണ് അനിയനും നായകനും സര്‍വ്വോപരി ഭാവി അവതാരവുമായ മാധവന്‍ മഹാദേവന്‍ എന്ന ദിലീപ്.

കൊലപാതകക്കേസ് അന്വേഷിപ്പിക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങള്‍ ജീവന്‍ എന്ന പോലീസുകാരന്റെ കുതന്ത്രങ്ങളില്‍പ്പെട്ട് തകരുമ്പോള്‍ അവസാനം മാധവന്‍ പതിവുപോലെ, നേരിട്ടിറങ്ങി കശ്മലന്മാരെയെല്ലാം കശാപുശാന്ന് കശാപ്പുചെയ്യുന്നതാണ് പടത്തിന്റെ കലാശക്കൊട്ട്. ആക്ഷന്‍ പടത്തിന് പ്രത്യേകിച്ച് ഒരു ജോഷിപ്പടത്തിന്, അതിലും പ്രത്യേകിച്ച് ഒരു ജോഷി ദിലീപ് പടത്തിന് ആവശ്യമുള്ള ചേരുവകളും തരികിടകളും പൊടിനര്‍മ്മവും സൂത്രപ്പണികളും എല്ലാം ചേര്‍ത്തു പടച്ചിറക്കിയ ഈ അവതാരം പുതുമയ്ക്കു വേണ്ടി ആരും കാണണമെന്നില്ല. പഴമയുടെ രുചി ഒന്നുകൂടി നുണയണമെന്നുള്ളവര്‍ക്കും ആക്ഷന്‍ പടങ്ങളെക്കുറിച്ച് ഗൃഹാതുരത പുലര്‍ത്തുന്നവര്‍ക്കും വേണമെങ്കില്‍ കണ്ടു പുളകം കൊള്ളാം.

ജോഷി എന്ന സംവിധായകന്റെ ഒരുക്കിക്കൂട്ടാണ് പടത്തിന്റെ പറയാവുന്ന ഒരു മെച്ചം. ഇത്തരമൊരു കച്ചവടസിനിമ ഒരുക്കുമ്പോള്‍ വേണ്ട ചന്തവും ചിതവും പാകത്തിനു പാകാന്‍ ജോഷിക്കു കഴിഞ്ഞിട്ടുണ്ട്. തട്ടും മുട്ടും തല്ലും കൊല്ലും അതിന്റെയെല്ലാം ബഹളങ്ങളുമാണെങ്കിലും അവയൊക്കെ അത്യാവശ്യം പരുവപ്പെടുത്തിയിട്ടുണ്ട് ജോഷി. വെറുതെ കണ്ടുകൊണ്ടേയിരിക്കുകയാണെങ്കില്‍ കണ്ടുതീര്‍ക്കാന്‍ പോലുമാകും ഈ പടം.

ഒരു സാധാരണക്കാരന് ഇങ്ങനെയൊക്കെ സാധിക്കും എന്ന സന്ദേശമാണ് പകരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും പാസ്മാര്‍ക്ക് കൊടുക്കാം. എന്തെങ്കിലുമൊക്കെ മാര്‍ക്കു കൊടുക്കണമെന്നുണ്ടെങ്കില്‍.

അല്ലാത്തപക്ഷം, തികച്ചും പഴഞ്ചാക്കായ ഒരു ചരക്കാണ് ഈ അവതാരം. ജോഷിയെക്കുറിച്ചു പറയുമ്പോള്‍ ഒരു കൗതുകമുണ്ട്. സ്വന്തം പേര് നാമസംഖ്യാശാസ്ത്രപ്രകാരമോ മറ്റോ മാറ്റി ജോഷിവൈ എന്നും ജോഷിവൈഐ എന്നുമൊക്കെയാക്കിയിട്ടുണ്ട് പല കാലങ്ങളില്‍ അദ്ദേഹം. സെവന്‍സ് എന്ന തന്റെ ചിത്രത്തിന്റെ ഇംഗ്ലീഷ് സ്‌പെല്ലിംഗ് ഏഴ് അക്ഷരം വരുത്താനുദ്ദേശിച്ച് സെവനീസ് എന്നാണ് അദ്ദേഹം എഴുതിയത്. ഇങ്ങനെയൊക്കെ അക്ഷരക്രമം മാറ്റുന്ന ജോഷിഭാഗ്യവശാല്‍ അവതാരമെന്നതിന്റെ അക്ഷരക്രമം മാറ്റിയിട്ടില്ല. ആരും മാറ്റാതെതന്നെ അക്ഷരക്രമം അല്‍പം മാറി, പടം കാണികള്‍ക്ക് നേരേയുള്ള കടുത്ത അപരാധമായി മാറിയിട്ടുണ്ടെന്നുമാത്രം.

ജ്യേഷ്ഠനെക്കൊന്നവര്‍, അവര്‍ക്കെതിരെ അന്വേഷണത്തിനു ശ്രമിക്കുമ്പോള്‍ ആശാന്മാര്‍ വന്ന് വീട്ടിലെ കൊച്ചിനെ തട്ടിക്കൊണ്ടുപോകുകയോ ഭാര്യയെ കൊല്ലാന്‍ ശ്രമിക്കുകയോ മാനഭംഗപ്പെടുത്തുകയോ ഒക്കെയുണ്ടാകുന്നതും അതിനു പ്രതികാരം വീട്ടാന്‍ നായകന്‍ കച്ചയോ ചുരുങ്ങിയ പക്ഷം കച്ചത്തോര്‍ത്തെങ്കിലുമോ കെട്ടിയിറങ്ങുന്നതും നാം എത്രയോ കാലങ്ങളായി കണ്ടുപരിചയിച്ചു പഴകിപ്പുളിച്ച കഥയാണ്. അതേ വളിച്ച കഥതന്നെയാണ് ജോഷിക്കു പറയാനുള്ളത്. കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിപ്പിടിപ്പിച്ചിരിക്കുന്ന വ്യാസന്‍ എടവനക്കാടാണെങ്കില്‍ കാലത്ത് നടക്കാനിറങ്ങുമ്പോള്‍ കാണുന്നതു മുഴുവന്‍ കൊച്ചിയിലെ കൊലപാതകങ്ങളാണെന്നു തോന്നുന്നു. ഈ സിനിമയില്‍ മുഴുക്കെ നടുറോട്ടിലിട്ടുള്ള പച്ചക്കൊലപാതകങ്ങളാണ്.

മാത്രമല്ല, വ്യാസന്‍ കാണുന്നത് യമണ്ടന്‍ ഗുണ്ടകളെയും മണ്ടന്‍ പോലീസുകാരെയുമാകണം. ഈ ചിത്രത്തില്‍ മുഴുവന്‍ അത്തരം ബുദ്ധിയില്ലാത്ത രാക്ഷസന്മാരാണ്. പോലീസുകാര്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞാല്‍ പോട്ടെന്നുവയ്ക്കാം, ആ മഹാ അധോലോകനായകന്മാര്‍ക്കും. തലയ്ക്കു ബുദ്ധിയോ വിവരമോ ഇല്ലെന്നുള്ള മട്ട് തീര്‍ത്തും അലംഭാവാത്മകമാണ്. ഇതുപറയാന്‍ കാരണം, അത്രയും വിവരദോഷികളാണെങ്കില്‍ മാത്രമേ, നായകനായ മാധവനു വിജയിക്കാനാകൂ. മാധവന്‍ ചുമ്മാ ഒരു ഫോണെടുത്തു വിളിച്ച് നാലു നുണ പറയുമ്പോഴേക്കും എല്ലാ അധോലോകനായകന്മാരും മുന്നും പിന്നും നോക്കാതെ എടുത്തുചാടുന്നതു കാണുമ്പോള്‍ ചിരിയാണു വരിക.

പ്രതികാര നിര്‍വ്വഹണസിനിമകളില്‍ നായകന്റെ ഉപായങ്ങളും പോംവഴികളും തടസ്സങ്ങളും അതിജീവനങ്ങളുമൊക്കെയാണല്ലോ പ്രധാനവിഭവങ്ങള്‍. ഇവിടെ ദിലീപ് ചില തരികിടകളിലൂടെ ശത്രുക്കളെ ഓരോരുത്തരെയായി ഉന്മൂലനം ചെയ്യുന്നതു കാണുമ്പോള്‍ ഉദ്വേഗമല്ല, ഉശിരന്‍ ചിരിയാണു വരിക. അതിനുപുറമേ, നായകന് പ്രതിബന്ധം വേണ്ടിയിട്ട്, ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ നായകനെ സംശയിച്ച് പിന്നാലെ നടക്കുന്നതു കാണുമ്പോള്‍ ചിരിച്ചുചിരിച്ച് ഒന്നരക്കൊട്ട മണ്ണെങ്കിലും കപ്പും. പരസ്പരശത്രുതയിലുള്ള രണ്ടു ഗ്യാംഗുകള്‍ തമ്മിലുള്ള വഴക്കിനിടെ പലരും കൊല്ലപ്പെടുന്നെങ്കില്‍ അതില്‍ മാധവനെ സംശയിക്കേണ്ട ഒരു സാഹചര്യവും ഫലത്തിലില്ല.

[jwplayer mediaid=”120568″]

പടത്തിന്റെ തുടക്കം തമാശമട്ടിലാണ്. ചേട്ടന്റെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ മരണസര്‍ട്ടിഫിക്കറ്റിനു നടക്കുന്ന കിഴക്കന്‍ മലമൂടന്റെ തമാശകള്‍. സ്ഥിരം നമ്പരുകളുമായി ദിലീപും ഷാജോണും മറ്റും ആദ്യഭാഗം കയ്യടക്കുന്നു. അതിനിടെ ഒരു പ്രേമം, അനാഥയായ നായിക, പീഡിപ്പിക്കുന്ന അമ്മായിയും അമ്മാവനും, ബലാല്‍സംഗം ചെയ്യാന്‍ നടക്കുന്ന കസിന്‍. എന്നുവേണ്ട ഇതിലില്ലാത്തത് വേറെങ്ങും കാണില്ലെന്ന അവസ്ഥ. സാക്ഷാല്‍ കൃഷ്ണദ്വൈപായന വ്യാസന്‍ എഴുതിയ മഹാഭാരതത്തെക്കുറിച്ചും ഏതാണ്ട് അതുതന്നെയാണല്ലോ പറയപ്പെടുന്നത്.

തിരക്കഥാ സംഭാഷണങ്ങളുടെ ദൗര്‍ബല്യമാണ് പടത്തിന്റെ പ്രധാന പരാധീനത. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കഴിഞ്ഞുള്ള രംഗങ്ങളൊന്നും സഹിക്കാന്‍ വയ്യ. അതുപോലെ, മണിമേഖലയുടെ അനുഭവപരമ്പരകളും. പിന്നെ, അവസാനം എസ്സാര്‍ക്കേ എന്ന മുഖ്യവില്ലന്‍ നമ്മളാരും സംശയിക്കാത്തൊരു വഴിപോക്കന്‍ കഥാപാത്രമാണെന്നു വരുത്തിത്തീര്‍ക്കുന്ന അന്തിമരംഗങ്ങളും. അയാളെ കൊല്ലാന്‍ നടത്തുന്ന വഴികളും ആ അസിസ്റ്റന്റ് കമ്മീഷണറുടെ മണ്ടത്തങ്ങളും അസഹ്യമസഹ്യമവര്‍ണ്ണനീയം.

ആദ്യത്തെ അനാവശ്യമായ പ്രേമസീനുകള്‍ കഴിഞ്ഞ് നായികയെ കാണാനില്ലായിരുന്നു. പെട്ടെന്നാണ് തിരക്കഥാകാരന്‍ അവരുടെ കാര്യം ഓര്‍ക്കു കയും ഒരടികൊടുത്ത് ഒരരുക്കാക്കി മൂലയ്ക്കു തള്ളുകയും ചെയ്യുന്നത്. അതും അസുഖകരമായ നീക്കമാണ്.ചുരുക്കിപ്പറഞ്ഞാല്‍ താരമെന്ന നിലയില്‍ ദിലീപിന്റെ അവരോഹണമാണ് അവതാരം. ഒരു ചക്കയല്ല, ഒന്‍പതു ചക്കവീണപ്പോഴും മുയലുകള്‍ ചത്തെന്നു കരുതി, പത്താമത്തെ ചക്കയിടുമ്പോഴും ഇറച്ചിമസാല പാകപ്പെടുത്തണമെന്നില്ല.

ഫ്‌ലാഷ് ബാക്ക്

ആക്ഷന്‍ ഹിറോ…അതിലുമപ്പുറം ആന്റി ഹീറോ ആകുകയും ആക്ഷന്‍ രംഗങ്ങള്‍ വിജയിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരു താരം എല്ലാ അര്‍ത്ഥത്തിലും സൂപ്പര്‍ ഹീറോ ആയി മാറുന്നത് എന്ന് പറയാറുണ്ട്. മലയാളത്തിലെ താരങ്ങളുടെ കാര്യത്തില്‍ ഇത് സത്യമാണെന്നു കാണാം. മമ്മൂട്ടിയെ ആക്ഷന്‍ ഹീറോയും ആന്റീ ഹിറോയുമാക്കിയ പടം ആവനാഴിയാണെന്നു വേണം പറയാന്‍.

മോഹന്‍ലാലിന് അത് രാജാവിന്റെ മകനാണ്. അതുവരെ വില്ലന്‍ പരിവേഷത്തിന്റെ നിഴലില്‍നിന്നിരുന്ന ലാല്‍ ആ വില്ലന്‍ നായകനിലൂടെ മലയാളിയുടെ പ്രിയങ്കരനായി. സുരേഷ് ഗോപി കുറ്റപത്രം, അതിരഥന്‍, ന്യൂസ് തുടങ്ങി പല സിനിമകളിലും ആക്ഷന്‍ ഹീറോ വേഷം കെട്ടിയെങ്കിലും അവസാനം ഏകലവ്യനില്‍ ആണ് അത് പൂത്തുവിടര്‍ന്നത്. രാജാവിന്റെ മകനും ഏകലവ്യനും മമ്മൂട്ടി നിരസിച്ച വേഷങ്ങളായിരുന്നെന്നും കേട്ടുകേള്‍വിയുണ്ട്. ജയറാം ഒരിക്കലും ഒരു ആക്ഷന്‍ ഹീറോ ആയി വിജയിച്ചില്ല. അതിനുള്ള പ്രധാനപ്പെട്ട ശ്രമമായിരുന്നു രണ്ടാം വരവ്.

പുതിയ നായകന്മാരില്‍ പൃഥ്വിരാജ് ആദ്യകാലം തൊട്ടേ, സ്റ്റോപ് വയലന്‍സിലൂടെയും മറ്റും ആക്ഷന്‍ വേഷത്തില്‍ വന്നിരുന്നെങ്കിലും വിജയം വരിച്ചത് ഉറുമിയിലെ വേഷത്തിലൂടെയാണെന്നു പറയാം. ദിലീപിന് ആക്ഷന്‍ ഹീറോയുടെ പരിവേഷം പകര്‍ന്നു നല്‍കിയത് ജോഷിയുടെ റണ്‍വേയാണ്.

അതിനുശേഷം, ഇടയ്ക്കിടെ, എന്നുവച്ചാല്‍, മായാമോഹിനിയും ശിങ്കാരവേലനും മരുമകനും റിംഗ് മാസ്റ്ററും പോലുള്ള കോമാളിവേഷങ്ങള്‍ ദിലീപിനുതന്നെ മടുത്തുകഴിയുമ്പോഴാകാണം, ഇത്തരം ആക്ഷന്‍ വേഷങ്ങള്‍ വരാറുണ്ട്. ലയണും മറ്റും ഉദാഹരണം. ഇപ്പോഴിതാ കുറേക്കാലത്തെ ഇടവേളയ്ക്കുശേഷം അല്പം ആക്ഷന്‍ ചെയ്യാനുണ്ടായ ആഗ്രഹത്തിന്റെ ഫലമാകണം ഈ അവതാരം.

[jwplayer mediaid=”120567″]

DONT MISS
Top