സെന്‍സെക്‌സും നിഫ്റ്റിയും ഇടിയുന്നു

മുംബൈ: ഇറാഖില്‍ വ്യോമാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഏഷ്യന്‍ ഓഹരി വിപണികളിലെല്ലാം വില്‍പന സമ്മര്‍ദ്ദം. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 223 പോയിന്റ് നഷ്ടത്തില്‍ 25,365 എന്ന നിലയിലാണ് 12  മണിക്ക് വ്യാപാരം നടക്കുന്നത്. ഒരുഘട്ടത്തില്‍ 298 പോയിന്റ് വരെ സെന്‍സെക്‌സില്‍ കുറഞ്ഞിരുന്നു.

നിഫ്റ്റി 71 പോയിന്റ് നഷ്ടത്തോടെ 7,577 എന്ന നിലയിലാണ് ഇപ്പോള്‍. നിഫ്റ്റി ആത്മവിശ്വാസം ഉയര്‍ത്തുന്ന 7,600 എന്ന കടമ്പയില്‍ നിന്ന് താഴെ വീണത് ഏറെ ആശങ്കയോടെ ആണ് വിപണി കാണുന്നത്. ഏഷ്യന്‍ വിപണികളിലെല്ലാം കനത്ത ഇടിവാണ് ഉണ്ടായത്. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതായാണ് സൂചന.

കഴിഞ്ഞ രണ്ടു ദിവസവും വിപണിക്ക് ഉണ്ടായ നഷ്ടത്തിനു പുറമെ ആണിത്. ടാറ്റാ പവര്‍, ഭെല്‍, എംആന്‍ഡ് എം, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളെല്ലാം മൂന്നു ശതമാനത്തോളം നഷ്ടമാണ് കാണിക്കുന്നത്‌ .  കേരളത്തില്‍ നിന്നുള്ള ഓഹരികളിലും ഇന്നു വില്‍പന സമ്മര്‍ദ്ദം കാണാം. വിഗാര്‍ഡ് ഓഹരി രണ്ടുശതമാനത്തിലേറെ മൂല്യ നഷ്ടത്തോടെ 730 രൂപ എന്ന നിലയിലാണ്.

അപ്പോളോ ടയേഴ്‌സ് 169 രൂപ എന്ന നിലയിലും മുത്തൂറ്റ് ഫിനാന്‍സ് 176 രൂപയ്ക്കും മണപ്പുറം 21 രൂപ 60 പൈസ്‌ക്കും വ്യാപാരം നടക്കുന്നു. എസ്ബിടി രണ്ടു ശതമാനത്തോളം മൂല്യ നഷ്ടത്തോ 577 രൂപ എന്ന നിലയിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് 28 രൂപ 25 പൈസ എന്ന നിലയിലും ഫെഡറല്‍ ബാങ്ക് 113 രൂപ 75 പൈസ എന്ന നലയിലുമാണ്.

DONT MISS
Top