മദാമ്മയുടെ ഇംഗ്ലീഷും മമ്മൂട്ടിയുടെ മംഗ്ലീഷും

മമ്മൂട്ടി നായകനും മകന്‍ ഗായകനുമാകുന്ന സിനിമയാണ് മംഗ്ലീഷ്. ദോഷം പറയരുതല്ലോ. നായകന്‍ പാസ്മാര്‍ക്കു നേടില്ലെങ്കിലും ഗായകന്‍ സെക്കന്‍ഡ്ക്ലാസിലെങ്കിലും പാസാകും. ദുല്‍ഖര്‍ പാടിയ ഇംഗ്ലീഷ് മംഗ്ലീഷ് എന്ന പാട്ടു കേള്‍ക്കാന്‍ കൗതുകമുണ്ട്.

കൊച്ചിന്‍ തുറമുഖത്തെ ഒരു വന്‍കിട മത്സ്യക്കച്ചവടക്കാരനായ മാലിക്കിന്റെ കഥയാണ് മംഗ്ലീഷ്. കാസലിന്റ എന്ന കെട്ടിടത്തിന്റെ ഉടമസ്ഥയുടെ കഥയും. ഒരു രാഷ്ട്രീയനേതാവിന്റെ അസ്മാദി കൂടിയായ മാലിക് അയാളുടെ ആവശ്യപ്രകാരം കാസലിന്റയില്‍ താമസിക്കുന്ന ഒരു ജൂതവനിതയെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ അടിസ്ഥാനപ്രമേയം. ഒഴിപ്പിച്ചെടുക്കുമ്പോള്‍ പെണ്ണ് മാലിക്കിന്റെ ബാദ്ധ്യതയായിത്തീരുന്നു. ഒടുക്കം അവളുടെ കഥയറിയാന്‍ കഷ്ടപ്പെട്ട് മാലിക് ഇംഗ്ലീഷ് പഠിക്കുന്നതാണ് സിനിമയുടെ ഉള്ള്.

മംഗ്ലീഷ് എന്ന ചിത്രം മമ്മൂട്ടിക്കായി തുന്നിക്കൂട്ടിയെടുത്ത ഒരു വെട്ടിക്കൂട്ടു സിനിമയാണ്. അകാലവാര്‍ദ്ധക്യം എന്നെല്ലാം പറയുന്നതുപോലെ, അകാലയൗവ്വനം ബാധിച്ച ഒരാളാണ് മമ്മൂട്ടിയുടെ മാലിക്. മാലിക്കിന്റെ പ്രായമെന്ത്, ജീവിക്കുന്ന കാലമേത് എന്നെല്ലാം ചോദിച്ചാല്‍ കുഴയും. കെ.വി.തോമസിന്റെയും ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെയും തെരഞ്ഞെടുപ്പു പോസ്റ്ററുകള്‍ക്കിടയില്‍ സത്താറിന്റെ പോസ്റ്റര്‍ വച്ചിട്ടുണ്ട് മംഗ്ലീഷില്‍. ഇതുപോലെ സത്യവും നുണയും തമ്മില്‍ കെട്ടിപ്പുണര്‍ന്നു കിടക്കുന്ന ഒരു വിചിത്രകാലദേശമാണ് മംഗ്ലീഷിന്റേത്.

ടിനി ടോമിന്റെ നേതൃത്വത്തില്‍ ഒരു തമാശട്രാക്ക് സിനിമയിലുണ്ട്. അതില്‍ പലതും വളിപ്പുകളാണ്. എന്നാലും സാന്ദര്‍ഭികമായ പരുവപ്പെടുത്തലുകള്‍ കൊണ്ട് ആളെച്ചിരിപ്പിക്കാന്‍ അവയ്ക്കു കഴിയുന്നുണ്ട്. പി. ബാലചന്ദ്രനും ജോജുവും അവതരിപ്പിക്കുന്ന രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ രഹസ്യാന്വേഷണത്തിന്റെ മറവിലാണ് കഥ ഇതള്‍ വിരിയുന്നത്. ആ കഥാപാത്രങ്ങളും അവതരിപ്പിച്ചവരും നന്നായി.

ഇംഗ്ലീഷ് അറിയാത്തവരെ പരിഹസിക്കുന്ന ഇംഗ്ലീഷ് മാഷെ കൈകാര്യം ചെയ്യുന്ന രീതിയും റോഡില്‍ ഇംഗ്ലീഷില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന മാന്യന്മാരെ കൈകാര്യം ചെയ്യുന്ന രീതിയും മമ്മൂട്ടിക്കും കൈയടി നേടിക്കൊടുക്കും. ഇങ്ങനെ ചില അല്‍പരസങ്ങളൊക്കെയുള്ളതുകൊണ്ടാണ് പടം എങ്ങനെയെങ്കിലും കണ്ടുതീര്‍ക്കാന്‍ സാധിക്കുന്നത്.

മമ്മൂട്ടിയുടെ മാലിക്കിനെ ഒരു സായ്പ് ഇടിക്കാന്‍ വരുന്ന രംഗമുണ്ട്. ആള്‍ക്ക് മമ്മൂട്ടിയെ വലിയ പരിചയമില്ലാത്തതുകൊണ്ടായിരുന്നു അത്. മമ്മൂട്ടി വിടുമോ. ഇടിച്ചവനെ ഇഞ്ചപ്പരുവമാക്കിയാണ് വിടുന്നത്. അതേതായാലും നന്നായി. ഇനിയാ സായ്പ് ചെന്ന് മറ്റു സായ്പന്മാരോടു പറഞ്ഞോളും. ഇങ്ങനെയൊക്കെയല്ലേ ഒരു മലയാളനടന്‍ ഇന്റര്‍നാഷണല്‍ നടനാകുന്നത്. എന്നുവച്ചാല്‍ മംഗ്ലീഷ് ആക്ടറാകുന്നത്.

[jwplayer mediaid=”119149″]

മുന്‍കാലസിനിമകളെ സംഭാഷണങ്ങളിലൂടെയും പശ്ചാത്തലസംഗീതത്തിലൂടെയുമൊക്കെ ഓര്‍മിപ്പിക്കുന്ന രംഗങ്ങള്‍, പാരഡിവല്‍ക്കരണങ്ങള്‍ മലയാളസിനിമയില്‍ കൂടിക്കൂടി വരികയാണ്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇരുപതാം നൂറ്റാണ്ടിലെ മോഹന്‌ലാ്‌ലിനെ അനുകരിക്കുന്നുണ്ട്. അതുപോലെ, ഈ സിനിമയില്‍ മമ്മൂട്ടി കിരീടത്തിലെ തിലകനെ അനുകരിക്കുന്നുണ്ട് ഒരു രസകരമായ രംഗത്തില്‍. മറ്റൊരു രംഗത്തില്‍ മമ്മൂട്ടി ജോസ് പ്രകാശിനെ അനുകരിക്കുന്നുണ്ട്. രണ്ടു രംഗങ്ങളും തമാശയുണര്‍ത്തും.

പടത്തിന്റെ ഒന്നാംപാതി ചില്ലറരസങ്ങളും സാമ്പാറുമൊക്കെയായി അങ്ങനെ നീങ്ങുന്നു. രണ്ടാം പാതിയുടെ രണ്ടാംപാതിയിലാണ് കഥ കേറിയങ്ങു കൊഴുക്കുന്നത്. പിന്നെ, ഉദ്വേഗമായി, വെപ്രാളമായി, വേലിയും വയ്യാവേലിയുമായി, ഒടുവില്‍ മാലിക് പുല്ലുപോലെ കുരുക്കെല്ലാം അഴിക്കുന്നതോടെ തീരുന്നു. അത്രയും എത്തുമ്പോഴാണ് നമുക്കു മനസ്സിലാകുന്നത്, അവസാനത്തെ പത്തുമിനിറ്റേ സിനിമയുണ്ടായിരുന്നുള്ളൂ എന്ന്. അതുവരെ ഇംഗ്ലീഷും മംഗ്ലീഷും വച്ചു കളിച്ചതെല്ലാം വെറും ഉഡായിപ്പായിരുന്നു എന്ന്. ശരിക്കും യാതൊരു ആവശ്യവുമില്ലാത്ത രംഗങ്ങളായിരുന്നു അതെല്ലാം.
….
ഈ സിനിമയെ വേറൊരു വിധത്തില്‍ വായിക്കാനാകും. അതാകും ഈ കാലത്തോടു നീതിപുലര്‍ത്തുന്ന വായന. ഈ സിനിമ പറയുന്ന കഥ, ഒരു ജൂതവനിതയുടെ പൂര്‍വ്വികസ്വത്ത് മറ്റു ചിലര്‍ തട്ടിയെടുത്തത് അവരിലേക്ക് തിരികെയെത്തുന്നതിന്റെതു കൂടിയാണ്. മറ്റു ആവാസങ്ങളുടെ നടുവിലേക്ക് സ്ഥാപിക്കപ്പെട്ട ഒരു രാഷ്ട്രശരീരത്തെ അത് വ്യക്തമായും ഓര്‍മിപ്പിക്കുന്നു. വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളുടെ ക്രൂരദൃശ്യങ്ങള്‍ ലോകമൊട്ടാകെയുള്ള നല്ല മനുഷ്യരുടെ ഹൃദയങ്ങളെ വേട്ടയാടുമ്പോള്‍, ഈ സിനിമയും അറിയാതെ പറയുന്നത്, പറയാതെ പറയുന്നത്, നടുവില്‍ സ്ഥാപിക്കപ്പെടുന്ന പൂര്‍വ്വിക ഉടമസ്ഥതയുടെ ഉറപ്പിനെക്കുറിച്ചാണെന്നത് ചിന്തിക്കേണ്ടതാണ്.

മേല്‍പ്പറഞ്ഞ വായനയ്ക്ക് അടിവരയിടുംവണ്ണമുള്ള ഒരു രംഗമുണ്ട് മംഗ്ലീഷില്‍. ജൂതവനിത മാലിക്കിന്റെ വീട്ടില്‍ എത്തിക്കപ്പെട്ടിരിക്കുകയാണ്. അവള്‍ ഉണരുമ്പോള്‍ കാണുന്നത്, ബുര്‍ഖയിട്ട സ്ത്രീ നിസ്‌കരിക്കുന്നതാണ്. അതിനപ്പുറം, മാലിക് വരുമ്പോള്‍ അയാളെ ഒരു അഫ്ഗാനി തീവ്രവാദിയായിട്ടാണവള്‍ കാണുന്നതും ഭാവന ചെയ്യുന്നതും. പടത്തിന്റെ അവസാനം താന്‍ മാലിക്കിന്റെ വിശ്വസ്തത പരീക്ഷിക്കുകയായിരുന്നു എന്നവള്‍ പറയുന്നുമുണ്ട്. മാലിക്കിന്റെ വീടിനെ ഒരു ഇസ്ലാമിക് ടെററിസ്റ്റ് സങ്കേതമായിട്ടാണ് അവള്‍ വായിക്കുന്നത്.

അങ്ങനെയാണെങ്കിലും ചിത്രം അതിനെ ഊന്നാനല്ല ഉപയുക്തമായിക്കുന്നത്. നേരേ മറിച്ച്, വിശ്വസ്തനും പരോപകാരിയുമായ ഒരു മാലിക്കിലേക്കാണ് അത് ഊന്നുന്നത്. അതു മോശമായില്ല. എന്നാലും നിയമം കൈയിലെടുക്കുന്നവനും രാഷ്ട്രീയക്കോമാളികള്‍ക്കായി എന്തു തോന്നിവാസം ചെയ്യുന്നവനുമായ ഒരു ഗുണ്ടയെ നായകവല്‍ക്കരിക്കുന്നതിലൂടെ ആ നന്മയെ അടിസ്ഥാനപരമായി റദ്ദുചെയ്യുക തന്നെയാണ് മംഗ്ലീഷ് ചെയ്യുന്നത്.
.
മമ്മൂട്ടിയെ പെരുത്തിഷ്ടമാണെങ്കില്‍ നിങ്ങള്‍ കണ്ണുമടച്ച് മംഗ്ലീഷ് കണ്ടോളൂ. സഹിക്കാന്‍ പറ്റും. അല്ല, മമ്മൂട്ടിയെക്കാള്‍ ഇഷ്ടം സിനിമയോടാണെങ്കില്‍ നിങ്ങളിതു സഹിച്ചെന്നു വരില്ല.

DONT MISS
Top