പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം പ്രതിസന്ധിയില്‍

പാലക്കാട്: പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രം കടുത്ത പ്രതിസന്ധിയില്‍. ജീവനക്കാരില്ലാത്തിനാല്‍ ഗവേഷണവും വിത്തുല്പാദനവും പൂര്‍ണ്ണമായും സ്തംഭിച്ചു. അത്യുല്‍പ്പാദനശേഷിയുള്ള മൂന്നിനം നെല്‍വിത്തുകളെ വികസിപ്പിച്ചെടുക്കുന്നതിനുള്ള അവസാനവട്ട ഗവേഷണപ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായി.

പാരമ്പര്യ നെല്ലിനങ്ങളെ പരിവര്‍ത്തനം നടത്തി 34 മികച്ചയിനങ്ങളും ജ്യോതി, കാഞ്ചന, മട്ട, ത്രിവേണി, കൈരളി തുടങ്ങി അത്യുല്‍പ്പാദനശേഷിയുള്ള 26 ഇനങ്ങളും വികസിപ്പിച്ചെടുത്ത് മാതൃകയായ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രമാണ് വേണ്ടത്ര ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഗവേഷണവും വിത്തുല്പാദനും നടത്താനാവാതെ പ്രതിസന്ധിയിലായത്. ശാസ്ത്രജ്ഞര്‍ഉള്‍പ്പടെ 102 സ്റ്റാഫുകള്‍വേണ്ടിടത്ത് 59 പേരും 96 ഫീല്‍ഡ് തല ജീവനക്കാര്‍വേണ്ടിടത്ത് 25 പേരും മാത്രമാണ് നിലവിലുള്ളത്. ഫീല്‍ഡ് തല ജീവനക്കാരുടെ വന്‍തോതിലുള്ള കുറവ് മൂലം 49 ഏക്കര്‍സ്ഥലത്ത് ചെയ്യേണ്ട കൃഷി ഇത്തവണ 22 ഏക്കറായി ചുരുങ്ങി.

2010ലാണ് ഏറ്റവും ഒടുവിലായി പുതിയ നെല്ലിനം ഇവിടെ വികസിപ്പിച്ചെടുത്തത്. തുടര്‍ന്ന് നടന്ന ഗവേഷണത്തിലൂടെ അത്യുല്‍പ്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുള്ള മൂന്നു ഇനങ്ങള്‍ വികസിപ്പിക്കുന്നത് അവസാനഘട്ടത്തിലെത്തിയെങ്കിലും ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് ആളില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ രീതി തുടര്‍ന്നാല്‍ പ്രവര്‍ത്തനമികവില്ലാത്തതിന്റെ പേരില്‍ ഇന്ത്യന്‍കാര്‍ഷിക ഗവേഷക കൗണ്‍സില്‍ അനുവദിച്ചിട്ടുള്ള പദ്ധതികളും ധനസഹായവും ഇല്ലാതാകുമെന്ന ആശങ്കയും ഉയരുന്നു.

DONT MISS
Top