കോഴിക്കോട് മേയറുടെ ചേംബറില്‍ കൗണ്‍സിലറുടെ ആത്മഹത്യാ ശ്രമം

കോഴിക്കോട്: വാര്‍ഡിലെ വികസനപ്രശ്‌നത്തെച്ചൊല്ലി കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറുടെ മുന്നില്‍ കൗണ്‍സിലറുടെ ആത്മഹത്യാശ്രമം. അത്താണിക്കല്‍ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.എസ് സത്യഭാമയാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് രണ്ട് മണിയോടെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. അത്താണിക്കല്‍ വാര്‍ഡിലെ കൌണ്‍സിലര്‍ സി.എസ് സത്യഭാമയാണ് വാര്‍ഡിലെ വികസനപ്രസ്‌നത്തിന്റെ പേരില്‍ ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചത്. ഉച്ച ഭക്ഷണം കഴിഞ്ഞ് മേയര്‍ എ.കെ പ്രേമജം ചേംബറിലേക്ക് കടക്കുമ്പോഴായിരുന്നു സംഭവം.

ഉടന്‍ കൗണ്‍സിലറെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തന്റെ വാര്‍ഡിന്റെ വികസനം അട്ടിമറിക്കാന്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ഭരണപക്ഷം ശ്രമിക്കുകയാണെന്നും ഓംബുഡ്‌സ്മാന്‍വിധി നടപ്പാക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും സത്യഭാമ ആരോപിച്ചു. കോര്‍പ്പറേഷന്‍ മേയറോട് ഇക്കാര്യം നിരവധി തവണ പറഞ്ഞെങ്കിലും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സത്യഭാമ വ്യക്തമാക്കി.

അതേസമയം, സംഭവം മുന്‍കൂട്ടിത്തയ്യാറാക്കിയ നാടകമാണെന്നും താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെയാണ് കൗണ്‍സിലര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും മേയര്‍ എകെ പ്രേമജം പറഞ്ഞു.

സംഭവത്തിന്റെ മുഴുവന്‍ഉത്തരവാദിത്തവും മേയര്‍ക്കാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top