സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റെ അത്‌ലറ്റിക് കരിയര്‍ ആശങ്കയില്‍

ഇന്ത്യയുടെ ഭാവി പ്രതീക്ഷയെന്ന് വിലയിരുത്തപ്പെട്ടിരുന്ന സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റെ അത്‌ലറ്റിക് കരിയര്‍ ആശങ്കയില്‍. ശരീരത്തില്‍ ആന്‍ഡ്രജന്‍ ഹോര്‍മോണുകളുടെ അളവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദിനെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഒഴിവാക്കിയത്. പ്രധാനപ്പെട്ട മീറ്റുകളില്‍ ദ്യുതി ചന്ദിന് ഇനി പങ്കെടുക്കണമെങ്കില്‍ ആന്‍ഡ്രജന്റെ ആളവ് നിശ്ചിത അളവിലേക്ക് കുറക്കണം.

അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ഒഡീഷയില്‍ നിന്നുള്ള ദ്യുതിയുടെ ശരീരത്തില്‍ ആന്‍ഡജന്‍ ഹോര്‍മോണുകളുടെ അളവ് കൂടുതലാണെന്ന് തെളിഞ്ഞത്. ആന്‍ഡ്രജന്‍ അളവ് നിശ്ചിത അളവിലും കൂടുതലായതിനാല്‍ വനിതകളുടെ മത്സര ഇനത്തില്‍ ദ്യുതി ചന്ദിനെ പങ്കെടുപ്പിക്കാന്‍ ആവില്ലെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനം. ചികിത്സയിലൂടെ ആന്‍ഡ്രജന്റെ അളവ് കുറച്ചുവെന്ന് പരിശോധനയിലൂടെ തെളിയിച്ചാല്‍ മാത്രമെ ദ്യുതി ചന്ദിനെ ഇനിയുള്ള മീറ്റുകളില്‍ പങ്കെടുപ്പിക്കൂ. ലിംഗ നിര്‍ണയ പരിശോധന നിരോധിച്ചിട്ടുള്ളതിനാല്‍ ആന്‍ഡ്രജന്റെ അളവ് മാനദണ്ഡമാക്കിയാണ് വനിതാ അത്‌ലറ്റുകളെ മത്സരിക്കാന്‍ അനുവദിക്കുന്നത്.

ചികിത്സയിലൂടെ ആന്‍ഡ്രജന്‍ ഹോര്‍മോണിന്റെ അളവ് കുറക്കാന്‍ ആവുമെങ്കിലും ശാരീരിക ഘടനയിലും കായികക്ഷമതയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. അങ്ങനെയെങ്കില്‍ ഏഷ്യന്‍ ജൂനിയര്‍ ചാംപ്യനായ ദ്യുതിക്ക് മികവ് തുടരാനാവുമെന്ന് കരുതാനാവില്ല. ഇതിനിടെ പരിശോധനകളില്ലാതെ ഇത്രയും നാള്‍ ദ്യുതി മത്സരിച്ചതെങ്ങനെ എന്ന ചോദ്യവും ഉയരുന്നുണ്ട്. ദ്യുതിയുടെ ഹോര്‍മോണ്‍ വ്യതിയാനത്തെ പറ്റി അറിയാമായിരുന്നിട്ടും അത്‌ലറ്റിക് ഫെഡറേഷന്‍ അത് മറച്ചു വെക്കുകയായിരുന്നു എന്നാണ് ആരോപണം.

DONT MISS
Top