മര്‍ക്കടഗോളം വിഭാവനം ചെയ്ത സിനിമ

കുരങ്ങിന്റെ ചില വകഭേദങ്ങള്‍ വകരണ്ടില്‍ മനുഷ്യനിലേക്കുള്ള പരിണാമത്തിലെ ചില നിമിഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പരിണാമസിദ്ധാന്തം പറയുന്നു. ഒരു വിപരിണാമ പ്രയോഗത്തില്‍ മനുഷ്യന്റെ ജന്മഭാവം കുരങ്ങിന്റേതായി മാറാനും വഴിയൊക്കെയുണ്ട്. ഭൂതത്തിലും ഭാവിയിലും അങ്ങനെ മനുഷ്യന്‍ മുതുകുരങ്ങായി ചമയുന്നുവെന്നു ഭാവിക്കാം. അതായത്, മുതുകുരങ്ങുകളുടെ രണ്ടു ചരിത്രപരവംശാവലികള്‍ക്കി ടയിലെ ഇടവേളയാണ് മനുഷ്യത്വം എന്നത്. ഇതു മനസ്സിലാക്കുന്നതു കൊണ്ടാകാം കമല്‍ഹാസന്‍ എന്ന അതുല്യനടന്‍, നല്ല മനുഷ്യന്‍ ആഗോള സൈബര്‍ മേല്‍ വിലാസത്തില്‍ തന്നെത്തന്നെ മുതുകുരങ്ങന്‍ എന്ന് അടയാളപ്പെടുത്തുന്നത്. അങ്ങനെ കരുതാനാകും വിധമാണ് അദ്ദേഹത്തിന്റെ വിശ്വവിലാസരൂപം സൂപ്പര്‍ എയ്പ് എന്ന് രേഖപ്പെട്ടിരിക്കുന്നത്.

ഏതായാലും കുരങ്ങന്മാരുടെ ഗ്രഹം തന്നെ, മര്‍ക്കടഗോളം തന്നെ വിഭാവനം ചെയ്യുകയാണ് സംവിധായകനായ മാറ്റ് റീവ്‌സ് തന്റെ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചലച്ചിത്ര പരമ്പരയായ പ്ലാനെറ്റ് ഓഫ് ദ എയ്പ്‌സിലൂടെ. ഈ പരമ്പരയിലെ പുതുചിത്രമാണ് ഡോണ്‍.

മര്‍ക്കടസ്യ സുരാപാനത്തിന്റെ ഉദയരാശിയാണ് സിനിമയുടെ പ്രമേയതലം. ശാസ്ത്രഭാവനയ്ക്ക് ഏതു തലത്തിലും നിലത്തിലും ഒരുങ്ങാമെന്നും എത്ര ഭീകരവും ഭ്രാന്തവും ഉന്മാദനിര്‍ഭരവുമായി ഭാവനയ്ക്കും കടിഞ്ഞാടില്ലാതെ പായാനാകുന്ന സാമ്പത്തിക സാഹചര്യം ഹോളിവുഡിലുണ്ട് എന്നതും ഇത്തരം ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജൈവഘടകമത്രേ.

ആന്‍ഡി സെര്‍ക്കിന്‍സും ജേസണ്‍ ക്ലര്‍ക്കും ഗാരി ഓള്‍ഡ് മായനും കെറി റസ്സലുമൊക്കെയാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പടത്തിന്റെ ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂറാണ്. കഥാപാത്രങ്ങളിലും അവതരിപ്പിക്കുന്നവരിലും കുരങ്ങുകളും പെടും . ഇവിടെ വിവേചനമില്ല.

[jwplayer mediaid=”114972″]

ഒരു വൈറല്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് , അല്ലെങ്കില്‍ തിരിച്ചുപറയാം, ഒരു ഭീകര വൈറല്‍ ആക്രമണത്തെത്തുടര്‍ന്ന് , അതിന്റെ ഫലമായി തുടച്ചുനീക്കപ്പെട്ട മാനവകുലത്തിന്റെ മേല്‍ അതിജീവിക്കാന്‍ കഴിഞ്ഞ കുരങ്ങുകളുടൈ ഭൂഗോളമാണ് കഥയിലെ വിശാലമായ സ്ഥലരാശി. സമാധാനമായി ജീവിക്കുകയാണ് ആ കുരങ്ങുകള്‍. അവയ്ക്കു ഭീഷണിയായി ഏതാനും മനുഷ്യരുടെ സംഘം എത്തുന്നു എവിടെ നിന്നോ, വീണ്ടും സംഘര്‍ഷത്തിന്റെയും യുദ്ധത്തിന്റെയും അതിജീവന സൂത്രവാക്യങ്ങളുടെയും ആരവവുമായി.2011-ല്‍ പുറത്തുവന്ന റൈസ് ഓഫ് ദി പ്ലാനെറ്റ് ഓഫ് ദ എയ്പ്‌സ് എന്ന സിനിമയുടെ സീക്വലാണിത്. അന്നത്തെ ആ സിനിമയില്‍ ഫ്രീദാ പിന്റോയും അഭിനയിച്ചിരുന്നു.

ആശയപരമായ ഒരു മിന്നലാണ് സിനിമയുടെ പ്രാണന്‍. തോക്കേന്തിയ മനുഷ്യരാണ് വിപത്തിന്റെ അടയാളമാകുന്നത്. സമാധാന കാംക്ഷികളാകാന്‍ കുരങ്ങുകള്‍ക്ക് കഴിയുന്നത് ഒരുപക്ഷേ തോക്കില്ലാത്തതുകൊണ്ടാകാം. വൈദ്യുതി അന്വേഷിച്ചാണ് വീണ്ടും മനുഷ്യന്‍ കാട്ടിലെത്തുന്നത്. ആയുധപ്രാപ്തിയും വികസനമോഹവും ധൂര്‍ത്തിനോടുള്ള ത്വരയുമാണ് മനുഷ്യനെ അവനവനു തന്നെയും ഇതരജീവജാലങ്ങള്‍ക്കും ശത്രുവാക്കുന്നതെന്ന് സിനിമ പറയുന്നു.

കലയുടെ ഒന്നാം ലക്ഷ്യം കച്ചവടമെങ്കിലും രണ്ടാം ലക്ഷ്യം മനുഷ്യനെ നന്മയിലുള്ള വിശ്വാസത്തിലേക്കു തിരികെയെത്തിക്കുക എന്ന സാമൂഹികധര്‍മ്മത്രേ. ആ അര്‍ത്ഥത്തില്‍ ഈ സിനിമയെ ഒരു ഹോളിവുഡ് ബൈബിള്‍ കഷണമെന്നു വിളിക്കാം. തീര്‍ച്ചയായും അത്ര മോശമല്ലാത്ത അര്‍ത്ഥത്തില്‍ തന്നെ. ഉയര്‍ന്ന സാങ്കേതിക മേന്മ വിളിച്ചോതുന്ന ത്രിമാനഭാവം, മേല്‍ത്തരം ഗ്രാഫിക്‌സ്, സ്‌പെഷല്‍ ഇഫക്ടുകളുടെ ഉചിതവും ധന്യവുമായി ലയം എന്നിവയെ എ ക്ലാസ് എന്നു തന്നെ പറയാം. അതേസമയം സാങ്കേതിക വിലാസംകൊണ്ട് വൈകാരിക സംഘര്‍ഷത്തിന് ഊനംതട്ടുന്നില്ല താനും.

കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നതില്‍ കാണുന്ന സൂക്ഷ്മതയും ശ്രദ്ധയും വിശദാംശങ്ങളും അഭിനന്ദനീയം. കഥാപാത്രങ്ങളുടെ വൈകാരികത കാണികളെയും ഭരിക്കും. കല എന്ന സാമൂഹികോപാധിയുടെ പുരാതനമായ അതേ കഥാഗതി തന്നെയാണ് പുതിയതെന്നു തോന്നുന്ന രീതിയില്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലല്ല, പുതിയ സിക്‌സ്പ് പാക്ക് വര്‍ണ്ണക്കവറില്‍ എന്നു പറയാം. പ്രവചനാത്മക, സീക്വല്‍ ആക്കാനുള്ള ഏച്ചുകെട്ടല്‍, ആവര്‍ത്തിക്കുന്ന പ്രമേയസന്ദര്‍ഭങ്ങള്‍ എന്നിവയും സിനിമയുടെ പിന്നാക്കം ചുവടുകളാണ്. ഇത്തരം സിനിമകള്‍ വീണ്ടും വീണ്ടും വരുമ്പോള്‍ കാണികളില്‍ ചിലര്‍ക്കെങ്കിലും മടുപ്പുണ്ടാകുകയെന്നതും സ്വാഭാവികം.

കുരങ്ങന്റെ കഥ പോലും കഥയും കാമ്പും കരളും കാര്യവും കാരണവുമുള്ള ഒരു സിനിമയാക്കാമെന്ന് ഹോളിവുഡ് നമുക്കു കാണിച്ചു തരികയാണ് ഈ മര്‍ക്കട ഗ്രഹോദയത്തിലൂടെ. പത്തില്‍ ഏഴുമാര്‍ക്ക് നല്‍കാം ഈ ഉദയകിരണത്തിന്.

[jwplayer mediaid=”114971″]

DONT MISS
Top