കോട്ട കെട്ടി കൊറിയ വരുന്നു, ബ്രസീല്‍ പിടിക്കാന്‍

south_korea_football_team_predictions_for_fifa_world_cup_2014

ണ്ടായിരത്തിരണ്ടിലെ ചരിത്രം ആവര്‍ത്തിക്കാനുറച്ചാണ് ദക്ഷിണ കൊറിയ ബ്രസീലിലേക്ക് വണ്ടി കയറുന്നത്. കൊറിയയിലും ജപ്പാനിലുമായി നടന്ന രണ്ടായിരത്തി രണ്ട് ലോകകപ്പില്‍ ഗസ് ഹിഡിംഗിന്റെ ദക്ഷിണ കൊറിയ സെമിയിലെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. അന്ന് ടീമിനെ നയിച്ച ഹോങ് മുങ് ബോ പരിശീലകന്റെ കുപ്പായത്തിലെത്തുമ്പോള്‍ ബ്രസീലിലും ടീമില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് റെഡ് ഡെവിള്‍സ് എന്ന് വിളിക്കുന്ന കൊറിയന്‍ ആരാധകര്‍.

ആഴ്‌സണലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ പാര്‍ക് ചൂ യൂങ് ഉള്‍പെടെയുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ കൊറിയന്‍ ടീമിന്റെ ചിത്രം തെളിഞ്ഞു. യുവാക്കള്‍ക്ക് പ്രാമുഖ്യമുള്ള ടീമിനെയാണ് കോച്ച് ഹോങ് മുങ് ബോ പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലെ അല്‍ ഹിലാല്‍ ക്ലബ്ബില്‍ കളിക്കുന്ന ക്വാക് തായെ ഹി ആണ് ടീമിലെ മുപ്പത് വയസ് പിന്നിട്ട ഏക താരം. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന നിരവധി താരങ്ങളുടെ മത്സര പരിചയം ടീമിന് ഗുണകരമാവും.

1954ല്‍ ആദ്യ ലോകകപ്പിനിറങ്ങിയ ടീമില്‍ നിന്ന് കാലം കൊറിയയെ ഏറെ മാറ്റിയിരിക്കുന്നു. 8 ലോകകപ്പുകളുടെ അനുഭവ സമ്പത്തുണ്ട് അവര്‍ക്കിന്ന്. ലോക റാങ്കില്‍ അന്‍പത്തി അഞ്ചാം സ്ഥാനത്തേക്ക് വീണതും അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിലെ പരാജയങ്ങളുമൊന്നും ലോകകപ്പിലെ പ്രകടനത്തെ ബാധിക്കില്ല എന്ന ആത്മ വിശ്വാസത്തിലാണ് ടീം.

രണ്ടായിരത്തി രണ്ടില്‍ ടീമിനെ നാലാം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പാര്‍ക് ജി സുങും, ആന്‍ ജുങ് ഹ്വാനും, ഗോള്‍കീപ്പര്‍ ലീ വുണ്‍ ജെയുമൊന്നും ഇന്ന് ടീമിനൊപ്പമില്ല. എന്നാല്‍ അവരുടെ സ്ഥാനത്ത് പാര്‍ക് ചൂ യൂങും പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കീ സുങ് യൂങും, കിം ബോ ക്വോങുമെല്ലാം എല്ലാം തികഞ്ഞവര്‍ തന്നെ.

ചുവന്ന ജേഴ്‌സിയുമായി സ്‌റ്റേഡിയം നിറയുന്ന ആരാധകരുടെ ദേഹ മിന്‍ ഗൂക്ക് വിളികള്‍ക്കിടയില്‍ ബൂട്ട് കെട്ടുമ്പോള്‍ പോരാട്ട വീര്യം നിറയുന്ന യഥാര്‍ത്ഥ കൊറിയന്‍ ടീമായി മാറാതിരിക്കാനാവില്ല ഹോങ് മുങ് ബോയുടെ സംഘത്തിന്.

DONT MISS
Top