ഡീസലാകാന്‍ നാനോയില്ല

NANOനാനോയുടെ ഡീസല്‍ മോഡല്‍ പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്ന് ടാറ്റാ പിന്‍മാറിയതായി റിപ്പോര്‍ട്ട്. നാനോയുടെ വില്‍പന കുത്തനെ കുറഞ്ഞതും ഡീസലിന്റെ വില വര്‍ധിക്കുന്നതുമാണ് കാരണം.

ഒരു ലക്ഷം രൂപയ്ക്ക് കാര്‍ എന്ന് രത്തന്‍ ടാറ്റാ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ നാനോയുടെ ഡീസല്‍ മോഡല്‍ ഇറങ്ങും എന്ന് പ്രചാരണം ഉണ്ടായിരുന്നു. നാനോയ്ക്ക് ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്നതിന് ടാറ്റാ നടപടി തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ നാനോയ്ക്ക് ഉദ്ദേശിച്ചതു പോലെ വില്‍പന ഉണ്ടാകാതെ വന്നതോടെയാണ് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം മുന്‍ വര്‍ഷത്തേക്കാള്‍ 65 ശതമാനമാണ് വില്‍ പനയില്‍ കുറവ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ വിറ്റത് 21,129 കാര്‍ മാത്രമാണ്. വിപണിയില്‍ ഇറക്കിയ ശേഷം ആകെ വിറ്റത് 2.5 ലക്ഷം കാറുകള്‍ മാത്രമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഡീസലിന്റെ വിലയില്‍ 35 ശതമാനം വര്‍ധനയുണ്ടായി. പെട്രോളിന് ഉണ്ടായ വില വര്‍ധന എട്ടു ശതമാനം മാത്രമാണ്. ബിഎസ് ഫോര്‍ എമിഷന്‍ നിലവാരത്തില്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മിച്ചാല്‍ കാറിന് കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും വില ഇടേണ്ടി വരും. സമാനമായ മറ്റു കാറുകളോട് മല്‍സരിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതാകും. നിലവില്‍ 624 സിസി എന്‍ജിനാണ് നാനോയ്ക്ക് ഉള്ളത്. 800 സിസി എങ്കിലും ഉള്ള എന്‍ജിന്‍ മാത്രമേ ഡീസലായി മാറ്റാന്‍ കഴിയൂ എന്നും ടാറ്റാ നടത്തിയ പരിശോധനകളില്‍ വ്യക്തമായി. ഇത്തരം പ്രതിസന്ധികള്‍ മൂലമാണ് നാനോയുടെ ഡീസല്‍ പുറത്തിറക്കേണ്ടതില്ല എന്ന് ടാറ്റ തീരുമാനിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top