പാറമടകള്‍ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് ഭീഷണിയാകുന്നു

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ കാലക്കാട് മുണ്ടന്‍തുറൈ കടുവ സംരക്ഷണ കേന്ദ്രത്തിലേയും അഗസ്ത്യമല ബയോളജിക്കല്‍ പാര്‍ക്കിലേയും ജീവജാലങ്ങള്‍ക്കാണ് പാറമടകളുടെ പ്രവര്‍ത്തനം ഭീഷണിയാകുന്നത്. സമീപത്തെ 12 പാറമടകളുടെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയാണെന്നാണ് ആരോപണം.

പാറമടകളില്‍ തുടര്‍ച്ചയായി പാറകള്‍ പൊട്ടിക്കുന്നതും മറ്റും പ്രദേശത്തെ സൈ്വര്യ ജീവിതത്തിന് തടസമാവുകയാണ്. ഗവണ്‍മെന്റിന്റെ നിയമം മൂലം ക്വാറികളുടെ പ്രവര്‍ത്തനം റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏകദേശം പന്ത്രണ്ടോളം ക്വാറികള്‍ ഈ പ്രദേശത്തുണ്ട്. ശിവന്തിപുരം, അംബാസമുദ്രം, പൊറ്റാല്‍, പൂമ്പുടയാര്‍ക്കുളം എന്നിവിടങ്ങളില്‍ ധാരാളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പലതും വന്യജീവി സങ്കേതത്തിനു തൊട്ടടുത്താണ്. അടുത്തുള്ള വീടുകള്‍ക്കും ക്വാറികളുടെ പ്രവര്‍ത്തനം മൂലം നാശനഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്.

സുപ്രീംകോടതി ഉത്തരവിനു വിരുദ്ധമായാണ് ഇവിടെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പാറമടകള്‍ പാടില്ലെന്ന നിയമവും ഇവിടെ പാലിക്കപ്പെടുന്നില്ല. നാട്ടുകാര്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെങ്കിലും കേസ് ഹരിത ട്രിബ്യൂണലിനു കീഴില്‍ തീര്‍പ്പാകാതെ കിടക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top