കൂട്ടംതെറ്റിയ ആനക്കുട്ടിക്ക് വനംവകുപ്പിന്റെ അഭയം

തമിഴ്‌നാട്ടില്‍ നിന്നും കൂട്ടം തെറ്റിയെത്തിയ കാട്ടാനക്കുട്ടിക്ക് വനംവകുപ്പ് അഭയം നല്‍കി. അട്ടപ്പാടി പലകയൂരില്‍ എത്തിയ കാട്ടാനക്കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടുപോയ നാലുമാസം പ്രായമുള്ള കാട്ടാനക്കുട്ടിയെയാണ് വനംവകുപ്പ് കോട്ടൂരുള്ള ആനപുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.

തമിഴ്‌നാട് വനത്തില്‍ നിന്നും തീറ്റതേടി അട്ടപ്പാടിയിലെ പലകയൂരിലെത്തിയ കാട്ടാനക്കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടതാണ് നാലുമാസം പ്രായമുള്ള പിടിയാനക്കുട്ടി. രണ്ടുദിവസം ഊരിലും കറങ്ങി നടന്ന ആനക്കുട്ടിയെ തമിഴ്‌നാട് വനത്തിലേക്ക് തന്നെ കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാട്ടാനകൂട്ടം കുട്ടിയാനയെ ഒപ്പം കൂട്ടാന്‍ തയ്യാറാകാത്തതാണ് കാരണം.

തുടര്‍ന്ന് കുട്ടിയാനയെ ഏറ്റെടുത്ത വനപാലകര്‍ ഇതിന് കരിക്കിന്‍വെള്ളവും പാലുമെല്ലാം നല്‍കി പരിചരിച്ചു. അപ്പോഴേക്കും ഈ തമിഴ്‌സുന്ദരി എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറിയിരുന്നു. പിന്നീട് കുട്ടിയാനയെ പരിചരണത്തിനായി തിരുവനന്തപുരം കോട്ടൂരിലെ ആനപുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു.

ഇതിനായി കോന്നിയിലെ വെറ്ററിനറി ഓഫീസര്‍ ഡോ.ശശീന്ദ്രദേവിന്റെ നേതൃത്വത്തില്‍ ആനയെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്ന് ഉറപ്പുവരുത്തി. ഗ്ലൂക്കോസും ഇളനീരും പാലും എല്ലാം നല്‍കി നല്ലൊരു യാത്രയയപ്പും നല്‍കി കോട്ടൂരിലേക്ക് പറഞ്ഞയച്ചു.

DONT MISS
Top