മലിനീകരണം: ഫൂഹെ പുഴയില്‍ ചത്തൊടുങ്ങിയത് ഒരു ലക്ഷംകിലോ മത്സ്യം

f1ചൈനയിലെ ഫൂഹെ നദിയില്‍ മലിനീകരണത്തെ തുടര്‍ന്ന് ഒരു ലക്ഷം കിലോയിലേറെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. പ്രദേശത്തെ വ്യവസായശാലയില്‍ നിന്നും ചോര്‍ന്ന അമോണിയയാണ് നദിയിലെ ജീവജാലങ്ങളുടെ ജീവനെടുത്തത്. നാല്‍പ്പത് കിലോമീറ്ററോളം നീളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയെന്ന് ചൈനീസ് ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.

അമോണിയം ചോര്‍ച്ചയെ തുടര്‍ന്ന് വെള്ളത്തില്‍ അമോണിയത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതാണ് മത്സ്യങ്ങളുടെയും നദിയിലെ മറ്റ് ജീവജാലങ്ങളുടേയും കൂട്ടക്കുരുതിക്ക് കാരണമായത്. ആരോപണ വിധേയമായ കമ്പനി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പ്രദേശത്തെ 1600ലേറെ ജനങ്ങള്‍ മത്സ്യബന്ധനം തൊഴിലാക്കി ജീവിക്കുന്നവരാണ് ഇവരുടെ ദൈനം ദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് ഈ ദുരന്തം. 150 മത്സ്യബോട്ടുകളും ഈ പ്രദേശത്തുണ്ട്. മത്സ്യ തൊഴിലാളികള്‍ക്ക് പ്രതിദിനം 6.6ലക്ഷം രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

f2

നദിയില്‍ ചത്തുപൊന്തിയ മത്സ്യം മഞ്ഞു കണക്കെ പൊങ്ങിക്കിടക്കുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. പകര്‍ച്ച വ്യാധികള്‍ അടക്കമുള്ള കൂടുതല്‍ പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ ചത്ത മത്സ്യങ്ങളെ ശേഖരിച്ച് സംസ്‌ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് നടക്കുന്നത്.

ചത്ത മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്. അതേസമയം നദിയിലെ വെള്ളം കുടിക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്! പരിസ്ഥിതിയെ വകവെക്കാതെ കണ്ണുംപൂട്ടിയുള്ള ചൈനയുടെ വികസനമാതൃകക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

DONT MISS
Top